ഫ്രഡ്‌റിക് നീഷേ
*******
ദിക്കുകളെക്കുറിച്ചുള്ള ബോധം
നഷ്ടപ്പെട്ട സഞ്ചാരി
ചക്രവാതം പോലെയാണ്.
മേഘങ്ങള്‍ അയാള്‍ക്കുപിന്നില്‍
പൂച്ചയെ പോലെ പതുങ്ങും.
ചക്രവാകമാകാനും
ചിലപ്പോള്‍ അയാള്‍ക്ക്
കഴിയുന്നു.
അകാലത്തില്‍ മരിച്ചുപോയവരുടെ
മണമായിരിക്കും അയാള്‍ക്കപ്പോള്‍.
കത്തുകള്‍ വീട്ടില്‍ എത്തിയാല്‍
മടങ്ങിപ്പോകും എന്നുള്ളതുകൊണ്ട്
അവസാനത്തെ
കത്തുമെടുത്ത്
മേല്‍വിലാസത്തിന്റെ
ഓലപ്പുരയ്ക്കയാള്‍
തീ കൊളുത്തുന്നു.
സ്‌നേഹിക്കപ്പെട്ടാല്‍
ഉപേക്ഷിക്കപ്പെട്ടേക്കാം
എന്നുള്ളതുകൊണ്ട്
രാത്രിയുടെ വിളറിയ
നാട്ടുവെളിച്ചങ്ങളില്‍
ഇന്ദ്രിയങ്ങളെ ഊറയ്ക്കിട്ട്
ഇല്ലാച്ചായം കൊണ്ട്
അന്തരീക്ഷത്തില്‍ ഒരു
ജലച്ചായം വരയ്ക്കുന്നു.
ദൂരത്തിരിക്കുമ്പോഴും
നുള്ളിയും നൊന്തും
അവര്‍ മാത്രമവശേഷിക്കുന്ന
ഇടവേളകളില്‍
ആ ചിത്രമൊരു
ഈര്‍ച്ചമുള്‍ക്കാടായി
വളരുന്നു.
അതിന് നടുവിലിരുന്നുകൊണ്ട്
അവള്‍ തനിക്കെഴുതിയ
അവസാനത്തെ കത്തെടുത്ത് നിവര്‍ത്തുന്നു.
തനിക്കുമാത്രം ശ്വസിക്കാന്‍
കഴിയുന്ന ഹൃദ്യമായ സുഗന്ധം!
അതിലെങ്ങും അവര്‍ നടന്നു
തീര്‍ക്കാന്‍ കൊതിച്ച ഭൂപടങ്ങള്‍!
അനുസരിക്കേണ്ടത്
എങ്ങനേന്ന് മറന്നുപോയ
അഹന്തക്ക് മുറിവേറ്റ
സമുദ്രസഞ്ചാരി തന്റെ
അവസാനയാത്രക്കുള്ള
ഉടുപ്പുകള്‍ക്ക്
സൂചികുത്താനിരുന്നു.
-----------------------
© shyam chunakkara
1 Comments
ഇഷ്ടം
ReplyDelete