മഴപോലെയൊരു വീട് | പ്രവീണ്‍ മോഹനന്‍


praveen-mohan-mazhapoloru-veedu

കുന്നിനു മുകളില്‍ കാണുന്ന
വീട് എന്റേതാണ്.
മഴപോലെയൊരു  വീടായിരുന്നു എന്റേത്

അമ്മിക്കല്ലില്‍
അരഞ്ഞുതീരുന്ന
എന്റമ്മ

കുറെ സങ്കടങ്ങള്‍ കുടഞ്ഞിട്ട്
തീപിടിച്ച കണ്ണുകളുമായി
മൂലക്കിരിക്കുന്ന പെങ്ങള്‍

മക്കള്‍ മൂത്രമൊഴിച്ച് നനച്ച 
കീറത്തഴപ്പായയില്‍ കിടക്കുമ്പോള്‍
പരിഭവങ്ങളുടെ 
പട്ടച്ചരടില്‍ വീണ്ടും വീണ്ടും
ഭാര്യ പട്ടം കോര്‍ക്കും

അച്ഛന്‍ കെട്ടിത്തൂങ്ങിയ ഉത്തരത്തിലെ
ചിതല്‍പുറ്റുകള്‍ ഇടക്ക്
എന്റെ ദേഹത്ത് അടര്‍ന്നു വീഴും

അതെ
മഴതന്നെയായിരുന്നു ഈ വീട്.

എന്റെ വീട്ടില്‍ മാത്രംതോരാതെമഴ
പെയ്തുകൊണ്ടിരിക്കുമ്പോള്‍

എന്റെ ആകാശത്ത്
സങ്കടമഴവില്ല് വിരിയും

വിതുമ്പുന്ന മൗനങ്ങള്‍
നക്ഷത്രങ്ങളായി തെളിയും

കടപ്പാടിന്റെ നെരിപ്പോടില്‍
ഞാനും വീടും വിയര്‍ത്തൊലിക്കും

കാലം കുതറിയോടിപോകുമ്പോള്‍
ഞാനും എന്റെ വീടും
മെഴുകുതിരിപോലെ ഉരുകിത്തീരും

അപ്പോള്‍ നിങ്ങള്‍ എല്ലാവരും പറയും
നിന്റെ വീട് സ്വര്‍ഗമായിരുന്നു എന്ന്

പട്ടയം കിട്ടാത്ത
ആ കുന്ന് ഇപ്പോള്‍
ഇടിച്ചു നിരത്തിയ സ്വപ്നങ്ങളുടെ
ശവപ്പറമ്പാണ്.
---------------------------------------------
©praveena mohan

Post a Comment

2 Comments

  1. സങ്കട മഴവില്ല്, കടപ്പാടിൻ്റെ നെരിപ്പോട് എന്തു നല്ല പ്രയോഗങ്ങൾ. മനോഹരം

    ReplyDelete