neripodukal-kavitha-nima


അങ്ങനെയിരിക്കെ , ചിലര്‍ ചിലരില്‍ നിന്നും ഞെട്ടറ്റു കൊഴിയും.
അന്നേരം നമ്മില്‍ പകരമൊരാളെ തേടും.
ഒഴിവിടമെന്നറിയാതെ നാം മഴ പോല്‍ കുതിര്‍ന്നൊട്ടും .

അവരാല്‍ ഉപേക്ഷിക്കപ്പെട്ട ചുളിഞ്ഞ കുപ്പായം നമുക്കായി നീട്ടും.
അവര്‍ക്കായി വെണ്ണീറാക്കപ്പെട്ട സമയസൂചികള്‍ നമുക്കായി അടയാളപ്പെടുത്തും .
അവരോടു പേര്‍ത്തു ചൊല്ലിത്തളര്‍ന്ന കഥകള്‍ നമുക്കായി ഓതും.
അവര്‍ തമ്മില്‍ പതം പറഞ്ഞൂര്‍ന്ന അക്ഷരങ്ങള്‍ നമ്മിലേക്ക് ചോദ്യങ്ങളാകും.
അവരാല്‍ പങ്കുവെയ്ക്കപ്പെട്ട , മുഷിഞ്ഞിടറിയ രഹസ്യങ്ങള്‍ നിന്നോട് മാത്രമെന്ന പെരും നുണയില്‍ തൂങ്ങിയാടും.
അവരാല്‍ ഒന്നിച്ചു തുടിക്കപ്പെട്ട, പാതി വഴിയില്‍ അനാഥമാക്കപ്പെട്ട യാത്രകള്‍ നമുക്കു മാത്രമെന്ന് ചിരി തൊട്ടു വഴി വെട്ടും .

ഇറങ്ങിപ്പോയവര്‍ കീറിയിട്ട വടുക്കള്‍ പഴുക്കുമ്പോള്‍ ,
ഓര്‍മ്മകള്‍ ഉരുക്കഴിച്ചു അവര്‍ ഉലഞ്ഞു തളരും .
ഇടതുരുത്ത് മാത്രമെന്ന വേദനയാല്‍ പുളഞ്ഞു നാം തിരിഞ്ഞു നോക്കും.
കടന്നെത്തിയ വഴികള്‍ മണ്ണോടു ചേര്‍ന്ന് നികത്തപ്പെട്ടിരിക്കും !
പാകമാകാ ചേലയ്ക്കൊപ്പം നാം ഹൃദയം തുന്നിയിരിക്കും.!
പകപ്പും നിസ്സഹായതയും വകഞ്ഞു മാറ്റി ,
നാം അവര്‍ക്കൊപ്പം സ്നേഹത്താല്‍ ചുറ്റിപ്പിടിച്ചു ചേര്‍ന്ന് നില്‍ക്കും.!
നാം ചേര്‍ന്ന് തന്നെ നില്‍ക്കും

നോക്കൂ..
ആത്മാവ് കത്തുന്ന എത്രയെത്ര തിരസ്‌ക്കാരങ്ങളും 
മുറിപ്പാടുകളുമാണ് നമ്മെ സ്നേഹം തൊട്ടാലുമെന്ന്...
---------------------------------------------
© nima r nath