പകലുകളെ നീ പോകരുതേ
പ്രപഞ്ചസാക്ഷിയായ
അര്‍ക്കനേ
നീ മറയരുതേ
കറുത്ത കരിമ്പടം പുതച്ച്
എത്തുന്ന നിശീഥിനി എന്ന
രാക്ഷസിയെ എനിയ്ക്ക് പേടിയാണ്.
തിങ്കള്‍ എന്ന സൈന്യാധിപന്റെ
താരകളായ സൈന്യപടകളും
ഇവിടെ നിഷ്ഫലമാണ്.
മദ്യമെന്ന ലഹരിയുടെ വീര്യത്താല്‍
കാട്ടുന്ന അക്രമമാണ് എവിടെയും
മുലപ്പാല്‍ തന്ന് വളര്‍ത്തിയ പെറ്റമ്മയുടെ ജീവനെടുക്കുന്നു മകന്‍.
ധരണിയില്‍ പിറക്കാന്‍
കാരണഭൂതനായ
പിതാവിന്റെ ജീവനും എടുത്ത്
നിശീഥിനി എന്ന രാക്ഷസിയുടെ അട്ടഹാസം പോല്‍ ചിരിക്കുന്നു.
അവളുടെ കരിമ്പടത്തിന്റെ കറുപ്പ്
അവര്‍ക്ക് മറയാകുന്നു
കുഞ്ഞുങ്ങള്‍ കരയുന്നു
എവിടെയും തേങ്ങലുകള്‍ മാത്രം.
ആദിത്യ നീ എന്തിനാണ് മറയുന്നത്?
ഒരിക്കലും അസ്തമിക്കാത്ത ഒരു സൂര്യതേജസിനെയാണ് പ്രപഞ്ചത്തിനാവശ്യം.
സ്വന്തം പ്രകാശ കിരണങ്ങളാല്‍
പാപങ്ങള്‍ ചെയ്യുന്ന ഇരുട്ടിന്റെ മറകളെ നീക്കട്ടെ.
പ്രകാശം പരക്കട്ടെ
തേങ്ങലുകള്‍ അടങ്ങട്ടെ.
•
0 Comments