അവളിലൂടെ...| അമ്മു സൗമ്യ

ammu-soumya-kavitha


ജീവിച്ചു കൊതിതീരും മുന്നേ തിരികെ പോകേണ്ടി വന്ന
ഒരുവന്റെ 
നല്ലപാതിയുടെ മുഖപുസ്തകത്താളിലൂടെ 
ഇന്നൊരു യാത്ര പോയി ഞാൻ..

നാലോ അഞ്ചോ 
വർഷങ്ങൾക്കു മുൻപെടുത്ത വിവാഹ 
ചിത്രത്തിലെ അവളുടെ നാണത്തിനും 
അവന്റെ കുസൃതിച്ചിരിയ്ക്കും
അല്പം പോലും മങ്ങലേൽക്കാത്തയാ- മുഖചിത്രത്തിലെന്റെ 
മനമൊരു നിമിഷം 
കൊളുത്തിക്കിടന്നു.. 

ഉള്ളും ഉടലും 
വസന്തം വിരിയിച്ച മധുവിധു 
യാത്രകളുടെ 
മധുവൂറുമോർമ്മകൾ 
പരസ്പരം കൊരുത്തിട്ട ചിത്രങ്ങളായ് 
എഴുത്തുകളായ് 
മഴവില്ലുപോൽ തെളിഞ്ഞുനിന്നു.. 

അവൻ നേർന്ന
പിറന്നാളുമ്മകളും ആശംസകളും 
ഒപ്പമേകിയ 
ചോന്ന കല്ലിട്ട മൂക്കൂത്തിയുടെ 
നക്ഷത്രത്തിളക്കവും 
അവളുടെയൊരു നോട്ടത്തിൽ ഞാൻ 
വ്യക്തമായ് കണ്ടു.. 

അവരാദ്യമായ് ഒന്നിച്ചുണ്ട
ഓണയോർമകളുടെ ഇലത്തുമ്പിൽ 
ഒരായിരം 
വർണ്ണമോഹങ്ങളുടെ നിറമെഴും 
കലമ്പലുണ്ടായിരുന്നു.. 

ആദ്യത്തെ പിണക്കത്തിന്റെ 
ഉള്ളുനീറുമോർമ്മയിൽ 
അവനായവൾ കുറിച്ച വരികളിൽ 
ഒരു കടലോളം 
സ്നേഹമുണ്ടായിരുന്നു.

കൂട്ടിനൊരു 
പുത്തനതിഥി എത്തുന്നുവെന്ന 
വാർത്തയ്‌ക്കൊപ്പം 
അവൻ 
വാങ്ങിക്കൂട്ടിയ കുഞ്ഞുടുപ്പുകളിലും 
കളിക്കോപ്പുകളിലും 
അച്ഛനെന്ന വാക്കിന്റെ വാത്സല്യം 
നുകർന്നു ഞാൻ.. 

കടിഞ്ഞൂൽ കണ്മണിയ്‌ക്കൊപ്പം 
ഒന്നിച്ചിരുന്ന നേരങ്ങളിൽ 
അവൻ പാടിയ പാട്ടുകൾ 
ജീവനുറ്റ രാഗങ്ങളായി കേട്ടിരുന്നു 
പോയി ഞാൻ.. 

പിന്നെ... 
പിന്നെ... 
മുഖപുസ്തകതാളിൽ 
പോലും ഒരു  മരവിപ്പായിരുന്നു.. 
നിശബ്ദതയുടെ ഇഴചേരൽ.. 

തന്റെ പൊന്നോമനയെ 
മാറോടടക്കിയ
അവസാന ചിത്രത്തിനുചോട്ടിൽ 
അവൾ ഇങ്ങനെ കുറിച്ചിരുന്നു ;

"കുഞ്ഞേ.. 
നീയവന്റെ കുറവറിയുന്നുവല്ലേ.. 
ഞാനും.. 
എന്നാൽ അവൻ നമുക്കൊപ്പമുണ്ട്.. 
കാവലായ്.. കരുതലായ്.. 
ആ ഓർമയിൽ ഞാൻ ജീവിക്കും ;
നിനക്കുവേണ്ടി.. "
------------------------------------

 © അമ്മു സൗമ്യ

Post a Comment

0 Comments