പ്രതിഭാമരം പദ്ധതിയുമായി സുഗതൻ മാഷ്

ശാസ്താംകോട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, സമൂഹത്തിലെ പ്രതിഭകളായ കുട്ടികളുടെ ഉന്നമനത്തിനായിട്ടുള്ള  പ്രതിഭാമരം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബി. അരുണാമണി നിർവഹിച്ചു. ലോക മലയാളികൾ നെഞ്ചിലേറ്റിയ സംഗീത വിസ്മയം ആദിത്യ സുരേഷിന്റെ വസതിയിൽ ലളിതമായ ചടങ്ങോടെ കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ഉദ്ഘാടനം നടന്നത്.  

അദ്ധ്യാപക അവാർഡ് ജേതാവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവും കൂടിയായ എൽ. സുഗതനാണ് വ്യത്യസ്തമായ ഈ പദ്ധതിയുടെ അമരക്കാരൻ. കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളും കൂട്ടുകാരും അന്യരായ അവസ്ഥയിൽ വിവിധ  മാനസിക പ്രശ്നങ്ങൾ നേരിടുകയാണ്  നമ്മുടെ കുട്ടികൾ. ഈ അവസരത്തിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നൽകേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്‌. ഈ ബാധ്യതയാണ് സുഗതൻ മാഷ് ഏറ്റെടുത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അരുണമാണി അഭിപ്രായപ്പെട്ടു.

പരിപാടിയുടെ തുടക്കമെന്ന നിലയിൽ വിവിധ  മേഖലകളിൽ മികവാർന്ന കഴിവുകളുള്ള കുട്ടികളെ അവരുടെ   വീടുകളിലെത്തി ,  അവർക്ക്  കൂടുതൽ ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്നതിനായി അവരെ അനുമോദിക്കുന്നതോടൊപ്പം വീട്ടുമുറ്റത്ത് ഒരു  ഫലവൃക്ഷം കൂടി നട്ടുപിടിപ്പിക്കും. തന്റെ കഴിവുകളെ സംരക്ഷിച്ചു വളർത്തി ഭാവി വാഗ്ദാനങ്ങളാകുന്നതോടൊപ്പം   വൃക്ഷത്തൈയും പരിപാലിച്ച് വളർത്തി പരിസ്ഥിതി സംരക്ഷകരുമാവുക എന്നതാണ്  ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സുഗതൻ മാഷ് പറഞ്ഞു.

ജില്ലാ സോഷ്യൽ ഫോറെസ്റ്റ് ഓഫിസർ എസ്. ഹീരാലാൽ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകരായ ശൂരനാട് രാധാകൃഷ്ണൻ, ദുലാരി, അനിലാ ആനി ലാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Post a Comment

0 Comments