അരുത്! എങ്കിലും • സോയ നായര്‍

aruth-enkilum-soya-nair


വാക്കുകള്‍ കൊണ്ട് വര്‍ണ്ണം വിരിയിക്കുന്ന
നീ എനിക്കൊരു 
പ്രണയകാലത്തെ വരച്ചു കാട്ടാമോ? 
കാതരമായ്, അവനെന്റെ ചെവിയില്‍
മന്ത്രിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു;
അത് പാപമല്ലേ?
പാപമോ? പ്രണയമെത്ര വിശുദ്ധമാണെന്ന് നീയറിയുന്നില്ലേ പ്രിയേ! 
ഉടലിലിഴയുന്ന ചോരതിളപ്പിന്റെ 
പാമ്പിന്‍ കുഞ്ഞുങ്ങള്‍ മെല്ലെ
അവന്റെ വിരലിലൂടെ
എന്റെ കരത്തെ ഗ്രഹിക്കുമ്പോള്‍
വീണ്ടും ഞാന്‍ പറഞ്ഞു;
അരുത്, ഇത് നമ്മള്‍ ചെയ്യാന്‍ പാടില്ല.
ഈ സ്പര്‍ശ്ശം നല്‍കുന്ന മിടിപ്പുകള്‍ 
എത്ര മനോഹരമാണെന്ന്
നീയറിയുന്നില്ലേ ഓമനേ!
അമര്‍ത്തിയമരുന്ന ദേഹികള്‍ക്കിടയിലൂടെ 
അധരങ്ങള്‍ ഉരസുമ്പോഴും
ഞാന്‍ പറഞ്ഞു; 
തെറ്റ് ചെയ്യാന്‍ എന്തിനിത്ര വേഗം
പ്രണയം വിടരുമ്പോഴല്ലേ നാഥേ!
അഴകേറെയുണ്ടാകുക..
ഉടലാഴങ്ങളില്‍, ഉയിര്‍ന്നോവുകളില്‍
സീല്‍ക്കാര താളങ്ങളില്‍ 
ഒന്നായി ഉലയുമ്പോഴും
വീണ്ടും ഞാന്‍ പറഞ്ഞു
നമ്മള്‍ ചെയ്യുന്നത് പാപമല്ലേ..! 
©soya nair

Post a Comment

2 Comments