11.ദിവ്യാമ്മ
സുന്ദരിയുടെയും മണിയന്റെയും മരണം ഞങ്ങളെ എല്ലാവരെയും ഉലച്ചു. ആദ്യമായി അടുത്തുകണ്ട മരണമുഹൂര്‍ത്തങ്ങള്‍ എപ്പോഴും എന്നിലുള്ള മൃത്യുഭീതി തീവ്രമാക്കി. മരണം ഓരൊഴിഞ്ഞുപോകല്‍ മാത്രമല്ലെന്നും ജീവിതത്തിന്റെ പൊളിച്ചടുക്കല്‍ കൂടിയാണെന്നും ഉള്ള ഭയം എന്നില്‍ അനുനിമിഷം പെരുകി. പൂച്ചക്കുഞ്ഞുങ്ങള്‍ എവിടെയെന്നും അവരെ എങ്ങനെ വളര്‍ത്തും എന്നുമുള്ള ചിന്ത ഭാര്യയെ അസ്വസ്ഥയാക്കി. മക്കളാകട്ടെ മരണത്തിന്റെ ഭീകരമുഖം ആദ്യമായി അടുത്ത് കണ്ട് നടുങ്ങി വിറച്ചു.
ദിവ്യ അധികസമയവും വീട്ടിനുള്ളിലായിരിക്കുമെ ന്നതിനാല്‍ സുന്ദരിയുടെയും മണിയന്റേയും മരണം നേരിട്ട് കണ്ടിരുന്നില്ല എന്നാല്‍ വൈകുന്നേരമായതോടെ അവരുടെ അഭാവും അവള്‍ മനസ്സിലാക്കി. പതിവില്ലാത്ത വിധം ഉദാസീനയായ ദിവ്യ അന്നുപിന്നെ ഭക്ഷണം കഴിച്ചില്ല. പരതലും പാച്ചിലും ഉപേക്ഷിച്ച് എന്തോ കണ്ടെത്താന്‍ ആഗ്രഹിക്കുന്നത് പോലെ അവള്‍ ജാഗ്രതയോടെ ഇരിപ്പായി. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് പൂച്ചകുഞ്ഞുങ്ങളെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. പൂച്ചക്കൊട്ടാരത്തിലും വിറകുപുരയിലും എല്ലാം തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല ഒരു ചലനവും ചെറു ഞരക്കവും കണ്ടെത്തുവാന്‍ ഞങ്ങള്‍ വളരെ ശ്രദ്ധയോടെ ശ്രമിച്ചു. രാത്രി വൈകും വരെ അന്വേഷണം തുടര്‍ന്നെങ്കിലും കുഞ്ഞുങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സുന്ദരി പ്രസവിച്ചിട്ട് അധിക നാളുകള്‍ ആവാത്തത് കൊണ്ട് കുഞ്ഞുങ്ങള്‍ കണ്ണു തുറന്നിട്ടുണ്ടാവില്ലെന്ന് എനിക്ക് തോന്നി. കുഞ്ഞുങ്ങളെ പാലൂട്ടി ഉറക്കിയതിനു ശേഷമുള്ള യാത്രയിലായിരിക്കാം സുന്ദരിയെ നായ്ക്കള്‍ ആക്രമിച്ചത്. എപ്പോഴെങ്കിലും ഉണര്‍ന്നു കരയുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങളെ കണ്ടുപിടിക്കുവാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ അന്നത്തെ അന്വേഷണം അവസാനിപ്പിച്ചു.
അടുത്ത ദിവസം പതിവില്ലാത്തവിധം അതിരാവിലെ തന്നെ ദിവ്യ ഉണര്‍ന്നു കരയുവാന്‍ തുടങ്ങി. ദിവ്യയുടെ കരച്ചിലിനു എന്തോ പ്രത്യേക താല്പര്യമുണ്ടെന്നു തോന്നിയതോടെ പതിവുള്ള വൈമുഖ്യം കൈയൊഴിച്ചു ഞാന്‍ എഴുന്നേറ്റു. കൂട്ടില്‍ നിന്നും ഇറങ്ങി വാതിലിനടുത്തേക്കിഴഞ്ഞ ദിവ്യയെ ഞാന്‍ പിന്തുടര്‍ന്നു. വാതില്‍ തുറന്നു കിട്ടിയപ്പോള്‍ പുറത്തേക്കിറങ്ങിയ ദിവ്യ ഇഴഞ്ഞിഴഞ്ഞു പോയത് പൂച്ച കൊട്ടാരത്തിനടുത്തുള്ള കുളിമുറിയിലേക്കാണ്. പാഴ്വസ്തുക്കള്‍ സൂക്ഷിക്കുവാനുള്ള സ്ഥലം ആയാണ് ഇപ്പോള്‍ കുളിമുറി ഉപയോഗിക്കുന്നത് എപ്പോഴും അടഞ്ഞുകിടക്കുന്ന കുളിമുറിയിലേക്ക് കടക്കുവാനുള്ള ഏക സാധ്യത വാതില്‍ പാളിയുടെ മുകളിലെ ചെറിയ വിടവു മാത്രമാണ്. ഏഴടി ഉയരത്തിലുള്ള ആ വിടവിലൂടെ സുന്ദരി കയറി കൂടുമെന്ന് കരുതാത്തതുകൊണ്ട് ഇന്നലെ മറ്റെല്ലായിടത്തും അന്വേഷിച്ചിട്ടും കുളിമുറി തുറന്ന് നോക്കിയിരുന്നില്ല. കുളിമുറിയുടെ വാതിലിനരികിലെത്തി ദിവ്യ മുരണ്ടു തുടങ്ങി. അങ്ങനെ ഒരു മുരള്‍ച്ച നേരത്തെ ഒരിക്കലും അവളില്‍ നിന്നും ഉണ്ടായിട്ടില്ല ആ മുരള്‍ച്ചയില്‍ സ്‌നേഹവും വാല്‍സല്യവും നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. ദിവ്യയുടെ അരികിലേക്ക് വരുമ്പോള്‍ സുന്ദരി പണ്ട് ഇങ്ങനെ മുരണ്ടിരുന്നത് ഞാനോര്‍ത്തു. കുളിമുറിയില്‍ പൂച്ച കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായി. ഞാന്‍ വീട്ടിലേക്ക് പോയി താക്കോലുമായി തിരികെയെത്തി കുളി മുറി തുറന്നു. എന്നെക്കാള്‍ മുന്‍പേ ദിവ്യയാണ് മുറിയിലേക്ക് ഇഴഞ്ഞുകയറിയത്. അവിടെ ഒരു ഒടിഞ്ഞ കസേരയുടെ അരികിലേക്കാണ് അവള്‍ ചെന്നെത്തിയത്. പരീക്ഷണസ്വരത്തില്‍ ഞരങ്ങുന്ന നാലു പൂച്ചക്കുട്ടികള്‍ അവിടെയുണ്ടായിരുന്നു. നാലും നാലു നിറത്തില്‍, ചാരനിറത്തില്‍ ഒന്ന് സ്വര്‍ണനിറത്തില്‍ മറ്റൊന്ന്, വെള്ളനിറമാണ് മറ്റൊന്നിന്, ശേഷിക്കുന്നത് കറുപ്പും. പണിപ്പെട്ട് കണ്ണുതുറന്ന് അവര്‍ ദിവ്യയെ നോക്കി. തിടുക്കപ്പെട്ടരികിലെത്തി അവള്‍ അവരെ നക്കിത്തുടങ്ങി. അവളുടെ അടുത്തേക്കെത്താന്‍ പൂച്ചക്കുഞ്ഞുങ്ങള്‍ മത്സരിച്ചു. പിന്‍കാലുകളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ദിവ്യയുടെ വയറിന് അടിയിലേക്ക് അവര്‍ നൂണ്ടു കയറി. ഒരമ്മപൂച്ചയെ പോലെ തന്നെ ദിവ്യ മാറിമാറി പൂച്ചക്കുഞ്ഞുങ്ങളെ നക്കിലാളിച്ചു. വിശപ്പിന്റെ പരിക്ഷീണം ഉണ്ടെങ്കിലും അഭയത്തിന്റെ സ്വസ്ഥത പൂച്ചക്കുട്ടികള്‍ അനുഭവിക്കുന്നതായി വീണ്ടുമടഞ്ഞ അവരുടെ കണ്ണുകള്‍ സാക്ഷ്യപ്പെടുത്തി. ദിവ്യ പിന്നെയും പിന്നെയും കുഞ്ഞുങ്ങളെ നക്കിയും തലോടിയും തന്നോട് ചേര്‍ത്തു പിടിച്ചു.
•
(അവസാനിച്ചു)
0 Comments