darvin-kavitha-vasanthamillaatharithu


ഒന്നാം അദ്ധ്യായം 
വസന്തമൊരു സ്വപ്നമാകുമ്പോള്‍ 

 
ഗ്രീഷ്മത്തില്‍ ചുട്ടെടുത്ത
സ്വപ്നങ്ങള്‍
ഓര്‍മ്മകളുടെ ശ്മശാനത്തില്‍
വെന്തുനീറുമ്പോള്‍ 
വസന്തത്തിന്റെ അവസാന പുഷ്പവും
കൊഴിഞ്ഞു വീഴുന്നു.
 
പ്രാണന്റെ ഒടുവിലത്തെ കണികയില്‍
ശൂന്യമായ മനസ്സ് ഒരു ഞാറപ്പക്ഷിയാവുന്നു.
അത് പിന്നിലേയ്ക്ക് സഞ്ചരിച്ച്
സോളമന്റെ സങ്കീര്‍ത്തനത്തിലെത്തുന്നു.

വയലേലകളും,
തളിരിട്ട മുന്തിരി വള്ളികളും,
പൂത്തുതളിര്‍ത്ത മാതളവും
നിഷിദ്ധമായിരിക്കുന്നു.
അവിടെ-
കാല്‍വരിയും,
ഒഴിഞ്ഞ കുരിശടയാളവും,
വ്യഥകളുടെ  കുന്തമുനകളും
ഒരുക്കി വെച്ചിരിക്കുന്നു. 

കദനവഴികള്‍ പിന്നെയും താണ്ടി,
കാതങ്ങള്‍ പറന്ന്, ദൂരെ..
ഏകാന്തതയുടെ ഗതസ്തമനില്‍
ദീര്‍ഘനിശ്വാസം ചെയ്യുന്നു.

ശാന്തമായ മലമുകളില്‍
പിന്നെയും പരീക്ഷിക്കപെടുന്നു.
ആകയാല്‍,
ചിറകരിയപ്പെട്ട് 
വിധിയുടെ കള്ളിമുള്‍ കാട്ടിലേയ്ക്ക്
നിലംപതിക്കുന്നു.

പരാജിതന്റെ മുള്‍ക്കിരീടം
ശിരസ്സില്‍ ആഴ്ന്നിറങ്ങവേ 
'എലോയ്, എലോയ്, ലാമാ സബക്ക്ത്താനി'
പ്രാത്ഥന..
കരളില്‍ കടലിരമ്പമാവുന്നു.

തെമ്മാടിക്കുഴിയിലേക്കുള്ള പാത
ഇടനെഞ്ചില്‍ ചാല് കീറുമ്പോള്‍ 
മനസ്സ് ആത്മാവിന്റെ തീരത്തേയ്ക്ക്
ഒഴുകിയടുക്കുന്നു.

കറുത്ത അദ്ധ്യായത്തിന്റെ
അവസാനത്തില്‍ 
പൂക്കാത്ത അത്തിവൃക്ഷത്തിന്റെ വേരിലൂടെ 
വസന്തമില്ലാത്ത ഒരു ഋതു കടന്നുപോകുന്നു.

 രണ്ടാം അദ്ധ്യായം 

 അവര്‍ എനിക്ക് വസന്തമൊരുക്കുന്നു 
ആറടി മണ്‍കൂനയ്ക്ക് മുകളിലാരോ
പൂക്കള്‍ വിരിക്കുന്നു
വാഴ്ത്തുപാട്ടുകള്‍ ഉയരുന്നു
ഉരുകിയൊലിക്കുന്ന മെഴുകുതിരിയില്‍
അവര്‍ സഹനം കാണുകയും 
കറുത്ത ചന്ദത്തിരിയുടെ രൂക്ഷഗന്ധം ഇപ്പോള്‍ ആസ്വദിക്കുകയും ചെയുന്നു.

ആശ്വാസത്തിന്റെ വെള്ളത്തൂവാല
അന്യമായവരുടെ, 
ഇറ്റ് വീഴുന്ന ഉപ്പുരസമില്ലാത്ത കണ്ണുനീര്‍
മഞ്ഞുപോലെ തണുത്തിരിക്കുന്നു.

ഒഴിഞ്ഞ കുരിശ്ശില്‍
പുതിയ പേര് എഴുതിചേര്‍ത്ത്
യാത്ര പറയാതെ തിരിഞ്ഞു നടന്ന്
അതിഥികള്‍ക്ക് 
അവര്‍ വിരുന്ന് ഊട്ടുന്നു.
 
ഉയിര്‍ പിരിഞ്ഞൊരു ഉടലിനെ പേറും
ഗര്‍ഭപാത്രമാം കുഴിമാടത്തില്‍
വിതറിയ പൂക്കള്‍ക്കിടയിലൂടെ 
ഒരു ശവംനാറി പൂ വിരിഞ്ഞു നില്‍ക്കുന്നു.

ദൂരെ അത്തി വൃക്ഷത്തില്‍ നിന്നും 
ഞാറപക്ഷി ഇരുളിന്റെ ആഴങ്ങളിലേയ്ക്ക് പറന്നകലന്നു.
.................................................
© darvin