പ്രത്യാശയും, ആത്മവിശ്വാസവും കൈമോശം വന്ന നാളുകളിലൊരു ദിനം കുടുംബത്തിലെ വിശന്ന വയറുകളുടെ മുഖത്തെ വല്ലാത്ത ഭാവം അയാളെ ആ തീരുമാനത്തിലെത്തിച്ചു. സമയത്തിന്റെ കാവൽക്കാരനാവാൻ.. ഒരു നേരമെങ്കിലും ആഹാരം കാണാൻ കഴിയുമല്ലോ..
അങ്ങനെ, നമ്മെ സേവിക്കുന്നവൻ നമ്മുടെ സേവകനല്ല അവൻ അവനാ യജമാനൻ എന്ന് പറയുക മാത്രം ചെയ്യുന്ന സ്നേഹ സംഘത്തിന്റെ ( ഏജൻസി ) അപേക്ഷ പത്രത്തിൽ വിറയ്ക്കുന്ന വലം കൈയ്യാൽ വടിവൊത്ത അക്ഷരങ്ങളാൽ പൂരിപ്പിച്ച് കൈയ്യൊപ്പു ചാർത്തി, സേവകന്റെ തലപ്പാവും, ആടയാഭരണങ്ങളും, ആദരവോടെ ഏറ്റുവാങ്ങി വാച്ചറായി രാഹുകാലം കഴിഞ്ഞ നല്ല സമയത്ത് ജോലി തുടങ്ങി..
ജോലിയിൽ പ്രവേശിച്ച മാത്ര മുതൽ അയാളെ നോക്കി സമയം കൊഞ്ഞനം കാട്ടി തുടങ്ങി..
സമയം പാലി ക്കാത്തവർ അവരുടെ മൗലിക അവകാശത്തിൽ കൈകടത്തി എന്ന് ആരോപിച്ച് കൊണ്ട്,
കൃത്യ സമയം പാലിച്ചവർ അവരുടെ നല്ല സമയം നഷ്ടപ്പെടുത്താൻ വേണ്ടി കവാടം സാവധാനം തുറന്നതെന്ന് പറഞ്ഞ് അയാളെ ആക്രമിച്ചു....
യഥാസമയം ചെയ്യേണ്ട പ്രവർത്തികൾ സമയത്ത് ചെയ്യാതെ അലംഭാവം കാട്ടുന്നു എന്ന തൊഴിൽ ദായക സംഘത്തിന്റെ കുറ്റപ്പെടുത്തലുകൾ..
ഇതൊക്കെ അയാളെ സമയം തികയാത്തവനാക്കി, അങ്ങനെ അയാൾ പതുക്കെ, പതുക്കെ സമയത്തെ വെറുത്ത് തുടങ്ങി.... തുടക്കം കണ്ണിൽ കാണുന്ന ഘടികാരങ്ങളൊക്കെ തച്ചുടക്കലായിരുന്നു അടുത്ത പടി.. സമയ സൈറൺ മുഴക്കുന്ന കമ്പനികൾക്ക് നേരേ കല്ലെറിയുക, തൃപ്തി വരാഞ്ഞിട്ടാവാം അടുത്ത ഘട്ടം പഞ്ചിംഗ് ഉപകരണവും ഒപ്പം പഞ്ചാംഗവും നശിപ്പിക്കുക എന്നതായിരുന്നു.... എന്നിട്ടും ഇതിലൊന്നും തൃപ്തി വരാതെ സമയത്തിന്റെ പ്രധാന കാരണക്കാരനായ സൂര്യനെ തകർക്കാൻ വരം നേടാനായി സന്യാസിയാകാൻ സമനില തെറ്റിയ സമയത്തിന്റെ കാവൽക്കാരൻ തീരുമാനിച്ച നേരമല്ലാത്ത നേരത്ത്, ജനന നേരം കുറിച്ച ശക്തി മരണ നേരവും നൽകി വീണ്ടും അയാളെ സമയത്തിന്റെ വലയത്തിലാക്കി.
----------©sunil s thinkal--------
0 Comments