വിക്ടറിന്റെ ആരതി | ധന അയ്യപ്പന്‍

film,pranayavarnagna,niroopanam,dhana


''പ്രണയവര്‍ണ്ണങ്ങളില്‍'' മായയേക്കാളെറെ ഉള്ളില്‍ കൊരുത്തുപോയത് ആരതിയാണ്. നിമിഷനേരം കൊണ്ട് തന്റെ ചിന്തകളെ അക്ഷരങ്ങളിലേക്ക് ഒഴുക്കുന്നവള്‍! ഗ്രാമീണതയുടെ വശ്യതയില്‍ വളര്‍ന്നുവന്ന അവള്‍ നഗരത്തിന്റെ തിരക്കുകളില്‍പെട്ട് ഞെരുങ്ങിയമരുന്നതായി പലപോഴും തോന്നി. 

പഠനവും എഴുത്തും വായനയും മാത്രമായ അവളുടെ സ്വപ്നലോകം, കൂട്ടിനായി പ്രകൃതിയും ശാന്തതയും. ആരതിയില്‍ മുഴുകി യിരിക്കുന്ന നമ്മളെ വിസ്മയിപ്പിക്കുന്നത് വിക്ടറിന്റെ കണ്ണുകളാണ്.. നോട്ടം കൊണ്ട് പോലും തന്റെ പ്രിയപ്പെട്ടവളെ വേദനിപ്പിക്കാതെ കൂടെയുണ്ടെന്ന് പലയാവര്‍ത്തി അയാള്‍ ഓര്‍മിപ്പിക്കുന്നു, പാറിപറക്കുന്ന അവളെ ആ കണ്ണുകള്‍ തേടികൊണ്ടെയിരുന്നു. 


വരാന്തകള്‍ക്കിടയിലും ചുമരുകള്‍ക്കിടയിലും നിശബ്ദത വിഴുങ്ങിയ അവന്റെ പ്രണയം അവളുടെ ചിരികളില്‍ പെട്ട് ചത്തുപോകുന്നു. 
നഷ്ടപ്രണയത്തിന്റെ തോരണങ്ങളില്‍ എനിക്കെന്തോ വിക്ടറിനെ കാണാന്‍ കഴിഞ്ഞില്ല! നോട്ടം കൊണ്ടോ ചിന്തകള്‍ കൊണ്ടോ അയാള്‍ ഒരിക്കലും അവളെ വരിഞ്ഞുമുറുക്കിയിരുന്നില്ല, പ്രിയപ്പെട്ടതിനെ വേദനിപ്പിക്കാത്ത സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത അയാള്‍ക്ക് എങ്ങനെയാണ് ''പ്രണയം'' നഷ്ടപ്പെട്ടു എന്ന് പാറയാനവുക? 


തന്റെ കൂട്ടുകാരിയെ സ്വപ്നലോകത്തില്‍ നിന്നും ' മായ ' ലോകത്തിലേക്ക് വലിച്ചിടാനുള്ള ശ്രമങ്ങള്‍, അതിനായ് കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍. കുസൃതിയുടെ ഭാവത്താല്‍ ' മായ ' പ്രണയത്തെ ഒഴുക്കിവിട്ട് തിരകളില്‍ ആര്‍ത്തുല്ലസിക്കുന്നുണ്ടവള്‍. പ്രണയത്തിന്റെ വേലിയേറ്റങ്ങള്‍ ആരതിയില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍, നിമിനേരംകൊണ്ട് ആഴമേറിയ ഗര്‍ത്തങ്ങളാവുന്നു, അക്ഷരങ്ങളും ശാന്തതയും കാണാപ്പുറങ്ങളും. ' മായ ' പ്രണയത്തിന്റെ നിറത്തില്‍ വീണ്ടുമവള്‍ സ്വപ്നങ്ങള്‍ തീര്‍ത്തുകൊണ്ടെയിരുന്നു. കരിനിഴല്‍ വീണ മാത്രയില്‍ മാനസ്സിക സമ്മര്‍ദങ്ങളുടെ കയത്തില്‍പെട്ട് ചായങ്ങള്‍ ഉരുകിയൊലിച്ച് നിലയില്ലാതെ മുങ്ങിത്താഴുന്ന നേരങ്ങളില്‍  ഉയരുന്ന കൈകള്‍ക്കറ്റം അവള്‍ക്കായി നീളുന്ന വിക്ടറിന്റെ വിരലുകള്‍!  തനിക്കായ് ഒരിടമില്ല അവളില്‍ എന്നറിഞ്ഞിട്ടും അടിയാഴങ്ങളില്‍ പ്രണയം നീറുന്നു, ഉള്ളുരുക്കുന്ന പ്രിയപ്പെട്ടവളുടെ ചിരികള്‍ക്കായ്  സ്വയം മറക്കുന്നു. 
നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇത്രയും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാന്‍ വിക്ടര്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു..?
കലങ്ങി തെളിഞ്ഞ ആരതിയില്‍ വീണ്ടും ചിരികള്‍ ഊറിവരുന്നു.. വരാന്തയുടെ നിശബ്ദതയില്‍ വിണ്ടുകീറിയ വിക്ടറിന്റെ പ്രണയം ആരതിയില്‍ വര്‍ണ്ണചായങ്ങള്‍ തീര്‍ക്കട്ടെ! ഇരു ചിരികളിളും മിഴിനീര്‍ പടരാതിരിക്കട്ടെ..!
__© DHANA AYYAPPAN___


പ്രണയവര്‍ണ്ണങ്ങളിലെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍... എന്ന ഗാനം.


Post a Comment

0 Comments