ഹിങ്കോജ് | അമല്‍

0

shortstory,malayalam,amal,hinkoj,manas,train,manavatti,


ണക്കു കൂട്ടലുകള്‍ തെറ്റിയിരിക്കുന്നുവോ? അങ്ങനെ വരാന്‍ വഴിയില്ല. B3യില്‍ ആയിരുന്നു കയറേണ്ടിയിരുന്നത്. അതിപ്പോള്‍ ഒരുപാടു പിന്നില്‍ പോയിരിക്കുന്നു. ഓടുക എന്നതല്ലാതെ വേറെ വഴി കാണുന്നില്ല. നീല നിറം ഉള്ള സഞ്ചാരിതഞ്ചി വലിച്ചു ഇഴച്ചു കൊണ്ട് ഓടുന്നതിനിടയില്‍ മനസിനെ പറഞ്ഞു ഫലിപ്പിച്ചു. 'അതേടോ തനിക്ക് അബദ്ധം പറ്റിയിരിക്കുന്നു'. അത് വലിയ പാടുള്ള പണിയായിരുന്നു. 

ഓടുന്നതിനേക്കാളും ഒക്കെ ഏറെ പാടുള്ളത്. ഓടി ഒരുവിധം കവാടത്തിനു മുന്നില്‍ എത്തിയിരിക്കുന്നു.ട്രെയിനില്‍ നിന്നും മണവാട്ടികള്‍ ഓരോരുത്തരായി ഇറങ്ങി പുറത്തു വരുന്നു. 'ദൈവത്തിന്റെ മണവാട്ടികള്‍' എന്ന് പറയുന്നതാവും കൂടുതല്‍ ശരി. വിധി പ്രകാരം ഉള്ള പതിവ് വസ്ത്രം. മൂന്നു പേരുണ്ട്. അകത്തു നിന്ന് ആരോ ബാഗുകള്‍ പുറത്തേയ്ക്ക് വലിച്ചു നീട്ടി കൊടുക്കുന്നുണ്ട്. കുറെ ഉണ്ടെന്ന് തോന്നുന്നു. വെളിയില്‍ ഉള്ളവ നോക്കിയാല്‍ എല്ലാം ഭാരം ഉള്ളവയാണെന്നു മനസിലാക്കാം . അതുകൊണ്ടായിരിക്കാം എടുത്തു കൊടുക്കുന്ന ആള്‍ തല ഉയര്‍ത്താതെ ആ ജോലി ചെയ്യുന്നത്. 

വളരെ വലിയ ഒരു ബാഗ് വന്നപ്പോള്‍ ഞാന്‍ അതിന്റെ പിടിയില്‍ കൈ വയ്ക്കാന്‍ നോക്കി. എന്നെകൊണ്ട് ആകുന്നത് ചെയ്യാം എന്ന നല്ലൊരു ഉദ്ദേശ്യം മനസ്സില്‍ വച്ചുകൊണ്ട് തന്നെ. ' ഒന്ന് കാത്തിരിക്കൂ മിസ്റ്റര്‍..... ഇതൊന്നു ഇറക്കി കൊള്ളട്ടെ. ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ?' ജോലിയില്‍ നിന്നും മാറി അയാള്‍ തല ഉയര്‍ത്തി കൊണ്ട് എന്നോട് പറഞ്ഞു. വെള്ളയും കറുപ്പും ഇടതൂര്‍ന്ന ഒരു താടിക്കാരന്‍. 'അല്ല, ഞാന്‍ സഹായിക്കാം എന്ന് കരുതി'. എന്ന് പറയണം എന്നുണ്ടായിരുന്നു. മണവാട്ടിമാരില്‍ ഒരാള്‍ എന്നെത്തന്നെ നോക്കുകയായിരുന്നു. അവര്‍ക്ക് മനസിലായിട്ടുണ്ടാവണം. 

ഞാന്‍ അല്പം ബഹുമാനം മുഖത്ത് വരുത്തി ഒരു വശത്തേക്ക് മാറിനിന്നു. അയാള്‍ അവരുടെ വേലക്കാരന്‍ ആയിരിക്കണം. 'മണവാട്ടിമാര്‍ ആകുമ്പോള്‍ പരിചാരകരുടെ ആവശ്യം ഉണ്ടോ?'. സ്വയം മനസ്സില്‍ ചോദിച്ചു. ദൈവത്തിന്റെ കയ്യില്‍ ആണെങ്കില്‍ പണത്തിനു കുറവില്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എത്ര വേണമെങ്കിലും ആവാം എന്നായി. ' കഴിഞ്ഞിരിക്കുന്നു'.... അയാള്‍ വിളിച്ചു പറഞ്ഞു. ഞാന്‍ എന്റെ സഞ്ചാരി തഞ്ചിയുമായി അകത്തേക്ക് കയറി. സൈഡില്‍ താഴെ ആയിട്ടാണ് എന്റെ ബര്‍ത്. മുകളിലത്തേതിലേക്കു നോക്കി. 'ഇല്ല, ആരുമില്ല'. തഞ്ചി സീറ്റിനടിയില്‍ ഒതുക്കി വച്ചുകൊണ്ട് ഞാന്‍ പുതപ്പു എടുത്ത് കാല്‍ നിവര്‍ത്തിയിരുന്നു. അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത് എന്നെക്കൂടാതെ ഒരു ചെറുപ്പക്കാരന്‍ കൂടി കമ്പാര്‍ട്മെന്റില്‍ ഉണ്ട്. 

സുമുഖന്‍, വെളുത്ത നിറം, കഴുത്തിലെ പച്ച ഞരമ്പ് തെളിഞ്ഞു കാണാം. മടിയില്‍ ഒരു ചെറിയ ബാഗ് ഉണ്ട്. സീറ്റിന്റെ അടിയിലും ഉണ്ട് ഒരെണ്ണം. കണ്ടാല്‍ ഹിമാചലോ ഉത്തരാഖണ്ഡിലെയോ താഴ്വാര പ്രദേശങ്ങളില്‍ നിന്നുള്ളത് ആണെന്ന്  തോന്നും. നീണ്ട മീശ താഴേക്കു ചുരുണ്ടു പോയത്, പേശികള്‍ ഒക്കെ ഉരുണ്ടതും ഉയരം തീരെ കുറവും ആണ്. മഞ്ഞു കൂടുതല്‍ ഉള്ള മലമ്പ്രദേശങ്ങളില്‍ ആണ് ഇങ്ങനെ ഉള്ളവരെ സാധാരണ കാണാറുള്ളത്. അവന്‍ എന്നെ ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്ന് എനിക്ക് മനസിലായി. അവന്റെ കണ്ണുകള്‍ മൊബൈലിലെ എന്തിനെയോ പരതുകയാണ്. ചുറ്റുപാടും നടന്ന ഒരു മാറ്റത്തെയും അവന്‍ ഗൗനിക്കുന്നില്ല. 

പഠിക്കുകയാവും ഇവിടെ എവിടെ എങ്കിലും, ജോലി ചെയ്യാന്‍ ഉള്ള പ്രായം ഉള്ളതായി തോന്നുന്നില്ല. ഇപ്പോള്‍ അവധിക്കു വീട്ടില്‍ പോകുന്നതാവാം. അവന്റെ എതിര്‍വശത്തെ സീറ്റില്‍ ഉറങ്ങാന്‍ തയാറെടുത്ത പിന്നീട് തീരുമാനം ഉപേക്ഷിക്കപ്പെട്ട രീതിയില്‍ കട്ടി കൂടിയ കമ്പിളി പുതപ്പും വായു നിറച്ച ഒരു തലയിണയും കാണാം. സീറ്റിനടിയില്‍ ഒരു കറുത്ത നിറമുള്ള വലിയ ബാഗും. ട്രെയിന്‍ പതിയെ നീങ്ങി തുടങ്ങിയിരിക്കുന്നു. എന്തൊക്കെയോ സ്വയം പുലമ്പിക്കൊണ്ട് ഒരാള്‍ ആ സീറ്റിലേക്ക് വന്നിരുന്നു. മഞ്ഞ നിറമുള്ള അയാളുടെ മുഖത്തില്‍ ഒരു കണ്ണാടി കൂടി ഉണ്ട്. അയാള്‍ ആ കന്യാസ്ത്രീകളെ സഹായിക്കുക ആയിരുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ തന്നെ. അത് തന്നെ അല്ലെ ഞാനും ചെയ്യാന്‍ ശ്രമിച്ചത്?  പിന്നെ എന്തിനാകും അയാള്‍ അങ്ങനെ പ്രതികരിച്ചത്?. അയാളോട് അപ്പോള്‍ തോന്നിയ ആ ചെറിയ ദേഷ്യം ഒരു ബഹുമാനം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അയാള്‍ എന്നോട് എന്തോ പറയാന്‍ തുടങ്ങുന്നു. ഞാന്‍ അയാള്‍ക്ക് മുഖം കൊടുക്കാതെ മൊബൈല്‍ തുറന്നു.

 സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു യാത്ര നടത്തി. തുണിയുടുത്തതും ഉടുപ്പിക്കാത്തതും ആയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ശ്രമിക്കുന്ന ചില ലേഖനങ്ങള്‍, ട്രോളുകള്‍. പലതും അബദ്ധ പഞ്ചാംഗങ്ങള്‍ തന്നെ. 'തന്തയില്ലാത്ത ഡിജിറ്റലിസം' എന്ന് ആരോ വിശേഷിപ്പിച്ചത് ഓര്‍ത്തു പോയി. സമയം രാത്രി ഒമ്പതു കഴിഞ്ഞിരിക്കുന്നു. B3 യില്‍ ആണെങ്കില്‍ അംഗുലീയ പരിമിതരായ മനുഷ്യരെ ഉള്ളു. ആ ട്രെയിന്‍ ഒരു ഭാഗം വയ്ച്ച തറവാട് പോലെ തോന്നി എനിക്ക്. കഷ്ടിച്ച് നോക്കിയാല്‍ നാലു മണിക്കൂര്‍ യാത്ര ആണ് എനിക്കുള്ളത്. ഉറങ്ങേണ്ട ആവശ്യം ഇല്ല എന്ന് നേരത്തെ നിശ്ചയിച്ചു വച്ചിരുന്നു. കയ്യില്‍ സമയം പോക്കിന് ഈ മൊബൈല്‍ അല്ലാതെ വേറെ ഒരു വഴിയും ഇല്ല. 'എവിടേയ്ക്കാണ്? നിങ്ങള്‍ എന്താ ചെയ്യുന്നത് ?'. നിശബ്ദതതയുടെ മേല്‍ കഠാര കുത്തി ഇറക്കി കൊണ്ട് താടിക്കാരന്റെ ശബ്ദം  വന്നു. ഞാന്‍ തല ഉയര്‍ത്തി അയാളെ നോക്കി. എന്നോടായിരുന്നില്ല. ' ഇവിടെ പഠിക്കുകയാണ്. ഇപ്പോള്‍ നാട്ടിലേക്കു പോകുന്നു. കുറച്ചു ദിവസം അവധിയായിരിക്കും'. പൊതുവെ മിതഭാഷി ആണെന്ന് തോന്നിക്കുന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി. 

ഞാന്‍ അവനെ 'ഹിങ്കോജ്' എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു. സംസാരിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ക്ക് ഒരു തിളക്കം ഉണ്ട്. മറ്റുള്ളവരെ പെട്ടെന്ന് അവനിലേക്ക് ആകര്‍ഷിക്കുന്ന രണ്ടു ഘടകങ്ങള്‍ ആണ് ആ കണ്ണുകളും, തെളിഞ്ഞു കാണുന്ന ആ പച്ച ഞരമ്പും. 'ഞാന്‍ സാഹസികമായ ജോലികള്‍ ചെയ്തിരുന്ന ഒരാളാണ്. ഒരുപാടു മലകളും കുന്നുകളും കയറി ഇറങ്ങിയിട്ടുണ്ട്. പറക്കുന്ന വിമാനങ്ങളില്‍ നിന്നും 'പ്ലവഗോപകരണം' വഴി നിലത്തിറങ്ങിയിട്ടുണ്ട്'. താടിക്കാരന്‍ തന്റെ സാഹസിക കഥകള്‍ക്ക് തിരി കൊളുത്തി. അയാള്‍ പേര് പറയാന്‍ കൂട്ടാക്കിയില്ല. വീടോ സ്ഥലമോ അങ്ങനെ തന്നെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ. ഞങ്ങള്‍ രണ്ടാളും അത് കേട്ടിരിക്കാന്‍ തുടങ്ങി. പലതും എന്നില്‍ ചിരി ഉണ്ടാക്കി. എന്നാല്‍ ആ രസചരട് പൊട്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. 

ഞാന്‍ ചിരിയ്ക്കു താഴിട്ടു ചുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു. അറുപതുകാലം കഴിഞ്ഞ ആ മനുഷ്യനെ കണ്ടാല്‍ അയാള്‍ പറയുന്നത് ഒന്നും വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ കഥ പറയാന്‍ തന്റെതായ ഒരു ശൈലി അയാള്‍ ഹൃദ്വിസ്ഥം ആക്കിയിരിക്കുന്നു. അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ' പല തവണ വീഴുകയും ഒടിയുകയും ചെയ്തിട്ടുണ്ട്. ദേഹമാസകലം കമ്പികളും സ്‌ക്രൂവും ആണ്. വിശ്വാസം വരുന്നില്ലെങ്കില്‍ ഇതാ കണ്ടോളു...'. എന്ന് പറഞ്ഞു താടിക്കാരന്‍ ഹിങ്കോജിന്റെ കയ്യില്‍ പിടിച്ചു. അവന്റെ കൈ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാളുടെ കാലുകളിലൂടെ തടവി കൊണ്ട് പറഞ്ഞു 'ഇത് ഒന്ന്', കാല്‍ മുട്ടില്‍ കൈ എത്തിച്ചു ' ഇതു വേറെ ഒന്ന്, 

ഇനി ഒന്നുള്ളത് വളരെ വലുതാണ്. തുടയില്‍ ആണ്'. അയാള്‍ അവന്റെ കൈ  ബലമായി പിടിച്ചു കൊണ്ട് പോകുന്നതായി തോന്നി. 'തോന്നലാകുമോ? ഭാവന മനുഷ്യന്റെ ശത്രു ആണല്ലോ?? തോന്നിയതാവും'. മനസ്സില്‍ കരുതി. 'ഇല്ല, നിങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കില്ല'. ഹിങ്കോജ് ആണ്. അവന്റെ വെളുത്തു തുടുത്ത മുഖം സന്ധ്യാ സൂര്യനെ പോലെ ചുവപ്പിന്റെ തീവ്രത കൈവരിച്ചിരിക്കുന്നു. പച്ച ഞരമ്പുകളില്‍ കറുത്ത ചോര ഓടാന്‍ തുടങ്ങി. അത് തലച്ചോറിലേക്ക് കടന്നാല്‍ അവന്‍ കൂടുതല്‍ അക്രമത്തിനു മുതിര്‍ന്നേക്കാം. അപകടം മുന്‍കൂട്ടി അറിഞ്ഞ താടിക്കാരന്‍ തന്റെ കമ്പിളി പുതപ്പിനടിയില്‍ ചുരുണ്ടി കൂടി കിടന്നു. അയാള്‍ ഒരു സാഹസികന്‍ തന്നെ ആണ് എന്ന് തെളിയിച്ചിരിക്കുന്നു. അല്ലെങ്കില്‍ രണ്ടു ചെറുപ്പക്കാരുടെ മുന്നില്‍ ഒറ്റയ്ക്ക് ഒരാള്‍ ഈ പണിക്ക് മുതിരില്ല. ഹിങ്കോജ് ശാന്തനായിരിക്കുന്നു. 

ഞരമ്പുകള്‍ പഴയ നിറം നേടിയെടുത്തിരിക്കുന്നു. അവന്‍ എന്നെ നോക്കുന്നുണ്ട്. എന്തോ പറയണം എന്ന പോലെ. തടിക്കാരന്‍ ഉറങ്ങുകയാണ്. ഒന്നും അറിയാത്ത പോലെ. തല തല്ലി പൊളിക്കാന്‍ ഉള്ള ദേഷ്യം അവന് ഉണ്ടാകും. സഹായം ചോദിക്കാന്‍ ആണോ എന്നെ നോക്കുന്നത്. ഞാന്‍ അവന്റെ മുഖത്ത് നോക്കാതെ ഇരുന്നു. ഈ ഞാന്‍ എന്നത് ഒരു തരം സ്വാര്‍ത്ഥതയുടെ പ്രതിമ പോലെ ആണ്. നില്‍ക്കുന്നിടത്തു നിന്ന് വ്യതിചലിക്കാന്‍ ആഗ്രഹിക്കാത്തത്. കണ്ണടച്ചു കുനിഞ്ഞിരുന്ന എത്ര 'ഞാന്‍' ഇതുപോലെ പല ട്രെയിനുകളിലായി യാത്ര ചെയ്തിട്ടുണ്ടാവാം. ഹിങ്കോജുമുണ്ടാകാം.അവന് ശബ്ദം ഉണ്ടായിരുന്നു. തനിക്കു നേരെ വരുന്ന കൈകള്‍ തട്ടിയകറ്റാന്‍ ആരോഗ്യവുമുണ്ട്. അവിടെ ഒരു 'ഹിങ്കോജി' ആയിരുന്നെങ്കിലോ? ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത മൃദു ശബ്ദരായ, ദൃഢമായ ശരീരം ഇല്ലാത്തവര്‍. അവരുടെ ഗതി എന്താകുമായിരുന്നു. തദവസരത്തില്‍ ഈ 'ഞാന്‍' പ്രതികരിക്കുമായിരുന്നോ? പ്രതികരിച്ചേക്കാം. ഇല്ലെങ്കില്‍ 'ആ പെണ്ണിന്റെ മാനം കപ്പല് കയറേണ്ടി വരും'. ഇവിടെ എന്റെ കണ്മുന്നില്‍ ഒരു ആണിന്റെ മാനം. ട്രെയിന്‍ നിര്‍ത്തി. 

എനിക്ക് ഇറങ്ങേണ്ട സ്ഥലം ആയി. എന്റെ തഞ്ചിയുമായി ഞാന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു. എന്നിലെ സാമൂഹ്യ ജീവി എത്രത്തോളം ഹൃദയശൂന്യന്‍ ആയിരുന്നു എന്ന് ഞാന്‍ മനസിലാക്കി. ആ ചെറുപ്പക്കാരനോട് ഒരു ആശ്വാസ വാക്കെങ്കിലും പറയാമായിരുന്നു. അതുകൊണ്ട് അവനുണ്ടായ മാനകേടിനു ചെറുതെങ്കിലും. ആണിന്റെ മാനം ! മുന്‍പെങ്ങും അങ്ങനെ ഒന്ന് കേട്ടിട്ടില്ലല്ലോ.? ആണിന് മാനം ഉണ്ടോ? ഉണ്ടാവണമല്ലോ.... കാടും കപ്പലും കയറാത്ത ഒറ്റ മാനം മാത്രമേ അവനു മുന്നില്‍ ഉള്ളൂ. രാത്രിയില്‍ ഇരുട്ടുമൂടുമ്പോളും താരശോഭ  ചൊരിയുന്ന നീലാകാശം മാത്രം...

---------©amal-----------

Post a Comment

0 Comments
Post a Comment (0)
To Top