ജീവിതത്തിന്റെ പാതയോരങ്ങൾ - ഭാഗം രണ്ട് | രമേഷ് കൃഷ്ണൻ

ramesh-krishnan
രമേശ് കൃഷ്ണന്‍



ജീവിതം കൈവിട്ടു പോകുന്നെന്ന് തോന്നി തുടങ്ങുമ്പോൾ മരണവെപ്രാളത്തിൽ അവസാനമൊരു കച്ചിതുരുമ്പ് തിരയുന്ന കഴുത്തിൽ കുരുക്കുമുറുകി ശ്വാസം കിട്ടാതെ പ്രാണനകലാതെ പിടയുന്നൊരാളുടെ മാനസികാവസ്ഥ തിരിച്ചറിയാനാകുമെന്ന് തോന്നി തുടങ്ങുന്നു...

ഒരു ദിവസം ഫീൽഡ് കഴിഞ്ഞ് നേരത്തെയെത്തി ഹോസ്റ്റലിലാരുമുണ്ടായിരുന്നില്ല.. തനിച്ചു കിടന്ന് കറങ്ങുന്ന ഫാനിലേക്ക് നോക്കി.. വട്ടം ചുറ്റികൊണ്ടേയിരിക്കുന്നു... ഇടക്ക് സ്വിച്ചൊന്ന് ഓഫാക്കി മെല്ലെ മെല്ലെ ഫാൻ കറക്കം കുറഞ്ഞ് നിശ്ചലമായി.. അപ്പോൾ വീണ്ടും ചൂടെടുക്കാൻ തുടങ്ങി വിയർത്ത് തുടങ്ങിയപ്പോൾ ഫാൻ വീണ്ടും ഓൺ ചെയ്തു... ഇളം കാറ്റ് തലോടിയപ്പോൾ ഒരു സുഖം തോന്നി.. ഫാനെന്തിനു വേണ്ടിയാണ് കറങ്ങുന്നത്.. എനിക്കുവേണ്ടി... ബെയറിംഗ് പോയി ചിറകുകളൊടിഞ്ഞ് ഒരുനാൾ ഒരു മൂലയിൽ ആക്രിക്കാരെകാത്ത് കിടക്കേണ്ടി വരുമെന്നറിഞ്ഞിട്ടും അത് എനിക്കായി എന്റെ ചൂട് ശമിപ്പിക്കാനായി തിരിഞ്ഞു കൊണ്ടേയിരിക്കുന്നു.. ഒരു കണക്കിന് മനുഷ്യനും ഫാനും ഒരു പോലെ തന്നെ... ആർക്കോ വേണ്ടി എന്തിനോ വേണ്ടി വട്ടം കറങ്ങി ഓടിപാഞ്ഞ് അവസാനമാർക്കും വേണ്ടാതെ മൂലയിലൊതുങ്ങുന്നു
ജീവിതത്തിനൊരർത്ഥവുമില്ല... വെറും ശുന്യത തന്നെയാണ് ഒരു മനുഷ്യന്റെ തുടക്കവും ഒടുക്കവും.. 

 വർക്ക് കുറവായതിനാൽ ടി. എ കൂടി കമ്പനി വെട്ടിക്കുറച്ചതോടെ പെട്രോളടിക്കാനുള്ള പൈസകൂടി ഇല്ലാതായി... ചില്ലുജാലകത്തിപ്പുറത്ത് 
മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.. അലക്ഷ്യമായി വീശുന്ന കാറ്റിൽ പേരമരത്തിന്റെ ഇലകൾ ജാലകവാതിലിൽ ഇടക്കിടെ വന്ന് തട്ടുന്നുണ്ടായിരുന്നു.. ജീവിതത്തിന്റെ അവസാനത്തെ കുറിച്ച് ചിന്തിച്ചു.. എന്റെ അവസാനമെങ്ങനെയാവും.. സ്വയം നിശ്ചയിച്ചുറപ്പിക്കുന്ന ഒരു ദിവസമാകാം എന്റെ അവസാനം..

അഴകെട്ടിയ പ്ളാസ്റ്റിക് കയറിലേക്കൊന്ന് നോക്കി സീലിംഗ്ഫാനിന്റെ അപ്പുറത്തെ ഹുക്കും ഈ പ്ലാസ്റ്റിക്ക് കയറും എനിക്കു മാത്രമുള്ളതാണെന്ന് തോന്നി..

ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തു.. അനിതയുടെ പുതിയ കഥ വന്നിരിക്കുന്നു.. അത് വായിച്ചപ്പോൾ തോന്നി

"ഇവളെങ്ങനെ എന്റെ മനസറിയുന്നു അറിയേണ്ടവരാരും  അറിഞ്ഞില്ലല്ലോ ഇതുവരെ.. "

ആത്മഹത്യാ കുറിപ്പെന്ന അവളുടെ കഥ രണ്ടുമൂന്നാവർത്തി വായിച്ചു നോക്കി... ആത്മഹത്യ ചെയ്യുന്നതിന്  മുമ്പുള്ളൊരാളുടെ മാനസികാവസ്ഥ ഇവളെങ്ങനെ അറിയുന്നു എന്നോർത്തു..

മെസഞ്ചറിൽ കയറി അവളോട് പറഞ്ഞു

"ജീവിതത്തിനും മരണത്തിനുമിടയിലെ അവസാന നിമിഷങ്ങളെങ്ങനെയാണ് സുഹൃത്തെ ഇത്ര ഭംഗിയായെഴുതുന്നത്... ജീവിതം മടുത്തുപോയൊരാളോടെങ്ങനെ ഇത്ര മനോഹരമായി ജീവിതത്തിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞു കൊടുക്കാനാവുന്നു" "

കുറച്ച് സമയത്തിനു ശേഷം മറുപടി വന്നു

" അതിലെ കഥാപാത്രം ഞാന്‍ തന്നെയായതുകൊണ്ടാവാം... ഒരു നിമിഷം ചപലമായ മനസിൽ തോന്നിയ വരികളാണത്" 

"ഞാനും ഈ നിമിഷം ചിന്തിച്ചതാണത്.." 

"എന്തിന്..." 

"അതെന്നെ അറിയാത്തതുകൊണ്ട്" 

"നിങ്ങൾ ആത്മഹത്യ ചെയ്താൽ നിങ്ങളുടെ ലോകം മാത്രമേ അവസാനിക്കുന്നുള്ളൂ... മറ്റുള്ളവർക്കായി നമ്മളെന്തിന് നമ്മുടെ ലോകം ഇല്ലാതാക്കണം..ഇടക്കൊന്ന് തിരിഞ്ഞു നോക്കുക വന്നവഴികളിലെവിടെയോ വെച്ച് നമ്മുടെ വഴിതെറ്റി പോയെന്ന് മനസിലാക്കുക... അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക.. ജീവിക്കാനെളുപ്പമാണ്... ഒഴുക്കിനെതിരെ നീന്തി കയറാനാവുമെങ്കിൽ..അതിന് കഴിയണം... കുറേയേറെ മുങ്ങിപൊന്തുമ്പോൾ താനേ പഠിക്കണം... ഒരാളും നമ്മെ പഠിപ്പിച്ചു തരാനുണ്ടാവില്ല...നീന്തൽ പഠിക്കാനോ നീന്താനോ തയ്യാറാവാത്തവർ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്... "" 

"യൂ ആർ ഗ്രേറ്റ് അനിതാ... നിങ്ങളൊരു എഴുത്തുകാരി മാത്രമല്ല മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്" 

എല്ലാദിവസവും ഓഫീസ് കഴിഞ്ഞു വന്നാൽ സംസാരിച്ചിരിക്കുന്നത് പതിവായി... കഥകളും കഥാപാത്രങ്ങളും കടന്ന് പേഴ്സണൽ കാര്യങ്ങളിലേക്കും സംസാരം നീണ്ടു.. 

ജീവിതത്തിൽ പുതിയൊരു ഊർജ്ജമായി അവൾ മാറുന്നതറിഞ്ഞു... 

ഹോസ്റ്റൽ വാടകയും ബിസിനസിനസിനായി ഫ്രണ്ടിന്റെ വൈഫിന്റെ ഓർണമെന്റ്സ് പണയപെടുതാതിയതിന്റെ ജപ്തി നോട്ടീസും വന്നത് ഒരേ സമയത്തായിരുന്നു... ഫ്രണ്ട് വിളിച്ച് വൈഫ് പിണങ്ങി പോയെന്ന് പറഞ്ഞപ്പോൾ മനസിന് ആധിയായി ആരോടും കടം മേടിച്ച് ശീലമില്ലാത്തതിനാൽ ആരോടു ചോദിക്കുമെന്നറിയാതെ മനസാ കലങ്ങിയിരിക്കുമ്പോഴാണ് അനിതയുടെ മെസേജ് വന്നത്.. മറുപടി മെസേജിൽ സാധാരണ കാണാറുള്ള പ്രസരിപ്പ് കാണാഞ്ഞ് അവൾ ആദ്യമായി വേയ്സ് കാൾ ചെയ്തു 

"എന്തുപറ്റി ആകെ ഡെസ്പ് ആണല്ലോ..." 

കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾ പറഞ്ഞു 

"ഞാൻ ഹസിനോടൊന്ന് ചോദിക്കട്ടെ ഞാൻ സാലറീഡാണെങ്കിലും എല്ലാകാര്യങ്ങളും ഹസ് അറിഞ്ഞേ ചെയ്യാറുള്ളൂ... " 

"ആയിക്കോട്ടെ..." 

മനസിന് താല്ക്കാലികമായൊരാശ്വാസം തോന്നി 

വൈകുന്നേരം അവൾ പറഞ്ഞു 

"ഹസ് പറയുന്നത് ഇതുവരെ കാണാത്തൊരാൾക്കെങ്ങനെ പണം കൊടുക്കുമെന്നാണ്.. ഫ്രോഡാണെങ്കിലോ.. "

" ഇത് ഹസ് പറഞ്ഞതോ... അതോ ഇയാളുടെ തോന്നലോ.. "

" രണ്ടുമാവാം... കാരണം വെറും മെസഞ്ചറിലെ സംസാരവും ഒന്നോരണ്ടോ കോളും കൊണ്ടൊരാളെ എങ്ങനെ വിലയിരുത്തും..." 

"ശരിയാണ് മേഡം... വളരെ ശരിയാണ്.. "

" എന്തേ ഇപ്പോഴിങ്ങനെ...മേഡം എന്നൊക്കെ... "

" ഞാൻ കരുതിയത് എന്നെ അറിയുന്നൊരാളെന്നാണ് അതുകൊണ്ടാണ് കാര്യം പറഞ്ഞത് തന്നെ  പക്ഷേ എന്നെ ഒരൽപം പോലും മനസിലാക്കിയില്ലെന്ന് മനസിലായി.. അതോണ്ടാണ് അങ്ങനെ വിളിച്ചത്.. നിങ്ങളൊക്കെ വലിയവരാണ് ഞാനത് മനസിലാക്കേണ്ടിയിരുന്നു... എന്നെയറിയുന്ന ആരോടെങ്കിലും ചോദിച്ചോളാം.. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കൂ.. "

" എന്റെ അവസ്ഥ നിങ്ങൾ മനസ്സിലാക്കൂ... ഞാനൊരു ഭാര്യയാണ്... അദ്ദേഹത്തിന്റെ അഭിപ്രായമാണെന്റേതും "

" അതിനെന്താ... അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.. എനിക്ക് മനസിലാകും... "

രണ്ടു ദിവസം അതിലേക്കടക്കാനുള്ള പൈസയുണ്ടാക്കുന്ന തിരക്കിലായിരുന്നു... ഞാൻ കാരണം ഒരു കുടുംബം രണ്ടു വഴിയായല്ലോ എന്നോർത്തപ്പോൾ സാലറി അഡ്വാൻസ് കമ്പനിയിൽ നിന്നും വാങ്ങി... ബംഗാളികളായ ലേബേഴ്സിനോട് നാട്ടിൽ പോകുമ്പോഴേക്കും തിരിച്ചു തരാമെന്ന് പറഞ്ഞ് പൈസ വാങ്ങി.. വരാനിരിക്കുന്ന വേനൽ കാലത്ത് വർക്കുണ്ടാകുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്... 

വീട് വിറ്റ് എനിക്കുള്ള ഷെയർ തന്ന് എന്നന്നേക്കുമായി എന്നെ ഒഴിവാക്കാൻ അമ്മയും ചേച്ചിയും കരുനീക്കങ്ങൾ നടത്തുന്നത് അറിയുന്നുണ്ടായിരുന്നു.. അത് നടന്നാൽ ബാധ്യതകളെല്ലാം ഒഴിവാക്കി ബാക്കി പൈസ മക്കളുടെ പേരിൽ ബാങ്കിലിട്ട് ആരും തേടിവരാനില്ലാത്തൊരിടത്ത് പോയി എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കണമെന്ന് കണക്ക് കൂട്ടി 

ഒരു കടം വീട്ടാനായി ഒരുപാട് കടമായി പലരിലേക്ക് നീണ്ടു തുടങ്ങിയ മനോവിഷമത്തിൽ വരൾച്ച ബാധിച്ച മനസിന്റെ വിങ്ങലുമായി പിന്നീടുള്ള ദിവങ്ങൾ 

ഇടക്ക് അനിത വന്ന് മെസഞ്ചറിൽ എന്തെങ്കിലും സംസാരിക്കും... പണം എത്ര വേഗമാണ് മനുഷ്യരെ മാറ്റുന്നതെന്നോർത്തു.. ഒരുപക്ഷേ അവൾക്ക് എന്നോട് സംസാരിക്കാൻ മടിയുള്ളതോണ്ടാവാം

 ഒരു ദിവസം മെസഞ്ചർ തുറന്നപ്പോൾ അവൾ കാറിനടുത്ത് നിൽക്കുന്ന ഒരു ഫോട്ടോ അയച്ചിരുന്നു 

അതിനു ചുവടെ അവളെഴുതിയിരുന്നു 

"കുറേക്കാലമായി കൂടെ ഉണ്ടായിരുന്നൊരാളിന്ന് പടിയിറങ്ങി പോയി പകരം വെളുത്ത് സുന്ദരനായൊരാൾ വീട്ടിലെത്തി... പുതിയ കാറ് വാങ്ങി ഫോട്ടോയിലുള്ളത് പഴയ കാറാണ്.. മനസിന് എന്തോ പോലെ" 

"ഹേയ്... അതിനെന്താണ് ഒരുകണക്കിൽ പറഞ്ഞാൽ ആ കാറുപോലെ തന്നെയാണ് പലർക്കും ബന്ധങ്ങളും... ആവശ്യം കഴിഞ്ഞാൽ ഒഴിവാക്കുന്ന ബന്ധങ്ങൾ "

" എന്താണങ്ങനെയൊക്കെ പറയുന്നത് "

" ഒന്നുമില്ല "

" എന്നോട് ദേഷ്യമുണ്ടോ... "

" എന്തിന് മേഡം.. ഞാനെന്തിന് ദേഷ്യപെടണം... അത് കഴിഞ്ഞു.. ആളറിയാതെ ഒരബദ്ധം ആർക്കും പറ്റും അത്തരത്തിലൊരബദ്ധം പറ്റി ഇന്നലെ പരിചയപെട്ടൊരാളോട് ഞാനങ്ങനെ ചോദിക്കാനോ പറയാനോ പാടില്ലായിരുന്നു  "

" ഫാമിലിയാകുമ്പോൾ അതിന്റെ പ്രശ്നങ്ങൾ"

" അത് വിടൂ... അതന്നത്തോടെ തീർന്നു... എന്നെ അറിയില്ലെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ലല്ലോ... അത് സാരമില്ല പുതിയ കഥയെഴുതുന്നില്ലേ "" 

"എന്തോ ഒരു മൂഡില്ല... ഒരു ബ്രേക്ക് ആവാമെന്ന് തോന്നി" 

"അത് വേണ്ട... കഥകളിലൂടെ പരിചയപെട്ടവരാണ് നമ്മൾ കഥയില്ലാതാവുമ്പോൾ കഥയുടെ കൂടെ കഥാകൃത്തും മറവിയിലേക്ക് പോകും.. അതുപാടില്ല..." 

"അല്ലെങ്കിലും എനിക്കറിയാം എഴുതാതിരിക്കുമ്പോൾ അതുവരെ വായിച്ച് പ്രശംസിച്ചിരുന്നവർ മറക്കുമെന്ന്... പരിചയപെടുമ്പോൾ തന്നെ  മറക്കാനുള്ള വഴികൾ തിരയുന്നവരാണ് അധികവും... അവർക്ക് ഇഷ്ടപെടാത്ത കഥകളിടുമ്പോൾ തന്നെ ഓരോരുത്തരുടെയും മനോഭാവം ഞാനറിഞ്ഞു വെച്ചിട്ടുണ്ട്.. "" 

"മറക്കിതിരിക്കാനെന്തെങ്കിലും അടയാളമവശേഷിപ്പിക്കണം" 

"എന്തടയാളം" 

"ചില സാഹചര്യങ്ങൾ... നമ്മൾക്കിടയിലുണ്ടായ പോലെ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ" "
" കടം തരില്ലെന്ന് പറയുന്നതോ.. "

" അതിനിയും വിട്ടില്ലേ..അതല്ല ആത്മഹത്യാ കുറിപ്പെന്ന കഥ "

" ഓ... മോട്ടിവേഷൻ "

" അതന്നെ.." 

"എന്നോട് ദേഷ്യമൊന്നുമില്ലലോ അല്ലേ" 

"എന്തിന് മേഡം... എനിക്കെന്ത് ദേഷ്യം... നിങ്ങളോട് ദേഷ്യപെടാൻ ഞാനാര്... വെറുമൊരു വായനക്കാരൻ.. ""

അതുപറഞ്ഞ് നെറ്റ് ഓഫ് ചെയ്ത്.. ഹോസ്റ്റലിന്റെ ജനാല തുറന്നു പുറത്തേക്ക് നോക്കി...മഴപെയ്തൊഴിഞ്ഞ പകലിൽ റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിൽ ഏതോ കിളികൾ മുങ്ങിക്കുളിച്ച് ചിറക് കുടയുന്നത് കണ്ടു... മരതലപ്പുകളിൽയനിന്ന് ഇറ്റുവീഴുന്ന മഴതുള്ളികളപ്പോഴും ഭൂമിയുടെ മാറിൽ വീണ് പരന്നു കൊണ്ടേയിരുന്നു... 

(തുടരും)

Post a Comment

0 Comments