കൈപ്പുണ്യത്തിന്റെ കൈപ്പുസ്തകം - 1 | പി.ബി.ഹരികുമാര്‍

മാനസിക രോഗത്തിന് മാത്രമായുള്ള ചികിത്സ കേന്ദ്രം. തിരക്കുകളില്‍ നിന്നും അധികം അകലെ അല്ലാത്ത വലിയ കെട്ടിടത്തിന്റെ ആറാം  നിലയിലാണ്  മാധവന്റെ മുറി. ആറാം നിലയിലെ പടിഞ്ഞാറ്  ഭാഗത്തെ മുറികളില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന അല്പം ചാഞ്ഞു വളര്‍ന്ന ഒരു നിര  തെങ്ങുകളുടെ മുകള്‍തലപ്പ് വലിയ പച്ച നിറമുള്ള കുടകള്‍ നിരത്തി വെച്ചമാതിരി  ആണ് നില്‍ക്കുന്നത് . ഈ കുടകളുടെ ദൃശ്യഭംഗി ആണ് ആ നിലയുടെ ആകര്‍ഷകത്വവും. ദോഷം പറയരുത് ഇത്തരം ഒരു ആകര്‍ഷണീയതയും മറ്റും 6ബി   മുറിയിലെ  താമസക്കാരനായ മാധവന്റെ പരിഗണനാവിഷയം അല്ല.

അയാളുടെ പ്രശ്നം ദൂരെ പ്രവര്‍ത്തിക്കുന്ന മണ്ണ്മാന്തി യന്ത്രത്തിന്റെ ശബ്ദം ആണ്. ചിലപ്പോള്‍ നേര്‍ത്ത മുഴക്കമാണെങ്കിലും അത് തന്റെ നേര്‍ക്കു കടന്നു വരുന്നു. അപ്പോഴേക്കും രൗദ്രസ്വരങ്ങള്‍ പൂകി കര്‍ണപുടങ്ങളെ  തകര്‍ക്കുന്നപോലെയാകുമത്. പലപ്പോഴും അദൃശ്യനായ ഒരു രാക്ഷസനെയാണ് മാധവന്‍ തന്റെ എതിരാളിയായി  കല്പിച്ചു കൂട്ടുന്നത്.

ഗുളികയുമായി വരുന്ന നഴ്സുമാരെ ഈ രക്ഷസന്  ഭയമാണ.് ഗുളിക കഴിച്ചാല്‍ കുറച്ചുസമയം ഇവന്‍ ഏതെങ്കിലും മാളത്തിലൊളിക്കും, പിന്നെ ഒരാശ്വാസം ആണ്. 

'കുറച്ചു ചായ  എടുക്കട്ടെ'  ഒന്നു സ്വസ്ഥം ആയി എന്നു കരുതുന്ന നിമിഷം സഹായി രാജേന്ദ്രന്‍ എത്തും. ശല്യം എന്നല്ല, വാങ്ങുന്ന പണത്തിന് കുറ്റബോധം തോന്നുമ്പോള്‍ അവന്‍ പുറത്തെടുക്കുന്ന ആയുധം ആണ് ഈ കുശാലാന്വഷണം. ഇത് കേള്‍ക്കുന്നത് അയാള്‍ക്ക് ഒരു രസം ആണ്.    

ചിലനേരങ്ങളില്‍ തന്നില്‍ വ്യാപരിക്കുന്ന തോന്നലുകള്‍. 

ഹോട്ടല്‍ ശൃംഖലകളും, കാറ്ററിങ് ബിസിനസ്സും തകര്‍ന്നു വീണത് കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. തകര്‍ന്നു വീണു എന്ന വിശേഷണമല്ല യോജിക്കുന്നത്. വഴിയില്‍ ഒരു സഹായവും വേണ്ടാ എന്നുറപ്പിച്ച; നല്ല സാങ്കേതിക തികവുള്ള വാഹനത്തിന്റെ മുന്‍പിലെ ചില്ലില്‍ പതിക്കുന്ന വലുതും ചെറുതുമായ കല്ലുകള്‍ ഉണ്ടാക്കുന്ന ആലോസരങ്ങള്‍ ആയിരുന്നു ആദ്യം സംഭവിച്ചത്. ഏതോ അജ്ഞാതന്‍ കൃത്യമായ അകലത്തില്‍ വ്യക്തമായ ഉന്നത്തൊടെ എറിയുന്നു. ചെറുതും വലുതും ആയി  മുന്‍പിലെ ചില്ലില്‍ ഉണ്ടാകുന്ന ചിലന്തിവലകള്‍ ദൃശ്യപഥത്തിനു വിഘാതം ഉണ്ടാക്കുകയാണ്. പൊട്ടലുകളുടെ എണ്ണവും വലുപ്പവും കൂടുമ്പോള്‍ ഒട്ടും ഗോചരമല്ലാത്ത അവസ്ഥയില്‍ വാഹനം വേഗം കുറഞ്ഞു നില്‍ക്കുന്നു.അല്ലെങ്കില്‍ നിര്‍ത്തേണ്ടി വരുന്നു.

ഭക്ഷ്യ സുരക്ഷയുടെ ആള്‍ക്കാര്‍, റവന്യൂ ഇന്റലിജന്‍സ് തുടങ്ങി ഭൂമിമലയാളത്തില്‍ ഉള്ള മുഴുവന്‍ അധികാരികളും മുറ്റത്ത് നിരന്നു. പ്രതിസന്ധി ഒരു ഇരമ്പമായി കാതില്‍ വന്നു നിറയുകയാണ്. ചുറ്റും നിറയുന്ന ഇരുട്ടില്‍ അയാള്‍ ഓടി; പിന്നെ കിതച്ചു നിന്നു. വിവശതയുടെ ലക്ഷ്യമില്ലാത്ത ശൂന്യമായ നോട്ടങ്ങളുമായി അയാള്‍ അലഞ്ഞു. എന്തോ ഓര്‍ത്തപോലെ പിറുപിറുത്തുകൊണ്ട്  ലക്ഷ്യമില്ലാതെ വലിയവീടിന്റെ പൂമുഖത്തും മുറിയിലും അയാള്‍ എന്തോ തേടാന്‍ തുടങ്ങി. വാരിയെറിയുന്ന വസ്ത്രങ്ങളും കടലാസ് ശകലങ്ങളും വിസ്ഫോടനത്തിന്റെ പ്രഹരശേഷിപോലെ ചിതറിത്തെറിച്ചു പിന്നെയത് അന്തരീക്ഷത്തില്‍ പറന്നു നടന്നു.

ചിത്തഭ്രമത്തിന്റെ അടുത്ത തലത്തിലേക്കുള്ള യാത്ര ആ 'പരതലില്‍' തുടങ്ങുകയായിരുന്നു.    

'അച്ഛാ എന്നോട് പറയു'..... 
'മാധവാ താനെന്താ ഈ നോക്കണേ'...
'മാധവേട്ടാ എന്നോട് പറയൂ... എന്താ നോക്കുന്നത്?'
പല അന്വേഷണങ്ങള്‍. എല്ലാവരുടെയും ചോദ്യങ്ങളെ അയാള്‍ അവഗണിച്ചു, ചിലപ്പോള്‍ നിരാശനായി, മറ്റുചിലപ്പോള്‍ ക്രുദ്ധനായി...പക്ഷെ ഉത്തരമില്ലായിരുന്നു പകരം ചില പിറുപിറുക്കല്‍ മാത്രം. 

നന്ദനയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 
അമ്മയുടെ മരണശേഷം അവള്‍ കരഞ്ഞതായി അവള്‍ക്കുപോലും ഓര്‍മയില്ല.
അരവിന്ദുമായുള്ള വിവാഹമോചനവും, കേസിന്റെ സംഘര്‍ഷവും പിന്നിട്ട വഴികളില്‍ ഒരു സമ്മര്‍ദ്ദവും തന്നിലേക്ക് വരാതെ ഒരു കവചമായി അച്ഛനുണ്ടായിരുന്നു.

ചിലപ്പോള്‍ താന്‍ തിരയുന്നത് എന്താണന്നു ഓര്‍ത്തുനോക്കുന്നപോലെ നില്കും.
തല കുടഞ്ഞു ദയനീയമായി അവളെ നോക്കും, നിനക്കറിയില്ലെ എന്ന ഭാവത്തില്‍ അസ്വസ്ഥനാകും?  
കൂടെ പഠിച്ച ചിലരോടുള്ള അന്വഷണങ്ങളിലാണ് അവള്‍ നഗരത്തിലെ ആശുപത്രിയെപ്പറ്റി അറിഞ്ഞത്. വൈകാതെ അച്ഛനെ മനോരോഗ ചികിത്സയിലേക്കു നിയോഗിക്കാനുള്ള വലിയ  തീരുമാനം അവള്‍ എടുക്കുകയായിരുന്നു.

തെങ്ങുകളുടെ തലപ്പുകളിലേക്കു ഇരുട്ട് ഒരു കൂറ്റന്‍ പക്ഷിയെപ്പോലെ പറന്നിറങ്ങി. ആശുപത്രിമൈതാനത്തെ മുഴുവന്‍ വിളക്കുകളും കത്തിനിന്നു.
രാജേന്ദ്രന്‍ ഒഴിച്ചുകൊടുത്ത ചൂട് കഞ്ഞിയും കടുകുവറത്തിട്ട മോരുകറിയും രണ്ടു കവിള്‍ കുടിച്ചിട്ട് മാധവന്‍ കിടക്കയിലേക്ക് മടങ്ങി. 
      
മുറിയിലെ പ്രധാന ലൈറ്റ് അണച്ചു. മുറിയിലെ മങ്ങിയ വെട്ടത്തില്‍ നിഴല്‍ നാടകം പോലെ ഭിത്തിയില്‍ തെങ്ങിന്‍ തലപ്പുകള്‍ ഇരുണ്ടപ്രതിഫലനങ്ങള്‍ ആയി ചലിക്കുന്നത് അയാള്‍ കണ്ടു കിടന്നു.
ടേബിള്‍ ലാമ്പിന്റെ പ്രകാശവൃത്തത്തില്‍ രാജേന്ദ്രന്‍ എന്തോ വായിച്ചിരിക്കുന്നത് അയാള്‍ കണ്ടു. രാജേന്ദ്രനെ നിയോഗിച്ചത് നഗരത്തിലെ ഒരു ഏജന്‍സി ആയിരുന്നു. നന്ദനയുടെ തിരക്കിന് അത് അനിവാര്യം ആയിരുന്നു.  മിക്കപ്പോഴും അയാള്‍ വല്ലതും വായിച്ചിരിക്കുന്നതാണ് കാണുന്നത്.

കിടന്നുകൊണ്ട് അയാള്‍ റൂമിന്റെ മുഴുവന്‍ കാഴ്ചവട്ടവും അരിച്ചു പെറുക്കി. ചുവരലമാരയും, വലിപ്പുകള്‍ ഉള്ള മേശയും തുണികളും ചില പാത്രങ്ങളും സൂക്ഷിച്ചിരുന്ന പെട്ടികളും മനസ്സിലുറപ്പിച്ചു. ക്രമേണ അയാളില്‍ അതൊക്കെ തിരയാനുള്ള അഭിവാഞ്ജ തലച്ചോറില്‍ ഒരു തിരപ്പെരുക്കം ആയി നിറയുകയായിരുന്നു. അയാളെ സംബന്ധിച്ച് പൊട്ടിച്ചൊഴിച്ച മുട്ടയുടെ വെള്ള ദ്രവത്തിനു മധ്യത്തിലുള്ള  മഞ്ഞക്കരു പോലെ ഒരു അജൈവവസ്തുവിന്റെ സാന്നിധ്യം മാത്രമായി രാജേന്ദ്രന്‍ മാറുകയായിരുന്നു. അയാള്‍ പതിയെ കിടക്ക വിട്ടെഴുന്നേറ്റ് ഭ്രാന്തമായ ആവേശത്തില്‍ അലമാര വലിച്ചുതുറന്നു. കാറ്റിലാടുന്ന നീളന്‍ നിഴല്‍പോലെ തന്നെ സമീപിക്കുന്ന രാജേന്ദ്രന്റെ പ്രതിരോധം വന്യമായ ശക്തിയാല്‍ അയാള്‍ മറികടന്നു.          

'അത് കിട്ടിയാല്‍ മുഴുവന്‍ പ്രശ്നവും തീരും'. അയാള്‍ പിറുപിറുത്തത് രാജേന്ദ്രന്‍ അവ്യക്തമായി കേട്ടു . 

'എന്താ നോക്കുന്നെ?' 
'എന്താ പരതുന്നത്?' 

ഈ അന്വേഷണങ്ങള്‍ക്കൊപ്പം  മരുന്നും  മയക്കവും അണമുറിയാത്ത പ്രവാഹമായി നാഡിവ്യൂഹങ്ങളെ തഴുകി നീങ്ങി മസ്തിഷ്‌കശല്ക്കങ്ങളില്‍ കുടിയേറി തുടങ്ങിയിരുന്നു.   
ഹിപ്നോടൈസ് നടപടികളിലെവിടെയോ ഒരു മറുപടി കൊഴിഞ്ഞുവീണു.
'ആ പുസ്തകം...അതുകിട്ടിയാല്‍ പ്രശ്നങ്ങള്‍ തീരും'
ബോധാബോധങ്ങളിലെപ്പോഴോ അവ്യക്തമായ  മുഖത്തോട് അടുത്ത് വന്ന ആള്‍ സ്വകാര്യമായി ചോദിച്ചപ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു.
'പാചക രഹസ്യങ്ങളാണ് അദ്ദേഹം ഏല്‍പ്പിച്ചതാ'... 
'അത് കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും '
'ആര് ? ആരാണ്?' ഡോക്ടറുടെ ചോദ്യം അയാള്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല.
ഭക്ഷ്യ സുരക്ഷക്കാര് വന്നപ്പോള്‍ മണിക്കൂര്‍ പിന്നിടാത്ത കറികള്‍ക്കു വളിപ്പ് സംഭവിച്ചതും; ചേര്‍ത്ത കറിക്കൂട്ടില്‍ അരുതാത്ത ഘടകങ്ങള്‍ കാണപ്പെട്ടതും അത്ഭുതം ആയിരുന്നു. അടുക്കളയില്‍ തന്റെ സാന്നിധ്യത്തില്‍ ഒരുക്കിയ ഭക്ഷണങ്ങള്‍ പോലും കൈപ്പുണ്യം കൈവിട്ട്  പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിലെ മാജിക് കണ്ടയാള്‍ തളര്‍ന്നിരുന്നു. വെച്ച സ്ഥാനം എവിടാണെന്നു ഉറപ്പില്ലാത്ത അത് കണ്ടെത്തിയെ മതിയാകു. അതിവര്‍ക്കു മനസ്സിലാകില്ല. തനിക്കുറപ്പില്ലാത്ത കാര്യം ആരോടും പറയണ്ടായെന്നും അയാള്‍ ഉറപ്പിച്ചു.    
 
തന്നോട് സംസാരിക്കുന്നത് ഡോക്ടര്‍ ആണോ? കണ്ണ് കൂടുതല്‍ വിടര്‍ത്തി നോക്കിയിട്ടും മാധവന് ഉറപ്പില്ലായിരുന്നു. മയക്കം മൂന്നുനാല് തട്ടുകളുള്ള ചിലന്തി വലകളായി അയാള്‍ക്കുമേല്‍ ഇഴചേര്‍ത്തിരുന്നു. 
ഹിപ്നോടൈസ് ടേബിളില്‍കിടന്ന മാധവന്‍ എന്ന തന്റെ രോഗി പുരാണ കഥയിലെ സമസ്യകള്‍ തേടുന്ന ഏതോ ആചാര്യനെപ്പോലെ  ഡോക്ടര്‍ക്ക് തോന്നി. 

ഡോ. അരുണിന്റെ ക്യാബിനിലേക്കു നന്ദന കടന്നു വന്നത് അല്പം ധൃതിയില്‍ ആയിരുന്നു.
ഹിപ്നോടൈസ് ചെയ്തപ്പോള്‍ തോന്നിയ ചില സംശയദുരീകരണത്തിനായി  മകളോട് ചിലകാര്യങ്ങള്‍ ചോദിച്ചറിയണം എന്ന നിഗമനത്തിലാണ് ഡോക്ടര്‍ അവളെ വിളിപ്പിച്ചത്. 
ഇത്രക്ക് അടിയന്തരമായി വിളിച്ചുവരുത്തിയപ്പോള്‍ നന്ദന ശരിക്കും ഭയന്നിരുന്നു. 

'മനോരോഗ ചികിത്സയില്‍ എമര്‍ജന്‍സിക്ക്  അത്ര വലിയ സ്ഥാനം ഒന്നുമില്ല' നന്ദനയുടെ ആകാംക്ഷ കണ്ട് ഡോക്ടര്‍ പറഞ്ഞു.പലപ്പോഴും ഫലം കാണാത്ത  തമാശകള്‍ പറയുന്ന ഡോക്ടര്‍ തമാശയാണോ പൊതുതത്വം ആണോ പറയുന്നതെന്ന് അവള്‍ക്കു ആശയകുഴപ്പം ഉണ്ടായതിനാല്‍ അവള്‍ പ്രതികരിച്ചില്ല.  
 
ഇതെല്ലാം അവള്‍ പലപ്പൊഴും ഡോക്ടറോട് പറഞ്ഞിട്ടുള്ളതാണ്. മണ്ണ്മാന്തി യന്ത്രം സൃഷ്ടിക്കുന്ന ശബ്ദ പ്രകമ്പനം വേട്ടയാടുന്നതും ചിലപ്പോള്‍  ഒരു പുസ്തകം വളരെ ഗൗരവത്തോടെ പരതുന്നതും ആണ് അച്ഛന്റെ മനോദൗര്‍ബല്യത്തിന്റെ ലക്ഷണമായി പ്രകടമാകാറുള്ളത്. ഇതൊക്കെ പുതുമയുള്ള കാര്യമായി വീണ്ടും ഡോക്ടര്‍ ചോദിച്ചറിഞ്ഞപ്പോള്‍ അവള്‍ക്ക് ക്ഷമ നശിച്ചു.
(തുടരും)
------------------------------
രണ്ടാം ഭാഗം 25.07.2020 ശനി വൈകിട്ട് 4.30ന്‌ പ്രസിദ്ധീകരിക്കും.

Post a Comment

0 Comments