കണ്ണടയൊടുവില്‍ | നിഥിന്‍കുമാര്‍. ജെ

kannadayoduvil-short-story


പതിവിലും കൂടുതല്‍  തിരക്കുണ്ട്  നഗരത്തിലിന്ന് . ഈ നഗരത്തില്‍ നിഖില്‍ എത്തിയിട്ട് വര്‍ഷം ഒന്നാകുന്നതേയുള്ളൂ. ഇവിടെയൊരു പ്രൈവറ്റ് സ്ഥാപനത്തിലാണ് ജോലി,നിഖില്‍ തന്റെ ബൈക്ക് ഒന്നൊതുക്കിവെച്ചതിനു ശേഷം മുടിയൊന്നു ചീകി മിനുക്കി.
'ഹെല്‍മെറ്റ്, മുടിയാകെ നാശമാക്കി '
നിഖില്‍ മനസ്സില്‍ ചിന്തിച്ചു. അതിനിടയിലാണ്  ബസ് സ്റ്റോപ്പിനടുത്തായി നില്‍ക്കുന്ന അഞ്ജനയെ കാണുന്നത്.  അഞ്ജന നില്‍ക്കുന്നതിന്റെ തൊട്ടുപിന്നിലായി ഒരു വലിയ ഹൈപ്പര്‍ മാര്‍ക്കറ്റാണ്.

'അത് അഞ്ജന തന്നെയാണോ?'
ഒരു സംശയത്തോടെയാണ് നിഖില്‍ അവളുടെ അടുത്തേക്ക് നടന്നത്. റോഡിനു എതിര്‍വശത്തായിരുന്നു അഞ്ജന നിന്നിരുന്നത്.
ഒന്‍പതു വര്‍ഷം പിന്നിലേക്ക് ഒരു നിമിഷം നിഖില്‍ സഞ്ചരിച്ചു കഴിഞ്ഞു. ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്ലസ് ടു ജീവിതം. അന്ന് നിഖിലിന്റെ ജീവനും ജീവിതവും അഞ്ജന മാത്രമായിരുന്നു.'ആരും കൊതിക്കുന്നൊരാള്‍ 'എന്ന് പാടിയത് അഞ്ജനയെ പറ്റിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമായിരുന്നു അത്.
അല്പം വണ്ണകൂടുതല്‍ ഒഴിച്ചാല്‍ ആരും കൊതിച്ചുപോകുന്നൊരു സുന്ദരിപെണ്ണ്. അവളുടെ ഭംഗി ശരീരമാകെ പടര്‍ന്നിരുന്നു. വളരെ കാലം നിഖിലും അഞ്ജനയും പ്രണയിച്ചിരുന്നു.

'അഞ്ജന.'
നിഖില്‍ പതിയെ അവളുടെ അടുത്തെത്തി വിളിച്ചു. മൊബൈല്‍ സ്‌ക്രീനില്‍ നിന്നും മുഖമുയര്‍ത്തി അവളൊന്ന് തിരിഞ്ഞ് നോക്കി .
മുഖത്ത് യാതൊരു ഭാവമാറ്റവും അവനു കാണാനായി കഴിഞ്ഞില്ല. ഒരുപക്ഷെ മനസിലായികാണില്ല.
'എടൊ.. ഇത് ഞാനാണ് നിഖില്‍.'അഞ്ജനയൊന്ന് പുഞ്ചിരിച്ചു.

അവള്‍ക്ക് എന്തോ ബുദ്ധിമുട്ടുള്ളതായി നിഖിലിന് തോന്നി. മുഖത്തെ വിളര്‍ച്ചയും മറ്റും സംശയം ശക്തമാക്കി.
'എന്ത് പറ്റി? ന്തേലും പ്രശ്‌നം?'നിഖില്‍ തിരക്കി.
അഞ്ജന തന്റെ നെറ്റിയൊന്ന് തടവി. തലകറങ്ങും പോലെ. അവള്‍ തൊട്ടടുത്തായികിടന്ന കാറില്‍ കൈവെച്ചു ചാരി നിന്നു.
'തലകറങ്ങുന്നു '
പതിഞ്ഞ ശബ്ദത്തില്‍ അഞ്ജന പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്തപാതി നിഖില്‍ അവളെ താങ്ങിയോരിടത്തായി ഇരുത്തി. അപ്പോഴേക്കും അടുത്ത് നിന്നവര്‍ ഒന്നുടെയൊന്ന് അടുത്തുകൂടി.
'എന്താ? എന്ത് പറ്റി?'
ചിലരെല്ലാം ചോദിച്ചുതുടങ്ങി.
'ഒന്നുമില്ല. ഒന്ന് നോക്കണേ. ഞാന്‍ ഇവള്‍ക്ക് കുടിക്കാന്‍ ന്തേലും വാങ്ങി വരാം.'
'വേഗം പോയി വാ. ഉപ്പിട്ട് നാരങ്ങാവെള്ളം ഒണ്ടോന്ന് നോക്ക്.'

ആദ്യമേ നിഖിലിന് അവളെ കണ്ടപ്പോള്‍ തന്നെ എന്തൊക്കെയോ ബുദ്ധിമുട്ട് ഉള്ളതായി തോന്നിയിരുന്നു. അവള്‍ ആകെ മാറിയിരുന്നു. പണ്ട് മാലാഖയെന്നു പറഞ്ഞു നടന്നവരാരും ഇന്ന് അഞ്ജനയെ  കാണാതെയിരിക്കട്ടെ.
'എങ്ങനെയിരുന്ന പെണ്ണാ... ..'
അവള്‍ക്ക് നാരങ്ങവെള്ളം കൊടുക്കുന്നതിനിടയില്‍ നിഖില്‍ ഓര്‍ത്തു.

നേരിയ ആശ്വാസം തോന്നിയതിനാലാവണം അവള്‍ പതിയെ എഴുനേല്‍ക്കാന്‍ തുനിഞ്ഞു. നിഖില്‍ അവളെ എഴുനേല്‍പ്പിക്കാനായി ശ്രമിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നതിന്റെ അത്ഭുതം നിഖിലിന്റെ മുഖത്ത് പ്രകടമാണ്. ഈ കാലായളവില്‍ അഞ്ജന വിവാഹിതയായെന്നും രണ്ടു കുട്ടികള്‍ ഉണ്ടെന്നും ഭര്‍ത്താവുമായി അത്ര രസത്തിലല്ല എന്നുമൊക്കെ ചിലരില്‍ നിന്നൊക്കെ നിഖിലും കേട്ടിരുന്നു. ജീവിതം മുന്നോട്ടു പോകുമ്പോള്‍ പലതും പിന്തുടരാന്‍ കഴിയാതെ വരുമല്ലോ. കുറച്ച് വര്‍ഷമായി യാതൊന്നും അഞ്ജനെയെ പറ്റി കേട്ടിരുന്നില്ല.

അവള്‍ പതിയെ എഴുനേറ്റു.
'നടക്കാന്‍ പ്രയാസമുണ്ടോ?'നിഖില്‍ ചോദിച്ചു.
'പ്രേശ്‌നമില്ല.'
'നീ ന്താ ഇവിടെ?

' ഇവിടെ ഹോസ്പിറ്റലില്‍ വന്നെയാ ...'
അവള്‍ പറഞ്ഞു തീരും മുന്നേ അടുത്തുകണ്ട ആര്യഭവനില്‍ അഞ്ജനയുടെ കൈപിടിച്ച് നിഖില്‍ കയറിക്കഴിഞ്ഞിരുന്നു.
'ഡാ..'
'ഒന്നും പറയണ്ട ഇനി വല്ലതും കഴിച്ചിട്ട് വിശേഷം പറയാം.'
'എനിക്കു വിശപ്പില്ല'അഞ്ജന പറഞ്ഞു.
നിഖില്‍ അവളെ ഒരു ഒഴിഞ്ഞ ടേബിളിലേക്ക് വിളിച്ചിരുത്തി. മടിച്ചുനിന്നിരുന്ന അവളുടെ കയ്യില്‍ പിടിച്ചൊരധികാരത്തോടെ ഇരുത്തി.
'ഇരിക്ക് നീ '. ഇരുന്നപാടെ ഓര്‍ഡര്‍ എടുക്കാനായി വന്ന പ്രായമായ ആളിനോട് മസാലദോശയും ചായയും ഓര്‍ഡര്‍ നല്‍കി അഞ്ജനയെ ഒന്ന് നോക്കി നിഖില്‍. ഇത് പോരെ എന്നാ അര്‍ത്ഥത്തില്‍. അവളൊന്നും മിണ്ടിയില്ല.
നിഖില്‍ തന്നെ ഇത്തരത്തില്‍ നോക്കിയിരിക്കുന്നതില്‍ നേരിയവല്ലായ്മ തോന്നി.

'പറയടി. നിന്റെ വിശേഷം.. എത്ര വര്‍ഷമായി നമ്മള്‍ കണ്ടിട്ട് ല്ലേ..'
ഒന്നും മിണ്ടാതെ മൗനമായിരിക്കുന്ന അവളുടെ മുഖത്തേക്ക് തന്നെനോക്കി ഓരോന്നും നിഖില്‍ ചോദിക്കുന്നുണ്ട്. അപ്പോഴേക്കും ആവിപറക്കുന്ന മസാലദോശയും ചായയും മുന്നിലെത്തിയിരുന്നു.
'കഴിക്ക്.'
നിഖില്‍ അഞ്ജനക്ക് അനുമതി കൊടുക്കും പോലെ പറഞ്ഞു.
ഒന്‍പതു വര്‍ഷം മുന്‍പ് തന്നില്‍ നിന്നും അകന്നുപോയ അഞ്ജനയെ ഓര്‍ത്ത് പലരാത്രികളും വേദന മൂടി പോയിട്ടുണ്ട്. പ്ലസ് ടുവിനു ശേഷം  വീട് മാറിപോയ അഞ്ജനയേയും കുടുംബവും പിന്നീട് ഒരിക്കല്‍പോലും നിഖിലിന്റെ ജീവിതത്തിലേക്ക് ചിന്തയിലൂടെയല്ലാതെ വന്നിട്ടില്ല എന്നതാണ് സത്യം. ആദ്യം  കുറച്ച് കാലം വിളിക്കാനും കാണാനും എല്ലാം ശ്രമിച്ചു പരാചയപെട്ടിരുന്നു, കാലം മാറുമ്പോള്‍ ഓര്‍മ്മകള്‍ കുപ്പയില്‍ വീണ് മണ്ണിനോട് ചേരും. കല്യാണവും അറിഞ്ഞില്ല. ചില സുഹൃത്തുകളില്‍ നിന്നും വേണ്ടുന്ന വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. പതിയെ അഞ്ജനെയെ മറന്നുതുടങ്ങി. വാടാത്ത ഭംഗിയുള്ള പൂവോരെണ്ണം കയ്യില്‍ വരുമ്പോള്‍ കയ്യിലുള്ളത് എത്ര ഭംഗിയുള്ളതാണേലും വാടി തുടങ്ങിട്ട് ഉണ്ടേല്‍ കളയാറാണ് പലരും പതിവ്. ആ പലരില്‍ നിന്നും ഒട്ടും വ്യത്യസ്തനായിരുന്നില്ല നിഖിലും.


'നീ ഒന്നും മിണ്ടുന്നില്ലല്ലോ?. നിന്റെ വിശേഷങ്ങള്‍ പറ.'
 'നിനക്ക് എന്താണ് അറിയേണ്ടത്.?'
 അഞ്ജന കണ്ണുയര്‍ത്തി ചോദിച്ചു.
 'അല്ല, ഭര്‍ത്താവിനെ പറ്റി കേട്ടത്....'
 'ശരിയാണ്... അയാള്‍ മരിച്ചു. നാല് വര്‍ഷം കഴിഞ്ഞു...'
നേരിയ നിരാശയോടെ ഇടറുന്ന ശബ്ദതത്തില്‍ നിഖില്‍ ചോദിച്ചു.
 'എങ്ങനെയായിരുന്നു.?'
 ഒരുതരം പരിഹാസത്തോടെ അവള്‍ പറഞ്ഞു.
  'മദ്യം '

നിഖില്‍ തന്റെ ഇടത് കയ്യില്‍ വന്നിരുന്നു ചോരയൂറ്റികുടിച്ച് വീര്‍ത്ത കൊതുകിന്റെ മുതുകത്തായി ഒരടി നല്‍കി. രക്തം ചിതറി തെറിച്ചു. കയ്യില്‍ ഒട്ടിപിടിച്ചിരുന്ന കൊതുകിനെ വിരല്‍കൊണ്ട് തട്ടി നീക്കി. നാല് തുണ്ടമായി പൊഴിഞ്ഞു വീണ കൊതുകിനെ നോക്കി അഞ്ജനയിരുന്നു.
'എത്ര നേരമായി സഹിക്കുന്നു. ജീവിച്ചോട്ടെ എന്ന് കരുതുമ്പോള്‍....'നിഖില്‍ സ്വയം പറഞ്ഞു.ശേഷം അഞ്ജനയോടായി

 'മ്മ്.. ഞാന്‍ കേട്ടിരുന്നു.. പിന്നെ പത്രത്തിലും കണ്ടതായി ഓര്‍ക്കുന്നു.'

നിഖിലിനെയൊന്ന് ഇരുത്തി നോക്കിയ അഞ്ജന അതെഭാവത്തില്‍ കണ്ണുകള്‍ താഴ്ത്തി.

'ഇപ്പൊ എങ്ങന അപ്പോ കാര്യങ്ങള്‍?..'
അഞ്ജനമുഖമുയര്‍ത്തും മാത്രയില്‍ നിഖില്‍ കൂട്ടിചേര്‍ത്തു. 'അല്ല ജീവിതമൊക്ക ?'

'ഇങ്ങനെയങ്ങു പോകുന്നു .. നീയിന്ന് ഫ്രീ ആണോ..? ആണേല്‍ നമുക്കൊരിത്തിരി മിണ്ടാന്‍ പറ്റുവോ..?. ഒരു ഒഴിഞ്ഞിടത്ത് '
അഞ്ജന ചോദിച്ചു.
'അതിനെന്താ.. സ്ഥലം റെഡിയാക്കാം '

അഞ്ജനയൊന്നു പുഞ്ചിരിച്ചു. നിഖിലും. നിഖിലിന്റെ മുഖത്തെ ഭാവമാറ്റം അഞ്ജന നന്നായി ആസ്വദിച്ചു.

'നിനക്ക് എന്നെ കല്യാണം കഴിക്കാമോ?'
പൊടുന്നനെയുള്ള അഞ്ജനയുടെ ചോദ്യം കേട്ട് നിഖില്‍ അമ്പരന്നു.
'നിനക്ക് വട്ടാണോ.' എന്താ നീ പറയുന്നേ?'
അവന്‍ അല്പം അമ്പരപോടെ അവളെ നോക്കി.
'നീ ഞാന്‍ പറഞ്ഞതിന് മറുപടി പറഞ്ഞില്ല.'
അഞ്ജന തിരക്കി.
'നീ കാര്യമായിട്ടാണോ?'
'അതെ.'
'ബെസ്റ്റ്.. ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ.?
'എന്തെ.?'
'എടി.. നീ വിവാഹിതയാണ്.. ഇപ്പോ വിധവയും.. രണ്ട് പിള്ളേരുടെ തള്ള.. നിന്നെ ഞാന്‍ എങ്ങനെ കെട്ടും.. നാട്ടുകാര്‍ എന്ത് കരുതും.. വീട്ടുകാര്‍ എന്ത് വിചാരിക്കും. അവര്‍ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ.?
'നിനക്ക് എന്നെ ഇഷ്ടമല്ലേ ഇപ്പൊ?.
ഒരുപാട് നമ്മള്‍ പ്രണയിച്ചിരുന്നതല്ലേ. ഞാന്‍ നിനക്കെല്ലാം നല്‍കിയിട്ടില്ലേ?'
അഞ്ജന ചോദിച്ചു.'
'അന്നത്തെ പോലെയാണോ ഇപ്പൊ..?'
'പിന്നെ നീയെന്തിനാ ഞാന്‍ പറഞ്ഞപ്പോ സംസാരിക്കാന്‍ ഒരിടം റെഡിയാക്കാമെന്ന് പറഞ്ഞത്.. അത് ആരേലും കണ്ടാല്‍, അറിഞ്ഞാല്‍ പ്രശ്‌നം ആകില്ലേ?'
'ഇത് പോലാണോ കല്യാണം. ഇത് ആരും അറിയില്ല.'
'ഓഹ്..'
നിഖിലിന്റെ മുഖത്ത് അരിശം പടര്‍ന്നു തുടങ്ങി.


'നീഎന്നെ സഹായിച്ചത്. കുടിക്കാന്‍ വെള്ളം വാങ്ങി തന്നത്, കഴിക്കാന്‍ ആഹാരം വാങ്ങിതന്നതും. എനിക്കറിയാം. നിന്റെ മനസ്സില്‍ എന്താന്ന്.. നിന്റെ ആവിശ്യം എന്താണെന്ന്. വര്‍ഷങ്ങള്‍ക് ശേഷം പഴയ കാമുകിയെ കണ്ടപ്പോ ഒരു പൂതി.. ഭര്‍ത്താവ് ചത്ത് വിധവായിരിക്കുന്ന ഒരുത്തിക്ക് ചിലതെല്ലാം ആവിശ്യം കാണുമല്ലോ.... അല്ലെ... നിന്റെയൊക്കെ മനസ്സിലൊരു ചിന്തയുണ്ട് ഭര്‍ത്താവില്ലാത്ത പെണ്ണിന്റെ ജീവിതത്തെ പറ്റി...'


അഞ്ജനയുടെ കയ്യില്‍ ഒരു കൊതുക് ഇത്തിരി രക്തമൂറ്റി കുടിച്ച് തുടങ്ങി. അവളുടെ ഒരടിയില്‍ ചത്ത് തൊട്ടുപോലും നോക്കാത്ത മസാലദോശയില്‍ ചെന്നുവീണു.
'എത്രയെന്ന് വെച്ച സഹിക്കുന്നെ.. അതിപ്പോ കൊതുകയാലും മനുഷ്യനായാലും..'
അഞ്ജന പറഞ്ഞോന്നു ചിരിച്ചു.
നിഖില്‍ സംശയത്തോടെ അവളെയൊന്ന് നോക്കി.
'നിഖിലെ... ഞാന്‍ നിന്നെ പണ്ടേ മറന്നതാണ്. ഇന്ന് നീ കാണിച്ച നിന്റെ പ്രകടനങ്ങളില്‍ എന്തേലും ഉള്ള് ഉണ്ടോന്ന് അറിയാന്‍ വേണ്ടി പറഞ്ഞതാട്ടോ.. ഒന്നും തോന്നേണ്ട... എടാ പിന്നെ ബില്‍ ഞാന്‍ പേ ചെയ്‌തോളാം.. എന്റെ ചിലവ് ആയിക്കോട്ടെ... ഞാന്‍ ഇറങ്ങുവാ..'
അഞ്ജന പുഞ്ചിരിച്ചെഴുന്നേറ്റു.

'അല്ല നീ ആശുപത്രിയില്‍ വന്നെന്ന് പറഞ്ഞു.. എന്താ അസുഖം?'
അഞ്ജന സ്വന്തം വയറില്‍ ഒന്ന് തലോടി..
ഒന്നും മനസിലാവാതെ മിഴിച്ചു നിന്ന നിഖിലിനെ നോക്കി അഞ്ജന പറഞ്ഞു.
'എടാ ഞാന്‍ പ്രെഗ്‌നന്റാണ് . '
'ഗര്‍ഭിണി! ഭര്‍ത്താവ്?'

'എന്തെ വേറെ കെട്ടിക്കൂടെ.. ഇനിയിപ്പോ കെട്ടാതെ ഗര്‍ഭിണിയാലെന്താ?'അവളുടെ മൊബൈല്‍ റിങ് ചെയ്തു തുടങ്ങി.
'ഹസ്ബന്‍ഡ്?' നിഖില്‍ അതിനിടയില്‍ തിരക്കി.
'പുള്ളി മറൈന്‍ എഞ്ചിനീയറാണ്.. കഴിഞ്ഞ വീക്കില്‍ പോയി. ശരി ഞാന്‍ ഇറങ്ങുവാ..അമ്മ വിളിക്കുന്നു, ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറിയത. കാണാത്തൊണ്ടു വിളിക്കുവാ. ഇതാ എന്റെ നമ്പര്‍. ഇടക്ക് മെസ്സേജ് ചെയ്യ്.'
അഞ്ജന തന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കി. നടന്നു. വിസിറ്റിംഗ്കാര്‍ഡില്‍ നോക്കി മിഴിച്ചിരിക്കാന്‍ മാത്രമേ നിഖിലിന് കഴിഞ്ഞോളു.

'സിവില്‍ എഞ്ചിനീയര്‍,'

സ്വയം വിലയിരുത്താനുള്ള ഒരുനിമിഷമായി നിഖിലിന് തോന്നി. താന്‍ കണ്ട പലതും യാഥാര്‍ഥ്യമായിരുന്നില്ല.മഞ്ഞയെ ചുവപ്പായി തോന്നുന്ന ഒരുതരം ദുഷിച്ച ചിന്താഗതിയുടെ കണ്ണടയിലൂടെ മാത്രമായിരുന്നു താന്‍ ഈ ലോകത്തെയിതുവരെ കണ്ടതെന്നു ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നിയിരിക്കാം നിഖിലിന്. അവന്‍ തന്റെ ചിന്താഗതിയുടെ' കണ്ണടയൊടുവിലൂരി' മാറ്റി.
---------------------------
 ©നിഥിന്‍കുമാര്‍. ജെ

Post a Comment

2 Comments

  1. ശരിയാണ്, പലപ്പോഴും നമ്മെ നമ്മൾ തന്നെ വിലയിരുത്തേണ്ടതുണ്ട്.. നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ

    ReplyDelete
  2. വ്യത്യസ്തമായ പ്രമേയം

    ReplyDelete