ജീവിതഗന്ധം | ഉണ്ണികൃഷ്ണൻ കളമുളളതിൽ

unnikrishnan-kalamullathil-kavitha


രോഗാതുരനേകനായ്
മുറിയിലൊറ്റയ്ക്കു
കിടക്കവേ, ജനവാതിലിൽ
തട്ടി വിളിയ്ക്കുന്നു പ്രേയസി
ചെമ്പകപ്പൂങ്കുലയൊന്ന്
കയ്യിൽ പിടിച്ചവൾ ചൊല്ലുന്നു
"ഇപ്പൂവിനെയകത്തേയ്ക്ക് വെയ്ക്കുക, 
ഗന്ധം പരക്കട്ടേ, രോഗ വാട മാറട്ടെ മുറിയിൽ "
ദുഃഖാർത്തനായാ പൂവേറ്റു
വാങ്ങി ഞാൻ, ചെമ്പകപ്പൂവതെന്നാലും
ചെമ്പരത്തിപ്പൂ പോലെ
ഗന്ധമില്ലാതെയായ്
മൂക്കിനോടൊട്ട് പിടിച്ചു
പേർത്തും പേർത്തും വലിച്ചു ഞാൻ
ഇല്ല, ഒരു തരി പോലും
ഗന്ധം, ഇല്ലായ്കിലല്ല ഇന്നെനിയ്ക്കറിയാത്തതല്ലേ
അതിസൂക്ഷ്മ ശത്രുവേ നിൻമുമ്പിലെത്രമേൽ ദുർബ്ബലൻ ഞാൻ
കൊടിയടക്കട്ടെ എന്നഹന്ത തൻ
പൊങ്ങിയ പൊയ്ക്കാലും
ശക്തൻ മാനുഷനെന്ന വിചാരവും
കാണെക്കാണെയാ പൂവൊരു പൂമരമാകുന്നു
ശതകോടി പൂക്കൾ
അതിൽ വന്നു തിങ്ങുന്നു
ഞാനറിവീലെങ്കിലും എൻ
മുറിയുടെ ദുർഗന്ധം മറയുന്നു
ജീവിത ഗന്ധം പരക്കുന്നു
പൂവേ, പ്രിയപ്പെട്ട സൗഗന്ധ സൂനമേ
നിന്നോടു ചൊല്ലട്ടെ നന്ദി.
-------------©unnikrishnankalamullathil--------------

Post a Comment

0 Comments