ദത്താത്രേയന്‍ © ഗംഗാദേവി കെ.എസ്

13



എന്നും രാത്രിയില്‍ ഉറങ്ങണമെങ്കില്‍ ഒരു കഥ കേള്‍ക്കണം ദത്തുവിന് . അവന് കഥ പറഞ്ഞു കൊടുക്കാന്‍ വേണ്ടി വലിയ വായനക്കാരിയായി മാറി അവന്റെ മുത്തശ്ശി പത്മജ . പഠിക്കുന്ന കാലത്തോ പഠിപ്പിക്കുന്ന കാലത്തോ അവര്‍ ഇത്രയും പുസ്തകം വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ദത്തു നാലാം ക്ലാസ്സിലായി അവന്റെ എല്ലാമെല്ലാമാണ് പത്മജ . കഥ പറയാന്‍ വൈകിയാല്‍ കഥ കഥ എന്നു പറഞ്ഞ് ബഹളം തുടങ്ങും. 'അമ്മമ്മയ്ക്കിന്ന് വയ്യ . മോനു ' എന്നു പറഞ്ഞാല്‍ മിണ്ടാതെ കിടക്കുമെങ്കിലും അവന്‍ ഉറങ്ങില്ല. ദന്തുവിന്റെ കഥ പ്രണയം പത്മജയെ എഴുത്തുകാരിയുമാക്കി. ഇന്ന് അവന് എന്തു കഥയാണ് പറയുക എന്ന് ചിന്തിച്ച് ഇരിക്കുകയാണ് പത്മജ .

ദത്തു വിദ്യാലയത്തില്‍ നിന്നുവന്നപ്പോള്‍ മുതല്‍ അവന്റെ മുഖത്തിന് ഒരു വാട്ടമുണ്ട്. പനിയുണ്ടോ എന്ന് നോക്കി ഇല്ല . പത്മജ അവനെ അടുക്കല്‍ പിടിച്ചിട്ട് ചോദിച്ചു.' ഉം.... എന്തുപറ്റി ? പരീക്ഷയുണ്ടായിരുന്നോ ? എന്തെങ്കിലും പ്രയാസം ഉണ്ടായോ ? അതോ കൂട്ടുകാര്‍ വല്ലതും പറഞ്ഞോ ?' അമ്മമ്മയുടെ ചോദ്യങ്ങള്‍ക്ക് ഒന്നും പറയാതെ അവന്‍ ഇരുന്നു. രാത്രിയില്‍ ചോദിച്ച് മനസ്സിലാക്കാം എന്ന് വിചാരിച്ച് പത്മജ ഒന്നും പിന്നെ മിണ്ടിയില്ല. രാത്രിയില്‍ കിടന്നയുടനെ കഥ പറയു എന്ന പല്ലവിക്കു പകരം അവന്‍ ചോദിച്ചത് പത്മജയെ ഒന്ന് ഞെട്ടിച്ചു. 'അമ്മമ്മേ : എന്നെ ദന്തെടുത്തതാണോ ?'  ഒരു ചെറു പുഞ്ചിരിയോടൊപ്പം അവന് ഒരു ഉമ്മ നല്‍കിയിട്ട് ചോദിച്ചു. 'നീ എന്താ ഇങ്ങനെ ചോദിക്കുന്നത്.?' 'അമ്മമ്മേ : ഇന്ന് സ്‌കൂളില്‍ ഒരു സാറു വന്നു. കുറെ കഥകള്‍ പറഞ്ഞു. അമ്മമ്മയ്ക്ക് ശകുന്തളയുടെ കഥ അറിയോ ?' അപ്പോള്‍ അറിയാം എന്ന ഭാവത്തില്‍  തലയാട്ടി. വീണ്ടും അവന്‍ തുടര്‍ന്നു.' ആ സാറ് പറഞ്ഞു : ശകുന്തള ഒരു മാന്‍ കുട്ടിയെ ദത്തെടുത്തു. ശകുന്തളയുടെ ദത്തുപുത്രനാണ് ആ മാന്‍ കുട്ടി . അതു കേട്ടപ്പോള്‍ കൂട്ടുകാര്‍ പറയുന്നു ഞാനും ദത്തുപുത്രനാണെന്ന് ! അതുകൊണ്ടാണോ ദത്താത്രേയന്‍ എന്നു പേരിട്ടത് ?' അവന്റെ ചോദ്യം കേട്ട് പത്മജയ്ക്ക് ചിരിവന്നുവെങ്കിലും അവന്റെ വിഷമം കണ്ട് അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. 'ഓ ഇതാണോ എന്റെ കുഞ്ഞിന്റെ വിഷമം ? ദത്താത്രേയന്‍ ആരാണെന്നറിയോ ? ഇന്ന് ദത്താത്രേയന്റെ കഥ പറയാം. അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും മകനാണ് ദത്താത്രേയന്‍ . മഹാവിഷ്ണുവിന്റെയും ശിവന്റെയും ബ്രഹ്മദേവന്റെയും ശക്തിയും അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും ശാന്ത സ്വഭാവവും ചേര്‍ന്നതാണ് ശാന്തനും ബുദ്ധിമാനും ശക്തനുമായ ദത്താത്രേയന്‍. ദത്താത്രേയനെപ്പോലെ എന്റെ പൊന്നും  ശക്തനും ബുദ്ധിമാനും ശാന്തനുമാണെന്ന് അമ്മമ്മയ്ക്ക് മനസ്സിലായി. അതാണ് ആ പേരിട്ടത്. മൂന്നു ശക്തികളും ഒരാളില്‍ കിട്ടിയിരിക്കുന്നു അതാണ് അത്രി മഹര്‍ഷി തന്റെ മകന് ആ പേരിട്ടത്. മോന് ഈശ്വന്റെയും മോന്റെ അച്ഛന്റെയും അമ്മയുടെയും ശക്തിയും ബുദ്ധിയും ശാന്തതയും ഉണ്ട്. അപ്പോള്‍ മോനെ അമ്മ ദത്ത് എടുത്തതാണോ ?' ഇതു കേട്ടതും ദത്തന് സന്തോഷമായി. അമ്മമ്മയ്ക്ക് ഒരു ഉമ്മ നല്‍കി അവന്‍ ഉറക്കത്തിലേയ്ക്ക് നീങ്ങി. എന്നാല്‍ പത്മജയ്ക്ക് ഉറക്കം വന്നില്ല. വര്‍ഷങ്ങള്‍ ഓടി കോളേജിന്റെ പടിവാതില്‍ വന്നു നിന്നു . 

ഹാഫ് സാരിയുടുത്ത് കലാലയ ജീവിതം ആരംഭിക്കുന്നു. പുതിയ കുട്ടികളെ പരിചയപ്പെടുത്താന്‍ ചേട്ടന്മാരും ചേച്ചിമാരും പാടി തകര്‍ത്തു മുമ്പില്‍ തന്നെയിരുന്ന് അതു കേട്ടു. 'ദേവീ നിന്‍ ചിരിയില്‍ ....' എന്ന പാട്ട് വളരെ മനോഹരമായി  പാടിയ ആള്‍ തന്നെ തന്നെ നോക്കിയാണ് പാടിയത്. പിന്നീട് ഓരോ ദിവസവും അയാളെ അന്വേഷിക്കാനുള്ള ത്വരയിലായിരുന്നു. ആട്ട്‌സ്‌ക്ലബ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശ്രീകുമാര്‍ ആണ് ഞാന്‍ എന്നു പറഞ്ഞ് വോട്ടു  ചോദിച്ചെത്തിയപ്പോള്‍ കൂടെയുള്ള കൂട്ടുകാര്‍ ശ്രീകുമാറിനെക്കുറിച്ച് ഒരു വിവരണം നല്‍കി. പാട്ടുകാരന്‍ , ചിത്രകാരന്‍ ,പ്രസംഗകന്‍ , എഴുത്തുകാരന്‍ സര്‍വ്വോപരി പഠനത്തിലും മിടുക്കന്‍. ശ്രീകുമാറിനെ അടുത്തറിഞ്ഞതും പിന്നെ അത് പ്രണയമായി പന്തലിച്ചതും എന്നും ഓര്‍ക്കുവാന്‍ സുഖമുള്ളതാണല്ലോ. പ്രീഡിഗ്രി കഴിഞ്ഞ് ശ്രീയും എല്ലാവരെയും പോലെ എഞ്ചിനിയറിങ്ങിന് പോകും ഇനി എങ്ങനെയാവും എന്ന ആശങ്കയിലിരിക്കുമ്പോളാണ് ഫിസിക്‌സ് BSc യ്ക്ക് ചേര്‍ന്നു കൊണ്ട് ശ്രീയുടെ തിരിച്ചു വരവ്. ഒരു വക്കീലാവണമെന്ന തന്റെ ആഗ്രഹത്തെ മാറ്റി ഹിസ്റ്ററി BA യ്ക്ക് ചേര്‍ന്ന് പിന്നത്തെ വര്‍ഷം താനും തിരിച്ചെത്തി. പിന്നെയുള്ള അഞ്ച് വര്‍ഷങ്ങള്‍ നീങ്ങിയപ്പോള്‍ വീട്ടില്‍ തനിക്ക് കല്യാണാലോചന തുടങ്ങി. അത് ശ്രീ അറിഞ്ഞയുടന്‍ വീട്ടില്‍ എത്തി പെണ്ണു ചോദിച്ചു. ജോലിയില്ലാത്തവന് എങ്ങനെ പെണ്ണിനെത്തരും എന്ന ചോദ്യത്തിന് ഒരു കുലുക്കവുമില്ലാതെ പറഞ്ഞു. ' എനിക്ക് ജോലി കിട്ടിയിട്ട് മതി'. മനസ്സില്ലാമനസ്സോടെ അച്ഛന്‍ സമ്മതിച്ചു. ശ്രീ Msc യ്ക്ക് ഫസ്റ്റ് റാക്ക് നേടിയത് അച്ഛനെ സന്തോഷിപ്പിച്ചു. എന്നാലെന്റെ MA പഠിത്തം കഴിഞ്ഞപ്പോള്‍ അച്ഛന് ആധിയായി തുടങ്ങി. അനിയത്തിക്കു വരുന്ന ആലോചനകള്‍ : ഓ ! ആ ദിനങ്ങള്‍ ; ശ്രീയുടെ ഉപദേശം വന്നു. B Ed . ന് പഠിക്കാന്‍ ; ശ്രീ PHD യ്ക്കും ചേര്‍ന്നു. അനിയത്തിയുടെ കല്യാണം നടക്കാന്‍ വേഗം ഞങ്ങളുടെ കല്യാണം നടത്തി. PHD കഴിയുന്നതു വരെ കാത്തിരിക്കാന്‍ അച്ഛന് സാധിക്കില്ല. അന്ന് പുതിയ തീരുമാനം എടുത്തു ജോലി കിട്ടിയിട്ട് മതി കുട്ടികള്‍ . പഠനം കഴിഞ്ഞ് ജോലിക്കുള്ള ശ്രമം തുടങ്ങി. ശ്രീയിക്ക് ജോലി കിട്ടിയതിനു ശേഷം ഇനി ഒരു കുട്ടി എന്ന ചിന്ത ആരംഭിച്ചു. അനിയത്തിക്ക് രണ്ടു കുട്ടികള്‍ ആയി കഴിഞ്ഞു. നിങ്ങള്‍ക്ക് കുട്ടികളായില്ലേ എന്ന ചോദ്യത്തെ നേരിടാന്‍ ധൈര്യമില്ലാത്തതിനാല്‍ പല പരിപാടികളിലും പങ്കെടുക്കാറില്ല. ആറ്റുനോറ്റ് കാത്തിരിക്കുമ്പോള്‍ ആണ് രണ്ട് സന്തോഷങ്ങള്‍ ഒരുമിച്ച് എത്തിയത്. ഒരു ചെറു ജീവന്‍ നാമ്പിട്ടതും ഗവണ്‍മെന്റെ സ്‌കൂളില്‍ ജോലിയായതും. പക്ഷേ രണ്ടുoകൂടി ഒരുമിച്ച് ഈശ്വരന്‍ ഒരു മിച്ചു തരില്ലല്ലോ!. ജീവന്‍ വേഗം ഞങ്ങളെ വിട്ടു പോയി. പിന്നെയും മരുന്നും പ്രാര്‍ത്ഥനയുമായി നീങ്ങി.കാലങ്ങള്‍ നീങ്ങി നീങ്ങി പോകവേ ഒരു ജന്മം നല്‍കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്ന സത്യം വേദനയോടെ മനസ്സിലാക്കി.

പല ചിന്തകള്‍ക്കുമൊടുവില്‍ രണ്ടാഴ്ച പ്രായമായ സുന്ദരിക്കുട്ടി വീട്ടിലേയ്ക്ക് എത്തി. ഗൗരി. ! അവള്‍ക്കു വേണ്ടിയായി പിന്നെ ജീവിതം . അപരിചിതര്‍ പലരും പറയും. - ' പത്മജയുടെ ഛായ അല്ലെങ്കില്‍ ശ്രീയെപ്പോലെ തന്നെ 'കാലങ്ങള്‍ വേഗത്തില്‍ നീങ്ങി ശ്രീയുടെ ആഗ്രഹം പോലെ അവള്‍എഞ്ചിനിയറായി. ശ്രീയുടെ പെങ്ങളുടെ മകന്‍ വിവാഹവും കഴിച്ചു .പക്ഷേ .... ദത്തുവിനെ കാണാതെ ശ്രീ പോയി. പഴയ കഥകളിലൂടെ മനസ്സ് സഞ്ചരിച്ച് എപ്പോഴോ അവര്‍ ഉറങ്ങി.

 'അമ്മേ! എന്തു പറ്റി ? എന്തേ എഴുന്നേല്‍ക്കാത്തത് ?' ഗൗരി വിളിച്ചു. 'ഓ! രാത്രിയില്‍ ഉറങ്ങാന്‍ വൈകി; അത്രേയുള്ളു ' . 'അമ്മമ്മേ' ഞാന്‍ പോകുന്നു. ' ദത്തു സ്‌കൂളിലേയ്ക്ക് പോവുകയായി. 'എന്തേ എന്നെ വിളിക്കാതിരുന്നേ?' . ഗൗരിയോടു ചോദിച്ചു. പക്ഷേ ഒന്നും പറയാതെ അവള്‍ കുളിക്കാന്‍ പോയി. പ്രസാദ് ദത്തുവിനെ സ്‌കൂള്‍ ബസില്‍ കേറ്റി വിട്ടിട്ട് എത്തി. 'ഇന്നലെ അമ്മായി : പഴയ ഓര്‍മ്മകളിലൂടെ നീങ്ങുകയായിരുന്നു അല്ലേ ?' പത്മജ അത്ഭുതത്തോടെ പ്രസാദിനെ നോക്കി. ' ദത്തുവിന്റെ ചോദ്യത്തിന് നല്‍കിയ ഉത്തരം നന്നായി 'പ്രസാദ് ഒരു നറു പുഞ്ചിരിയോടെ പറഞ്ഞു. ' അവന്റെ ചോദ്യം; 'ഒന്നു നിര്‍ത്തിയിട്ട് പത്മജ തുടര്‍ന്നു.' ഗൗരി അറിയണ്ട .' പ്രസാദ് അവരുടെ കൈ പിടിച്ചു പറഞ്ഞു 'അറിയില്ല;പക്ഷേ ... അവന്റെ പേരിടുമ്പോള്‍ .... നമ്മള്‍ ഓര്‍ത്തില്ലല്ലോ ദത്തപുത്രിയുടെ മകന്‍ എന്ന അര്‍ത്ഥം വരുമെന്ന് ' . പത്മജയുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ടതായി നടിക്കാതെ പ്രസാദ് തന്റെ മുറിയിലേയ്ക്ക് പോയി.

💛

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Post a Comment

13 Comments
  1. ടീച്ചർ സൂപ്പർ ആണുട്ടോ.... ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ട് ട്ടോ.... ഒരുപാട് സന്തോഷം 🙏🌹🌹

    ReplyDelete
  2. ഗംഗ ടീച്ചർ 🙏🏼🙏🏼🙏🏼. ശെരിക്കും പഴയ കാലത്തിലേക് പോയി 🥰... കഥ പെട്ടെന്ന് തീർന്നു പോയ പോലെ 🥰. ഇത്തിരി സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ... സൂപ്പർ 🤝

    ReplyDelete
  3. Another excellent creation by Ganga . Always par excellence. All continued blessings for continued writing

    ReplyDelete
  4. നല്ല കഥ; അഭിനന്ദനങ്ങൾ🌺

    ReplyDelete
  5. അതിമനോഹരം. അഭിനന്ദനങ്ങൾ 👏👏👏👍

    ReplyDelete
  6. ലളിതമായ രചന. ഏറേ ഇഷ്ടപ്പെട്ടു.

    ReplyDelete
  7. നല്ല മനോഹരം മായ കഥ ❤️

    ReplyDelete
Post a Comment
To Top