പുതുക്കുളങ്ങര ദേവി ക്ഷേത്രം
ദുര്‍ഗ്ഗാദേവി പ്രധാന ദേവതയായ, എന്റെ കുടുംബക്ഷേത്രം കൂടിയായ, പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലേക്കാണ് ഞങ്ങളുടെ അടുത്ത യാത്ര തുടര്‍ന്നത്. പ്രകൃതിയില്‍ ദൈവികതയെ ദര്‍ശിക്കാനാകുന്ന പ്രകൃതി രമണീയമായ ഒരന്തരീക്ഷമാണ് ഇവിടെയുള്ളത്. പണ്ടുകാലത്തെ കാടും, നാടും തമ്മിലുള്ള ഒരു സവിശേഷബന്ധം ഈ ക്ഷേത്രത്തിന്റെ ആചാരനുഷ്ഠാനങ്ങളിലൂടെ ദര്‍ശിക്കാനാകും എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. മിക്കപ്പോഴും കുടുംബസമേതം സന്ദര്‍ശിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്.
പ്രകൃതിസുന്ദരമായ ഈ പ്രദേശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു വനാന്തരീക്ഷമാണ് എപ്പോഴും എനിക്ക് അനുഭവപ്പെടാറുള്ളത്. ക്ഷേത്രത്തിന് ഉയരമുള്ള പ്രത്യേക മതില് കെട്ടില്ല ഇവിടെ. റോഡിന്റെ നിരപ്പില്‍ നിന്നും അല്‍പ്പം ഉയരത്തിലുള്ള ഒരു പ്രദേശത്താണ് ക്ഷേത്രം ഉള്ളത്. റോഡില്‍ നിന്നും ഏതാനും കല്‍പ്പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ തന്നെ വലതുവശത്തായി ഒരാലാണ് ഭക്തരെ ആദ്യം വരവേല്‍ക്കുക. നേരെ നടന്നു ചെല്ലുന്നത് ആനക്കൊട്ടിലും അമ്പലവും സ്ഥിതി ചെയ്യുന്നിടത്തേക്കാണ് . അതിനപ്പുറം പമ്പാനദിയുടെ ശാഖാനദിയായ വരട്ടാറാണ്. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശമുള്ള 'വരട്ടെ ആറ്' എന്നത് ലോപിച്ചാണ് 'വരട്ടാര്‍' ആയി ഇപ്പോള്‍ അറിയപ്പെടുന്നത്. ഒരുകാലത്ത് ആറിന്റെ കരയിലുള്ള വീടുകളില്‍പോലും ഉപയോഗിച്ചിരുന്ന ജലസ്രോതസ്സായിരുന്നു വരട്ടാറിന്റേത് എന്ന് കേട്ടിട്ടുണ്ട്. പിന്നീട് മനുഷ്യരുടെ പലവിധ തിന്മകളാല് ആറ് എന്നത് ചതുപ്പു പാടങ്ങള്‍ പോലെ ആയിമാറി. ഇന്ന് അതൊരു ആറാണെന്ന് പറയില്ല. എന്നാല്‍ ആറിനെ നല്ലതാക്കിയെടുക്കാന്‍ ചില നീക്കങ്ങള്‍ നല്ലവരായ നാട്ടുകാര്‍ നടത്തുന്നുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. ഈ വരട്ടാറിന്റെ കരയിലെ വിശാലമായ ഒരു സമതല പ്രദേശത്തിലാണ് ക്ഷേത്രം. കുളിര്‍കാറ്റും, പച്ചപ്പും, പ്രദിക്ഷണ വഴിയിലെ കാവുമൊക്കെ ഏതൊരു ഭക്തനും മനസ്സിന് ഉന്മേഷം നല്‍കും എന്നുറപ്പാണ്. വഴിപാട് കൗണ്ടര്‍ ഉള്ള ഒരു ചെറു ഓഫീസ് ബില്‍ഡിങ്ങും ആനക്കൊട്ടിലിനപ്പുറത്ത് കാണാനാകും.
അതിവിശിഷ്ടമായ ഒരു സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുന്ന പുരാതന ദ്രാവിഡ ആചാര കലാരൂപം 'പടയണി' വര്‍ഷം തോറും നടത്തപ്പെടുന്ന മധ്യകേരളത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. എന്നാല്‍ ചുരുക്കം ചില വര്‍ഷങ്ങളില്‍ ദേവീഹിത പ്രകാരം പടയണി നടത്താറില്ല. പടയണി ഉത്സവത്തിന്റെ പ്രധാനപെട്ട ഒന്നാണ് കോലം തുള്ളല്‍. അതില്‍ ദൈവികതയുള്ളതും, ദുഷ്ടതയുള്ളതുമായ കഥാപാത്രങ്ങളുടെ ആള്‍മാറാട്ടങ്ങളും ഭാവങ്ങളും ആണവതരിപ്പിക്കുക. പരമ്പരാഗതമായ ഇത്തരം കോലങ്ങള്‍ പ്രകൃതിദത്തമായ ഛായങ്ങള്‍ ഉപയോഗിച്ച് പാളയില്‍ നിര്‍മ്മിച്ച് അവതരിപ്പിക്കുന്നു. പരമ്പരാഗത കലാകാരന്മാര് കോലങ്ങള്‍ (മുഖംമൂടികള്‍) സൃഷ്ടിക്കുകയും, പരിശീലനം ലഭിച്ച നര്‍ത്തകര്‍ അവയെ തലയില്‍ വെച്ച് നൃത്തം ചെയ്യുകയും ചെയ്യുന്നു. ദേവിപ്രീതിക്ക് പ്രധാനമാണ് പടയണി. അനേകം ഭക്തര്‍ ഉത്സവത്തിനോടനുബന്ധിച്ച് വഴിപാടായി ഇത് ഇവിടെ നടത്തപ്പെടുന്നു.
കോലത്തിന്റെ നിരവധി ഇനങ്ങള്‍ ഉണ്ട്. യക്ഷി, പക്ഷി, മാടന്, മറുത, കാലന്, ഭൈരവി എന്നിവയും മറ്റും ഇവിടെ അവതരിപ്പിക്കപ്പെടുന്നു. വലിയ കോലമായ 'മഹാഭൈരവി' അഥവാ 'ചട്ടത്തേല്‍ കോലം' എന്നറിയപ്പെടുന്ന മറ്റൊരു ഭീമാകാരമായ ദൈവിക കോലവും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ഈ കോലം 1001 പാളയില്‍ നിരവധി കലാകാരന്മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഉണ്ടാക്കിയെടുക്കുന്നത്. അപാര വലിപ്പമുള്ളതിനാല്‍ ഇത് തടികൊണ്ട് ചക്രങ്ങളുള്ള തടി വണ്ടിയില്‍ വെച്ച് ചെണ്ട മേളത്തിന്റെയും, വള്ളപ്പാട്ടിന്റെയുമൊക്കെ അകമ്പടിയോടെ വലിച്ചു കൊണ്ടാണ് ഭക്തര്‍ അമ്പലത്തിന് വലംവെക്കുന്നത്. ഈ കോലം മറ്റെവിടെയെങ്കിലും നടത്തപ്പെടുന്നുണ്ടോ എന്നറിവില്ല. ഒരുപക്ഷെ ഈ കോലമുള്ള ഒരേയൊരു ക്ഷേത്രം ഇതായിരിക്കണം.
![]() | |
ഭൈരവി കോലവും കാലന് കോലവും |
എല്ലാ വര്‍ഷവും പടയണി ഉത്സവത്തോടനുബന്ധിച്ചുള്ള വഴിപാട് കൂടിയാണ് കോലം തുള്ളല്‍. മലയാള മാസമായ മീനത്തിലെ (മാര്‍ച്ച്-ഏപ്രില്‍) തിരുവാതിര നക്ഷത്രമാണ് ഇവിടുത്തെ പ്രധാന ഉത്സവദിനം. പത്തു ദിവസം നീണ്ടു നില്ക്കുന്ന പടയണി ഉത്സവം പ്രധാന ദിവസമായ തിരുവാതിര നക്ഷത്ര ദിനത്തിലാണ് പര്യവസാനിക്കുന്നത്. അടവി കൊല്ലുക (കാടിനൊപ്പമുള്ളത്) എന്നറിയപ്പെടുന്ന ഉത്സവ കൊടിമരം നിര്‍മ്മിക്കുന്നതോടെയാണ് ആചാരങ്ങള്‍ ആരംഭിക്കുന്നത്.
ഉത്സവത്തിന്റെ പ്രധാന ദിവസമായ സമാപന ദിവസം വലിയ പടയണി എന്നറിയപ്പെടുന്നു. ഈ ദിവസം മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ കോലങ്ങള്‍ക്ക് വിവിധ വഴിപാടുകളുമായി ക്ഷേത്രം സന്ദര്‍ശിക്കുന്നു. വെറ്റിലയും പുകയിലയും നല്‍കിയാണ് ക്ഷേത്ര ഭാരവാഹികളും ഗ്രാമവാസികളും ഇവരെ സ്വീകരിക്കുന്നത്. പടയണി പാട്ടും അതിനു ചേര്‍ന്ന 'തപ്പ്' എന്ന വാദ്യ ഉപകരണത്തിന്റെ കൊട്ടിലൂടെയാണ് പടയണി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി കോലങ്ങള്‍ ആഗതരാകും. ഇതിനിടയില്‍ പരദേശി, കാക്കാരിശ്ശി തുടങ്ങിയ പാരമ്പരാഗതമായിട്ടുള്ള നാടോടി കലാരൂപങ്ങളും ഉത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു.
![]() | |
മഹാഭൈരവി കോലം |
മഹാദേവന്, ധര്‍മ്മ ശാസ്താവ്, ഗണപതി, യക്ഷിയമ്മ, ബ്രഹ്മരക്ഷസ് (സര്‍പ്പദൈവങ്ങള്‍), യക്ഷിയമ്മ എന്നിവരും ഉപദേവതകാളായി ഇവിടെ ഉണ്ട്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഓതറ പഞ്ചായത്തിലാണ് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂരില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചെങ്ങന്നൂര്‍-മംഗലം-ഓതറ റോഡിലൂടെ 'വരട്ടാര്‍' പാലം കയറിയിറങ്ങുമ്പോള്‍ തന്നെ വലതു വശത്തുള്ള പരുംമൂട്ടില്ക്കടവ് റോഡിലേക്ക് തിരിഞ്ഞ് ഏകദേശം ഒരഞ്ഞൂറു മീറ്റര്‍ സഞ്ചരിച്ചാല്‍ വലതു വശത്തായി ഈ ക്ഷേത്രം കാണാം. ഒരു ട്രസ്റ്റ്ന് കീഴില്‍ കാലാകാലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
മാറ്റു കുറഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരത്തെ അവതരിപ്പിക്കുന്ന പടയണി കലാരൂപങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്ന ഈ ക്ഷേത്രം ഒരു ജനതയുടെ പുണ്യവും, പടയണി സ്നേഹികളുടെ അഭിനിവേശവുമാണ് എന്നതില്‍ ആ പ്രദേശവാസികള്‍ക്കൊപ്പം കേരളക്കരക്കും ആനന്ദിക്കാം, അഭിമാനിക്കാം.
(അടുത്ത ക്ഷേത്രത്തിലേക്ക് അടുത്ത ലക്കം)
© anil neervilakam
1 Comments
👌👌
ReplyDelete