അമ്മേ പപ്പായയുടെ ഗുണങ്ങള്‍ എന്താല്ലാമാണ് ..?'
ഉണ്ണിയുടെ ചോദ്യം കേട്ടതും പതിവു പോലെ പുറത്ത് ഇളം കാറ്റേറ്റ് നില്‍ക്കുകയായിരുന്ന അവളുടെ നോട്ടം ജാലകത്തിനിടയിലൂടെ അകത്തിരുന്ന് പഠിക്കുന്ന ഉണ്ണിയിലേക്ക് നീണ്ടു.
'ഓ..എനിക്കിവിടെ പിടിപ്പത് പണിയുണ്ട് ഇന്നെങ്കിലും പറമ്പെല്ലാമൊന്ന് വെടിപ്പാക്കണം. ആവശ്യമുള്ളതും, ഇല്ലാത്തതുമായ ഒരുപാട് പുല്ലും, ചെടികളും പടര്‍ന്നു പിടിച്ചിട്ടുണ്ട്. നിന്റെ സംശയങ്ങള്‍ അച്ഛനോട് ചോദിക്ക് '
ഉണ്ണിയുടെ ചോദ്യത്തിന് തന്റെ പ്രിയതമ പറഞ്ഞ ഉത്തരംകേട്ടതും ഉണ്ണിയുടെ അച്ഛന്‍ അവന്റെ അരികിലേക്ക് ചെന്നു ...
'എന്താ ഉണ്ണി എന്താ കാര്യം ?'
'അച്ഛാ ഓണ്‍ലൈന്‍ ക്ലാസ്സിലെ ചോദ്യത്തിന് ഉത്തരമെഴുതാനാണ്. പപ്പായയുടെ ഗുണഗണങ്ങള്‍ എന്തെല്ലാമെന്നാണ് ചോദ്യം. '
' ഓ ...അതാണോ കാര്യം, നമ്മുടെ നാട്ടില്‍ സുലഭമായി , വളരുന്നതും , കുറഞ്ഞ വിലയില്‍ വാങ്ങുവാന്‍ കിട്ടുന്നതുമായ ഫലവര്‍ഗ്ഗമാണ് പപ്പായ. അതുകൊണ്ടുതന്നെ പപ്പായയെ മറ്റ് പഴവര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ കുറവാണെന്നുതന്നെ പറയാം. അതേസമയം ഏറെ ഔഷധ ഗുണമുള്ള സസ്യ ഗണങ്ങളില്‍പ്പടുന്ന ഒന്നാണ് താനും. പപ്പായയുടെ ഇല മുതല്‍ വേര് വരെ ഔഷധ ഗുണമുള്ളതാണ്. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പപ്പായ നല്ലതാണെന്നാണ് പറയപ്പെടുന്നത്.
പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം കൊളസ്ട്രോള്‍ ഉണ്ടാകുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യും.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ പപ്പായ സ്ഥിരമായി കഴിച്ചാല്‍ മതി.
നിത്യേന പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കും.
കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനും പപ്പായ ഉത്തമമാണ്.
ഇതിലൊന്നും ഒതുങ്ങുന്നതല്ല പാപ്പായയുടെ ഔഷധ ഗുണങ്ങള്‍ എന്നതാണ് വാസ്തവം. ഇനിയും കൂടുതല്‍ അറിയണമെങ്കില്‍, മോന്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍മതി. അച്ഛന് ജോലിക്ക് പോകുവാന്‍ നേരമായി. അതുകൊണ്ടാണ്. '
'അത് സാരമില്ല .. അച്ഛാ. ചോദ്യത്തിന് ഉത്തരമെഴുതാന്‍ വേണ്ടതെല്ലാം ഇപ്പോള്‍ത്തന്നെ പറഞ്ഞുതന്നിട്ടുണ്ടല്ലോ. ഇനിയും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അച്ഛന്‍ പറഞ്ഞതു പോലെ ഞാന്‍ ഗൂഗിളില്‍ നോക്കിക്കൊള്ളാം. താങ്ക്യു അച്ഛാ ..'
അച്ഛന്റേയും മകന്റേയും സംഭാഷണം കേട്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു. തനിക്ക് ഇത്രയേറേ ഔഷധഗുണമുണ്ടെന്ന് ഇന്നാണ് താനറിയുന്നത്. അവള്‍ അഭിമാനത്തോടെ തല ഉയര്‍ത്തി.
പെട്ടെന്ന് ഭൂമി കുലുങ്ങുന്നത് പോലെ അവള്‍ക്ക് തോന്നി. ഒപ്പം ആരോ പിടിച്ച് കുലുക്കുന്നതു പോലെയും ...
അവള്‍ ഭയന്ന് കണ്ണുകള്‍ ഇറുക്കിയടച്ചു.. അല്പം കഴിഞ്ഞ് എല്ലാം ശാന്തമായി.
അവള്‍മെല്ലെ കണ്ണുകള്‍ തുറന്ന്
തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ചുറ്റും നോക്കി. ദേഹമാസകലം മണ്ണ് പറ്റിയിരിക്കുന്നു. അല്ല ...താനാണ് മണ്ണില്‍ വീണ് കിടക്കുന്നത്.. എന്താണ് സംഭവിച്ചതെന്നറിയാന്‍ അവള്‍വീണ്ടും ചുറ്റും നോക്കി.. അന്നേരമാണ് മുറിച്ച് മാറ്റപ്പെട്ട തന്റെ പാദം അവളുടെ കണ്ണിലുടക്കിയത് ഒപ്പം തൊട്ടടുത്ത് തന്നെ കത്തിയുമായി നില്‍ക്കുന്ന ഉണ്ണിയുടെ അമ്മയേയും ..
'എടാ ഉണ്ണി .. നീ എഴുതി കഴിഞ്ഞോ ?
കഴിഞ്ഞെങ്കില്‍ ഒന്നിങ്ങ് വന്നേ.. ഞാന്‍ ഇവിടെ വെട്ടിയിട്ടിരിക്കുന്ന ഇലയും കമ്പുമെല്ലാം പുറത്തു കൊണ്ടു പോയി കളയണം . ആകെ കുറച്ച് സ്ഥലമേ ഉള്ളു അവിടെയാ നിന്റെ അച്ഛന്‍ പപ്പായ കൃഷി ചെയ്യാന്‍ പോകുന്നത് വെറുതെ സ്ഥലവും സമയവും കളയാനായിട്ട്. ചവറ് കാരണം മുറ്റമടിച്ച് മനുഷ്യന്റെ നടുവൊടിഞ്ഞു ... '
' ഓ ... എന്റെ അമ്മേ എന്തിനാ ബഹളം വെയ്ക്കുന്നത് ? ഇതെല്ലാം ഞാന്‍ കൊണ്ടു പോയി കളഞ്ഞോളാം.'
ഉണ്ണി, അമ്മയുടെ ചോദ്യത്തിന് അല്പം നീരസത്തോടെയാണ് മറുപടി നല്‍കിയത്
' പപ്പായയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് അച്ഛന്‍ എന്നോടിപ്പോള്‍ പറഞ്ഞതേ ഉള്ളു ...കഷ്ടം . '
ഉണ്ണി ആത്മഗതം പറഞ്ഞു കൊണ്ട് അമ്മയുടെ വെട്ടിനിരത്തലിന് വിധേയയായി മരണപ്പെട്ട പപ്പായയുടെ തണ്ടും ഇലകളും വാരിയെടുത്തുകൊണ്ട് പുറത്തേക്ക് നടന്നു.\
------------©robin palluruthi---------
3 Comments
കൊള്ളാം... പപ്പായ പൊളിച്ചു 👍👍👍
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട് ❤️👌
ReplyDelete