Advertisement

Responsive Advertisement

മൗനസംവാദങ്ങള്‍ ☻താര അതിയടത്ത്

maunasamvadhangal-thara-athiyadathu


രോ പകലെരിയുമ്പോഴും
ഞാനെന്റെ ബാല്‍ക്കണിയിലും
അയാള്‍ അയാളുടെ ഇടത്തിലും
വെറുതെ നില്ക്കുമായിരുന്നു......

രണ്ട് ജോഡി കണ്‍പോളകളുടെ
മുറിഞ്ഞു പോകുന്ന നോട്ടങ്ങള്‍
കൃത്യമായ അനുപാതത്തില്‍
മൗനസംവാദങ്ങള്‍ നടത്തുമായിരുന്നു ....

ഞാനെന്റെ ചെടിച്ചട്ടികളോടും
അയാള്‍ ഡിഷ് ആന്റിനയോടും
കാര്യവും കാരണവുമില്ലാതെ
മുറുമുറുത്തു കൊണ്ടേയിരുന്നു ...

എത്ര തിരിച്ചു വച്ചാലും
എന്റെ പനിനീര്‍ക്കൊമ്പുകളും
ഒട്ടു ചെമ്പകമൊട്ടുകളും
അങ്ങോട്ട് നോക്കിയേ പുക്കാറുള്ളു....

അമ്പലമണിയുടെ വിശുദ്ധിയാല്‍
ഞാന്‍ കൈകൂപ്പിയപ്പോള്‍
പള്ളിമണിയുടെ കിലുക്കത്തില്‍
അയാള്‍ കണ്ണിറുക്കി കുരിശു വരച്ചു.

എന്റെ ചുടു ചായ കപ്പ്
അറിയാതെ താഴേയ്ക്ക് പതിച്ചപ്പോള്‍
അയാളുടെ പാതിയെരിഞ്ഞ ബീഡി
മലക്കംമറഞ്ഞ് നിലം പതിച്ചു. 

അയാളുടെ കസര്‍ത്തുകള്‍
ബാല്‍ക്കണിയിലെ കൈവരികള്‍
ഏറ്റുവാങ്ങിയപ്പോള്‍ എന്റെ നനഞ്ഞ
തുണികള്‍ ഇവിടെ താളം പിടിച്ചു.

നിറഞ്ഞ സന്ധ്യയിലെ  കുളിര്‍ക്കാറ്റില്‍
എന്റെ മുടിയിഴകള്‍ നൃത്തം വച്ചപ്പോള്‍
അവിടെ അയാള്‍ ചെമ്പന്‍ മീശ
വലത്തേക്ക് പിരിച്ചുവച്ചു.

അന്നൊരിക്കല്‍ 
ശൂന്യമായൊരു ബാല്‍ക്കണിക്കു 
താഴെ ആംബുലന്‍സ് വന്നു നിന്നപ്പോള്‍
എന്റെ കൈവരിയിലാകെ
ശവംനാറി പൂക്കളുടെ മണം.
© thara athiuadathu


Post a Comment

5 Comments