Life begins where fear ends.
- Osho.
ദത്തും പരിഗണിക്കുമെന്ന സെബാന്റെ വിവാഹ പരസ്യം കണ്ടാണ് പ്ലാന്റർ മത്തായി മകൾക്കു വേണ്ടി അപേക്ഷിച്ചത് . അപ്പച്ചനേം അമ്മച്ചിയേം ഒറ്റക്കാക്കിയിട്ടു റാണിയമ്മയ്ക്കു എങ്ങോട്ടും പോകണ്ടായിരുന്നു നഴ്സിംഗ് കഴിഞ്ഞ കൂട്ടുകാരികളൊക്കെ ലണ്ടനിലും അമേരിക്കയിലും പോയി താമസം തുടങ്ങിയ ഫോട്ടോകൾ ഫേസ്ബുക്കിൽ കാണുമ്പോഴും റാണിയമ്മ കൊതിപെട്ടില്ല . ഐ ഈ എൽ റ്റിസിനു ഏഴും പോയിന്റും വാങ്ങി വീട്ടിൽ തന്നെ കുത്തിയിരിക്കുന്ന റാണിയമ്മയെ മണ്ടിയെന്നു വിളിക്കാത്ത കൂട്ടുകാരുണ്ടായിരുന്നില്ല . ഇരട്ടകണ്ടത്തിലെ ജോൺസിയുടെ മോൾ പള്ളി വെച്ചു കാണുമ്പോൾ റാണിയമ്മയെ കൊതിയോടെ കൈ പിടിക്കും അവൾ മൂന്നു തവണ എഴുതിയിട്ടും കിട്ടാത്ത പരീക്ഷ ആദ്യ തവണ തന്നെ പാസ്സായ റാണിയമ്മയോടവൾക്കു അസൂയ കലർന്ന കൊതിയായിരുന്നു . റാണിച്ചേച്ചീടെ സ്ഥാനത്തു ഞാനാരുന്നേ ഇപ്പൊ ആസ്ട്രേലിയായിലോ അയർലണ്ടിലോ ഇരുന്നു ഡോളറുണ്ടാക്കിയേനെയെന്നവൾ ഉള്ളിലൊളിപ്പിക്കാതെ കൊതി കെറുവു പറയും . എന്തേലും പഠിക്കാൻ അപ്പച്ചൻ പറഞ്ഞപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ റാണിയമ്മ നേഴ്സിങ്ങിനു അപ്ലൈ ചെയ്യുവാരുന്നു .ദൈവാനുഗ്രഹം പോലെ കോട്ടയം നേഴ്സിങ് കോളേജിൽ അഡ്മിഷനും കിട്ടി അല്ലാരുന്നേ ബോട്ടണി ഐച്ഛിക വിഷയമായിട്ടെടുത്തു ഡിഗ്രിക്കു പോകാനാരുന്നു റാണിയമ്മയുടെ തീരുമാനം .
മൂന്നാമത്തെ എം എ കഴിഞ്ഞിട്ടും തൊഴിലന്വേഷിയായി തുടരുന്ന സെബാനെ ജീവിതം വെച്ചൊരു ചൂതു കളിക്കു പ്രേരിപ്പിച്ചതു ആത്മ മിത്രം റോജൻ ചാക്കോയാണ് . ചില്ലറ വായിനോട്ടവും ഷെയറിട്ടടിയുമായി കഴിഞ്ഞിരുനന്ന റോജനെ മലർത്തിയടിച്ചതവന്റെ വിവാഹമായിരുന്നു . മണിമലക്കാരിയൊരു നേഴ്സ് പെങ്കൊച്ചിന്റെ ആലോചന വന്നപ്പോ റോജൻ ഒന്നു മടിച്ചതാണ് ചെറുക്കനേം കൂട്ടാനുള്ള വിസയുള്ള പെണ്ണാണ് താനെന്ന മോഹന വാഗ്ദാനത്തിൽ റോജൻ ചാക്കോ മൂക്കും കുത്തി വീണു . മണിക്കൂറിൽ ഇരുപത്തി അഞ്ചു പൗണ്ടു വരെ ശമ്പളം മേടിക്കുന്ന മണിമലക്കാരി റോജപ്പനെ തെംസ് നദിക്കഭിമുഖമായി നിൽക്കുന്ന ഫ്ളാറ്റിലേയ്ക്കു കൂട്ടി കൊണ്ട് പോയി .ഇതാണെടാ ജീവിതമെന്ന റോജപ്പന്റെ വിളികൾ സെബാനെ തെല്ലൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത് . വിദേശ ജോലിയുള്ള ആരെങ്കിലും കെട്ടുന്നതോടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുമെന്നു സെബാൻ സ്വപ്നം കണ്ടു . രണ്ടാണ്മക്കളിൽ മൂത്തവനായ താനീങ്ങനെ പഠിച്ചു പഠിച്ചു നശിച്ചു പോയേക്കുമെന്നു കർഷകനായ അപ്പച്ചൻ ഭയപ്പെട്ടു തുടങ്ങിയിരുന്നു .
കുട്ടിക്കാനം താഴോട്ട് കെട്ടിയ വളപ്പിൽ ജോർജ്ജ് ജോസപ്പിന്റെ മകൻ സെബാൻ ജോർജ്ജും വാഴപ്പള്ളി മരോട്ടി പറമ്പിൽ മത്തായിയുടെ മകൾ റാണിയമ്മ മാത്യുവും കത്തോലിക്കാ സഭയുടെ നിയമവും രാജ്യത്തെ നിയമവും അനുസരിച്ചു വിവാഹിതരായി ഒരുമിച്ചു ജീവിച്ചു കൊള്ളാമെന്നു പ്രതിജ്ഞ ചെയ്ത ദിവസം രാത്രി സഹ്യപർവ്വതത്തെ മുഴുവൻ നനച്ചു കൊണ്ടൊരു മഴ പെയ്തു . രണ്ടു ശരീരങ്ങൾ തമ്മിലല്ല രണ്ടു ഹൃദയങ്ങളും രണ്ടു കുടുംബങ്ങളും കൂടിയാണ് വിവാഹമെന്ന കൂദാശയിലൂടെ ഒന്നായതെന്ന മുളക്കാടൻ അച്ഛന്റെ സുവിശേഷ പ്രസംഗം ഒരാവർത്തി കൂടി ഓർത്തു കട്ടിലിലിരുന്ന സെബാൻ പുറത്തൊലിച്ചിറങ്ങുന്ന മഴയുടെ ആരവങ്ങൾ അറിഞ്ഞതേയില്ല . റാണിയമ്മയുടെ ബി എസി നേഴ്സിങ്ങിന്റെ മുകളിൽ സെബാൻറെ രാഷ്ട്ര മീമാംസയുടെ പുതു യുഗം പിറന്നിരിക്കുന്നു . കുട്ടിക്കാനമെന്ന അപരിഷ്കൃത ലോകം വിട്ടു കോട്ടയത്തെ വാഴപ്പള്ളിയെ വീടായി സ്വീകരിക്കാൻ സെബാൻ ജോർജ് സർവാത്മനാ തയ്യാറായിക്കഴിഞ്ഞു.
നറുംപാൽ ചേർത്തു തിളപ്പിച്ച ചായയിൽ തൂവിയ പഞ്ചസാര പോലെ ഏതേതെന്നു വേർതിരിച്ചറിയാൻ കഴിയാത്ത വിധം രണ്ടു വ്യക്തികൾ ഒന്നാകുമ്പോഴാണ് കുടുബമെന്ന സ്ഥാപനമുണ്ടാകുന്നത്. സ്നേഹം സംസാരിക്കുമ്പോൾ സകലതും നിശബ്ദമാകണം ഒന്നിനുമേലെ ഒന്നെന്നവണ്ണം സ്വരങ്ങൾ ഉയരുമ്പോൾ അതിനൊരു താള ലയ വിന്യസമുണ്ടാവണം . റാണിയമ്മയുടെ നിയമം സെബാൻറെ നിയമത്തിൽ നിന്നും വ്യത്യസ്തമായിരുന്നു . മോരും മുതിരയും പോലെ രണ്ടു ജീവിതങ്ങൾ നാലു ചുമരുകളുടെ ഇടയിൽ കിടന്നു വീർപ്പു മുട്ടി .പ്ലാന്റർ മത്തായിയുടെ മകളുടെ പുതിയാപ്പിളയെ തോട്ടത്തിലുള്ളവർ പോലും കാണാതെയായി ഉഗാണ്ടയുടെ ഉത്തര ദേശത്തുള്ള വിചിത്ര സ്ഥലമെന്ന പോലെ റാണിയമ്മ കുട്ടിക്കാനമെന്ന തന്റെ ഭർത്തൃ ഗ്രഹത്തെ പേടിച്ചു . ഒരു തവണ അവിടെ പോയെങ്കിലും രാത്രി മുഴുവിപ്പിക്കാതെ റാണിയമ്മ അലറിക്കരഞ്ഞു വാഴപ്പള്ളിയിലേയ്ക്കു പോന്നു . പിന്നീടൊരിക്കലും കുട്ടിക്കാനത്തേയ്ക്കവർ പോയില്ല .
ഭാഗ്യ നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ചാണ് നാം സ്ഥിരം വായിക്കുകയും അറിയുകയും ചെയ്യുന്നത് എന്നാൽ അതിൽ മത്സരിച്ചു ഹതാശരാകുന്ന ഒരുപാട് പേരുണ്ടന്ന കാര്യം അറിഞ്ഞിട്ടും നമ്മൾ അറിയാത്തതു പോലെ നടിക്കുന്നു . എല്ലാ ഭാഗ്യ പരീക്ഷണങ്ങളും വിജയിക്കണമെന്നില്ല റോജൻ ചാക്കോയുടെ വിജയിച്ച ജീവിത പരീക്ഷണത്തെ ലിറ്റ്മസാക്കിയ ആത്മമിത്രം അമ്പേ പരാജയപ്പെട്ടിരിക്കുന്നു . റാണിയമ്മ മാത്യു എന്ന ബി എസ്സി നേഴ്സസിനു മുന്നിൽ രാഷ്ട്ര മീമാംസയിൽ താൻ നേടിയ ബിരുദാനന്തര ബിരുദ പാഠങ്ങളെല്ലാം അടിയറവു വെയ്ക്കേണ്ടി വന്നിട്ടും സെബാൻ കുട്ടിക്കാനത്തേയ്ക്കു മടങ്ങി പോയില്ല .വാഴപ്പള്ളിയിലെ പ്ലാന്റർ മത്തായിയുടെ മരുമകൻ , റാണിയമ്മയുടെ ഭർത്താവ് എന്നി നിലകളിൽ ഇപ്പോഴും സെബാൻ സുരക്ഷിതനാണ്.
ഗാർഹീക പീഡനത്തിൽ നിന്നും സ്ത്രീകളെ രക്ഷിക്കാൻ 2006 ഒക്ടോബർ 26 നു പ്രസിഡന്റ് ഒപ്പു വെച്ചു നിയമമാക്കിയ സംരക്ഷണത്തിന്റെ ഒരു പരിധിയിലും താൻ ഉൾപ്പെടില്ലന്ന അറിവയാളെ ബുദ്ധനാക്കിയിരിക്കുന്നു . കുട്ടിക്കാനം കാരൻ സെബാൻ ജോർജ്ജ് ജീവിതം മോഹിച്ചു കെട്ടിയ ശ്രുശൂഷക അമ്മയാകാൻ പോയിട്ടൊരു സ്ത്രീ പോലുമല്ലെന്ന തിരിച്ചറിവിലും അയാളിപ്പോഴും വാഴപ്പള്ളിക്കാരനാണ് , പ്രത്യുതാ കോട്ടയംകാരനും.
------------©ajeeshmathew-karukayil----------------
0 Comments