
ശൈത്യവും ക്രിസ്തുമസും പുതുവര്‍ഷാരംഭത്തിന്റെ വിളംബരവും വഹിച്ചുള്ള ഡിസംബര്‍, ബഹ്റൈനെ സംബന്ധിച്ചിടത്തോളം ദേശീയ ദിനാഘോഷത്തിന്റെ പ്രൗഢഗംഭീര ഒരുക്കങ്ങളോടെയുള്ള ഉത്സവ മാസം കൂടിയാണ്. ഡിസംബര്‍ 16,17 ആണ് ദേശീയ ദിനാചരണം.
സര്‍ക്കാര്‍ തല ആഘോഷങ്ങളോടെ വര്‍ണ്ണാഭമായ വിളക്കുകളാല്‍ അലംകൃതമാക്കിയ ഈ ദ്വീപിന്റെ മനോഹാരിത ജനങ്ങള്‍ ഉത്സവപ്രതീതിയോടയാണ് ആസ്വദിക്കുന്നത്. ഏറെ ഇഷ്ടപ്പെടുന്ന തണുത്ത ദൈര്‍ഘ്യമേറിയ രാത്രികളുള്ള ദിനങ്ങളാണ് ഡിസംബര്‍. കല, സംഗീതം, ബഹ്റൈനിന്റെ ചരിത്രം, പൈതൃകം എന്നിവ ഉള്‍പ്പെടുന്ന സാംസ്‌കാരിക പരിപാടികളുടെ ഒരു നിരയുമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ദേശീയദിന ആഘോഷപരിപാടികള്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം.
നാഷണല്‍ മ്യൂസിയം ഓഫ് ബഹ്റൈന്‍ ''മനാമ ഉറങ്ങുന്നില്ല'' എന്ന പന്ത്രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാംസ്‌കാരിക മേളയും മറ്റു നിരവധി പരിപാടികളായിരുന്നു അന്നെങ്കില്‍ ഇത്തവണ സാംസ്‌കാരിക പ്രോഗ്രാമുകളുടെ അഭാവം കണ്ടു. കാരണം കോവിഡ് നിയന്ത്രങ്ങളും പിന്നെ സര്‍വ്വസമ്മതനും രാജ്യം രൂപപ്പെട്ട നാള്‍ മുതല്‍ അധികാരത്തിലേറി ദീര്‍ഘ കാലം നാട് ഭരിച്ചെന്ന ഖ്യാതിയുമുള്ള, ബഹ്റൈന്റെ അനിഷേധ്യ നേതാവായി വിശേഷിക്കപ്പെടുന്ന ബഹുമാനപെട്ട പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗവും ആയിരുന്നു. എങ്കിലും നവംബറില്‍ തന്നെ പതിവ് പോലെ കൂടുതലും ചുമപ്പും വെള്ളയും നിറഞ്ഞ അലങ്കാരങ്ങളാല്‍ ക്രിസ്മസ് അപ്പൂപ്പനെ കൂടി വരവേറ്റ് കൊച്ചു ദ്വീപ് അത്യധികം മനോഹരിയായി.
വര്‍ണ്ണ വെളിച്ചങ്ങളുടെ വൈവിധ്യമാര്‍ന്ന കാഴ്ച കാണാന്‍ കോവിഡിനെ മറികടന്നും എത്തിയ ജനക്കൂട്ടം നാട്ടിലെ ഉത്സവങ്ങളെ ഓര്‍മ്മിപ്പിച്ചു.
(തുടരും)
--------------------------------
© Suma Satheesh
editorial@e-delam.in

0 Comments