മനസ്സു നിറയെ മകനെ കുറിച്ചുള്ള സ്വപ്നങ്ങളുമായാണ് ത്യാഗന്‍ വിദേശത്ത് ജോലി ചെയ്യുന്നത്.തന്റെ മകന്റെ ആഗ്രഹം പോലെ അവനെ ഡോക്ടറാക്കണം അതാണ് ത്യാഗന്റെ ലക്ഷ്യം. ഇപ്പോള്‍ അവന്‍ പത്താംക്ലാസ്സില്‍ ആയതേയുള്ളൂ .
ജോലി കഠിനമാണെങ്കിലും മകനെ നല്ല രീതിയില്‍ പഠിപ്പിക്കണം എന്ന ആഗ്രഹത്താല്‍ ത്യാഗന്‍ നന്നേ കഷ്ടപ്പെടുന്നുണ്ട്.കൂടെ ജോലി ചെയ്യുന്നവരോടും താമസസ്ഥലത്ത് ഒപ്പമുള്ളവരോടും മകനെക്കുറിച്ച് വാതോരാതെ സംസാരിക്കും.
' മകന് ഫുള്‍ എ പ്ലസ് കിട്ടും . അവന്‍ മിടുക്കനാണെന്ന് അവന്റെ ടീച്ചര്‍മാര്‍ പറഞ്ഞു.'
മകന്‍ ഡോക്ടര്‍ ആകുമെന്ന ഉറച്ച വിശ്വാസമാണ് അച്ഛന് .
മകന്‍ വെള്ള കോട്ടും സ്റ്റെതസ്‌കോപ്പുമിട്ട് നില്‍ക്കുന്നത് ത്യാഗന്‍ പലപ്പോഴും കിനാവു കാണുമായിരുന്നു.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണെങ്കിലും പബ്ജി ഗെയിമില്‍ വിരുതനാണ് ചിന്തു.
കൊറോണ വ്യാപന സമയത്ത് ഓണ്‍ലൈന്‍ ക്ലാസ്സിനു വേണ്ടി അച്ഛന്‍ വാങ്ങിക്കൊടുത്ത സ്മാര്‍ട്ട് ഫോണിലാണ് ചിന്തുവിന്റെ പബ്ജി കളി .അമ്മ പലപ്പോഴും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മ ചിന്തുവിനെ ഒരു കുഞ്ഞായിട്ടാണ് ഇപ്പോഴും കാണുന്നത്. ചില രാത്രികളില്‍ അമ്മയുടെ മടിയില്‍ അവന്‍ തലവെച്ച് കിടക്കും. അമ്മ സ്ഥിരമായി അവനു വേണ്ടി പാടാറുള്ള പാട്ട് പാടിക്കൊടുക്കും.
ചിന്തു പബ്ജി കളിച്ചു പരമാനന്ദത്തില്‍ നിരവധി കളക്ഷനുകള്‍ നേടി ലെവല്‍ ഇരുപത്തിയാറിലെത്തി.
താന്‍ കളിച്ചു നേടിയത് ഇനി വില്‍ക്കാമെന്നും, പതിനായിരം രൂപയ്ക്ക് അടുത്തുള്ള ചേട്ടന്‍ വിറ്റതിന്റെ ഓര്‍മ്മയും ചിന്തുവിനെ ആവേശഭരിതനാക്കി.ചിന്തകളും വികാരങ്ങളും ആണല്ലോ ജീവിതത്തെ രൂപപ്പെടുത്തുന്നത്.
അടുത്തദിവസം സ്‌കൂളില്‍ ചെന്നപ്പോള്‍ സുഹൃത്തായ വീരനോട് ചിന്തു പറഞ്ഞു 'ലെവല്‍ ഇരുപത്തിയാറില്‍ എത്തിയ പബ്ജി വില്‍ക്കാനുണ്ട് ആരെങ്കിലും ഉണ്ടെങ്കില്‍ പറയണേ..'
'എനിക്ക് എന്തു തരും .' വീരന്റെ ചോദ്യം.
'പതിനായിരം കിട്ടിയാല്‍ ആയിരം നിനക്ക് . അതില്‍ കുറവാണ് കിട്ടുന്നതെങ്കില്‍ അതിനനുസരിച്ച് തരാം.'
ചിന്തുവിന്റെ വാക്കുകളില്‍ വീരന് സംതൃപ്തി .
വീരന്റെ കുടുംബത്തിലെ ഒരു കല്യാണ ചടങ്ങില്‍ ബന്ധുക്കളായ കുട്ടികളെല്ലാം ഒത്തുചേര്‍ന്ന് കളിയില്‍ ഏര്‍പ്പെട്ടപ്പോള്‍, ഇടയ്ക്ക് പബ്ജി വില്‍ക്കാനുള്ള കാര്യം വീരന്‍ അവതരിപ്പിച്ചു. ഗെയിമില്‍ അതീവ തല്‍പരനായ പതിനേഴുകാരന് വാങ്ങിയാല്‍ കൊള്ളാമെന്ന് ഒരു ആഗ്രഹം.
'എത്ര രൂപയ്ക്ക് കിട്ടും?' രഹസ്യമായി വീരനോട് ചോദിച്ചു.
'പതിനായിരം രൂപയാണ് അവന്‍ ചോദിക്കുന്നത് '
വീരന്‍ പറഞ്ഞു.
'അയ്യായിരം രൂപയ്ക്ക് ആണെങ്കില്‍ ഞാന്‍ എടുക്കാം. '
ഗെയിം ലഹരിയില്‍ അകപ്പെട്ട പതിനേഴുകാരന്‍ വില വെച്ചു.
അടുത്തദിവസം സ്‌കൂളില്‍ എത്തിയ വീരന്‍ ചിന്തുവിനോട് വില പറഞ്ഞു. അങ്ങനെ അയ്യായിരം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു.കിട്ടിയ രൂപയില്‍ നിന്നും 500 രൂപ വീരന് കൊടുത്തു. ബാക്കി 4500 രൂപ ചിന്തു ബാഗില്‍ സൂക്ഷിച്ചു.
ഇത്രയും പണവും കൊണ്ട് വീട്ടില്‍ പോകാന്‍ കഴിയില്ല എവിടെയെങ്കിലും ഏല്‍പ്പിക്കണം. സ്‌കൂളിനോട് ചേര്‍ന്ന് കുട്ടികള്‍ സ്ഥിരമായി കയറുന്ന ബേക്കറിക്കാരനുമായി ചിന്തു നല്ല കമ്പനിയാണ്.ബേക്കറിക്കാരനോട് ചിന്തു കാര്യം പറഞ്ഞു .
'ചേട്ടന്‍ ഈ പൈസ സൂക്ഷിക്കുക എനിക്ക് ആവശ്യമുള്ളപ്പോള്‍ കുറച്ച് വീതം തന്നാല്‍ മതി.'
' പക്ഷേ എനിക്ക് എന്ത് നേട്ടം. ഒരു കാര്യം ചെയ്യൂ. എനിക്ക് 500 രൂപ തരണം ബാക്കി 4000 രൂപ നിനക്ക് .'
ബേക്കറിക്കാരന്‍ പറഞ്ഞത് ചിന്തു സമ്മതിച്ചു.
പിന്നീട് ആവശ്യമുള്ളപ്പോഴൊക്കെ അമ്പതും നൂറും രൂപ ബേക്കറിയില്‍ നിന്നും വാങ്ങി . അവന്‍ വ്യത്യസ്തമായ രുചികള്‍ ആസ്വദിച്ചു തുടങ്ങി. അങ്ങനെ അവന് പണത്തിന്റെ ആവശ്യങ്ങള്‍ കൂടിക്കൂടി വന്നു.
ഒരു ദിവസം ചിന്തു വേഗത്തില്‍ ബേക്കറിയില്‍ ഓടിയെത്തി
' ചേട്ടാ 100 രൂപ വേണം. '
അയാള്‍ ഒരു പേപ്പര്‍ എടുത്ത് ചിന്തുവിന് കൊടുത്തിട്ട് പറഞ്ഞു
' നീ വാങ്ങിയ പൈസയുടെ കണക്കാണിത്. മുഴുവന്‍ തീര്‍ന്നു. '
വിശന്നു വലഞ്ഞു വന്നവന്‍ സദ്യ കഴിക്കാന്‍ മുന്നിലെ ഇലയില്‍ കയ്യിട്ടപ്പോള്‍ ഇല ശൂന്യമായത് പോലെയുള്ള അവസ്ഥയിയിപ്പോയി ചിന്തുവിന്റേത്.
'എങ്ങനെയെങ്കിലും 100 രൂപ തരൂ ചേട്ടാ '
ചിന്തു കേണപേക്ഷിച്ചുനോക്കി.
ചിന്തുവിന്റെ മനസ്സും ആവശ്യവും മനസ്സിലാക്കിയ ബേക്കറിക്കാരന്‍ ചൂഷണത്തിന്റെ ഭാഷ ഉപയോഗിച്ചു.
' നിനക്ക് പൈസ തരാം. പക്ഷേ ഒരു ചെറിയ ജോലി ചെയ്യണം. '
'എന്ത് ജോലി വേണമെങ്കിലും ചെയ്യാം ചേട്ടാ എനിക്ക് പണം വേണം.'
താന്‍ ഉദ്ദേശിച്ച റൂട്ടിലേക്ക് ചിന്തു വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ബേക്കറിക്കാരന്‍ ജോലിയെക്കുറിച്ച് പറഞ്ഞു.
' ഒരാള്‍ ഒരു ചെറിയ പൊതി തരും. നീ അത് ഞാന്‍ പറയുന്ന സ്ഥലത്ത് എത്തിക്കണം . ഇവിടെ അടുത്തുതന്നെയാണ് '
എങ്ങനെയും പണം കിട്ടിയാല്‍ മതി എന്നുള്ള ചിന്തയില്‍ ചിന്തു പൊതി വാങ്ങി തന്റെ അച്ഛന്‍ കഴിഞ്ഞ പിറന്നാളിന് വാങ്ങിക്കൊടുത്ത ഗിയറുള്ള സൈക്കിളില്‍ ചീറിപ്പാഞ്ഞ് എത്തിക്കേണ്ട ഇടത്ത് പൊതി എത്തിച്ചു. അപ്പോള്‍ തന്നെ ചിന്തുവിനുള്ള രൂപയും കിട്ടി.
ചിന്തുവിന് പണത്തിന്റെ ആവശ്യം വീണ്ടും വന്നുകൊണ്ടേയിരുന്നു. ബേക്കറിക്കാരന്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ആരെയോ വിളിക്കും ഒരാള്‍ ഉടനെ എത്തി ചിന്തുവിന് പൊതി നല്‍കും . അയാള്‍ പറയുന്നിടത്ത് അത് എത്തിക്കുമ്പോള്‍ ചിന്തുവിന് പണവും കിട്ടും ലഹരിയുള്ള അല്പം പൊടിയും കിട്ടും.
വീട്ടില്‍ ചിന്തുവിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. അമ്മയുമായുള്ള അടുപ്പം കുറഞ്ഞു. അമ്മ അവനോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അവന്‍ ദേഷ്യപ്പെട്ട് ഒഴിഞ്ഞുമാറും .
മിടുക്കനായിരുന്ന ചിന്തു പഠനത്തിലും പിന്നോട്ടു പോയി തുടങ്ങി.
ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രം ഉണ്ടായിരുന്ന ചിന്തുവിന്റെ പൊതി കൈമാറ്റം എല്ലാ ദിവസവും ആയി മാറി.
ഒരാളുടെ പ്രയാണത്തില്‍ സ്വന്തം പ്രപഞ്ചത്തെ അയാള്‍ തന്നെ സൃഷ്ടിക്കുകയാണ്. അത് തിന്മയാണെങ്കിലും ....
ഒരു ദിവസം ലഹരി വസ്തുക്കളുമായി നാട്ടില്‍ മാന്യത ചമഞ്ഞു നടക്കുന്ന കുറച്ച് ചെറുപ്പക്കാരെ എക്‌സൈസും പോലീസും ചേര്‍ന്ന് പിടികൂടി.അന്വേഷണം വ്യാപിച്ചപ്പോള്‍ ലഹരി മരുന്നുകള്‍ കൈമാറുന്നതില്‍ ചിന്തുവും ഉണ്ടെന്ന് കണ്ടെത്തി.
ചിന്തുവിന്റെ വീട്ടില്‍ എക്‌സൈസും പോലീസും എത്തി. അമ്പരന്നു നിന്ന അമ്മയോട് മകന്റെ ലഹരി കടത്തിനെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു കൊടുത്തു.
മകനില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ച് മകനുവേണ്ടി മാത്രം ജീവിച്ച അമ്മക്ക് അത് കേട്ടുനില്‍ക്കുവാനുള്ള മാനസിക ശക്തി ഇല്ലായിരുന്നു. പെട്ടെന്ന് ബോധരഹിതയായി നിലത്തുവീണു.
മാനസിക ശക്തിയുടെ സ്പന്ദനങ്ങളാണ് ഏറ്റവും കടുപ്പമേറിയത്. അതുകൊണ്ടുതന്നെ അവ ലോകത്തിലെ ഏറ്റവും ശക്തമായ സ്പന്ദനങ്ങളാണ്.
മകനെ പഠിപ്പിച്ച് വലിയ ആളാക്കുന്നതും സ്വപ്നം കണ്ടു രാവും പകലുമില്ലാതെ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അച്ഛന്‍ , മകന്‍ ലഹരിയില്‍ അകപ്പെട്ട വിവരമറിഞ്ഞ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
അറിഞ്ഞോ അറിയാതെയോ ലഹരി മാഫിയയില്‍ അകപ്പെട്ട ചിന്തു ജുവനൈല്‍ ഹോമിലേക്ക് .....
നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ ഒരുപാട് പ്രതീക്ഷകളോടെ പലതും ത്യജിച്ചു മകനുവേണ്ടി മാത്രം ജീവിച്ച അച്ഛനും അമ്മയും ഒരു മുറിയില്‍ ഒതുങ്ങിക്കൂടി ....
ചുറ്റുപാടുമുള്ള പത്താം ക്ലാസ്സിലെ കുട്ടികള്‍ അച്ഛനമ്മമാരില്‍ നിന്നും അനുഗ്രഹം വാങ്ങി പരീക്ഷക്കു പോകുന്നത് വിഷമത്തോടെ ത്യാഗനും ഭാര്യയും നോക്കി നിന്നു.
ജുവനൈല്‍ ഹോമില്‍ നിന്നുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ ചിന്തുവിനെ കൊണ്ടുവന്നത് .
പരീക്ഷ എല്ലാം കഴിഞ്ഞു റിസള്‍ട്ട് വന്നപ്പോള്‍ ചിന്തു കഷ്ടിച്ചു കടന്നുകൂടി . സ്‌കൂളിന്റെ വലിയ പ്രതീക്ഷയായിരുന്ന ചിന്തുവിന് എ പ്ലസുകള്‍ ഒന്നുമില്ല.
പ്ലസ് വണ്ണിന് കൊമേഴ്‌സിലാണ് അഡ്മിഷന്‍ കിട്ടിയത്.
വിദേശത്ത് ജോലി നഷ്ടമായതിനാല്‍ നാട്ടില്‍ തടിപ്പണിക്കു പോയി ത്യാഗന്‍ ജീവിതം മുന്നോട്ടു നീക്കി. ചിന്തു ഇപ്പോള്‍ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
'കൊമേഴ്‌സ് ഗ്രൂപ്പ് ആയാലും സാരമില്ല നന്നായി പഠിച്ചാല്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആക്കാം ' സുഹൃത്ത് പറഞ്ഞത് ത്യാഗനില്‍ വീണ്ടും മകനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉടലെടുത്തു.
അമ്മയും അച്ഛനും ചിന്തുവിനെ ചേര്‍ത്ത് നിര്‍ത്തി വേണ്ടുവോളം സ്‌നേഹിച്ചു. ചിന്തു പ്ലസ് വണ്ണിന് സ്‌കൂളില്‍ പോയിത്തുടങ്ങി. മിക്ക കുട്ടികളും ചിന്തുവിനോട് അകല്‍ച്ച പാലിച്ചു. ലഹരി സംഘത്തിലെ അംഗം എന്ന ലേബല്‍ അവനില്‍ ചാര്‍ത്തിയിട്ടുണ്ടായിരുന്നു.
അങ്ങനെ ചിന്തു പ്ലസ്ടുവിലേക്ക് കടന്നു . ചിന്തുവിന് സൗഹൃദം വേണം . സ്‌കൂളിന് പുറത്തുള്ള കുറച്ചുപേരുമായി അവന്‍ സൗഹൃദത്തിലായി. പക്ഷേ അത് ഒരു ദുഷിച്ച കൂട്ടുകെട്ടായിരുന്നു.
കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സൗഹൃദവലയത്തിലൂടെ പഴയ ലഹരിയുടെ രുചികള്‍ വീണ്ടും ചിന്തുലേക്ക് എത്തി. സ്‌കൂളില്‍ വിവരമറിഞ്ഞു പ്രിന്‍സിപ്പാള്‍ ത്യാഗനെ വിളിച്ചുവരുത്തി മകന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് ത്യാഗന്‍ നിശബ്ദനായി ഓഫീസ് മുറിയിലെ തറയിലേക്ക് നോക്കിയിരുന്നു . തറ കുഴിഞ്ഞു മാറുന്നതുപോലെ തോന്നിപ്പോയി ...
'അവന്‍ സ്‌കൂളില്‍ വരുന്നത് മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ് . പരീക്ഷയ്ക്ക് കുറച്ചു നാളുകള്‍ കൂടിയല്ലേ ഉള്ളൂ. അവന്‍ വീട്ടിലിരുന്ന് പഠിച്ചിട്ട് പരീക്ഷയ്ക്ക് എത്തിക്കോട്ടെ'
പ്രിന്‍സിപ്പാളിന്റെ വാക്കുകള്‍ ത്യാഗന്റെ കാതില്‍ പതിഞ്ഞത് സൂചി കുത്തിയിറക്കിയ ആഘാതത്തില്‍ ആയിരുന്നു.
അങ്ങനെ പ്ലസ് ടു പരീക്ഷ ചിന്തു എഴുതി.
ഫലം വരുന്ന ദിവസം ത്യാഗന്‍ അടുത്തുള്ള കമ്പ്യൂട്ടര്‍ സെന്ററില്‍ ആകാംക്ഷയോടെ മകന്റെ പരീക്ഷ ഫലത്തിനായി കാത്തിരുന്നു. ഫലമെത്തി ചിന്തു തോറ്റു.
ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ മിഠായിയും ലഡുമൊക്കെ വിതരണം ചെയ്യുന്നു.....
ചുറ്റുപാടുകളില്‍ നിന്നുമുള്ള പലരുടെയും ചോദ്യം 'മകന്റെ പരീക്ഷാ ഫലം എങ്ങനെയുണ്ട് '......
പരിസരത്ത് നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ, ഒന്നും കേള്‍ക്കാതെ ത്യാഗന്‍ നേരെ വീട്ടിലേക്ക് നടന്നു.
പലപ്പോഴും മാതാപിതാക്കളുടെ പ്രയത്‌നം വിഫലമാകുമ്പോള്‍ , ആഗ്രഹിച്ചത് കാണാന്‍ കഴിയാതെ വരുമ്പോള്‍ . മാനസികമായി തകര്‍ന്നുപോകും. മനസ്സില്‍ നിരാശ ഉദിച്ചു തുടങ്ങും. ആ നിരാശ ഇച്ഛാഭംഗം ഉണ്ടാക്കും .......
ചിന്തുവിന്റെ പരീക്ഷാഫലം അറിയാന്‍ അമ്മ വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ത്യാഗനെ കണ്ടപ്പോള്‍ ആവേശത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു
' മോന്റെ റിസള്‍ട്ട് ......?'
'അറിഞ്ഞില്ല, ഉച്ച കഴിയും അറിയാന്‍ . നീ അല്പം കട്ടന്‍ ചായ ഉണ്ടാക്ക്, വല്ലാത്ത ക്ഷീണം.'
ഭാര്യ അടുക്കളയിലേക്ക് പോയപ്പോള്‍ ത്യാഗന്‍ റൂമില്‍ കയറി വാതില്‍ ചാരി.
അല്പനേരം കഴിഞ്ഞ് ഭാര്യ കട്ടന്‍ ചായയുമായി എത്തി ചാരിയിട്ടിരുന്ന വാതില്‍ തുറന്നതും അലറിക്കരഞ്ഞുകൊണ്ട് അവര്‍ പുറത്തേക്ക് ചാടി ..ത്യാഗന്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നു ...
അലര്‍ച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തി... കുറച്ചുപേര്‍ മുറിയിലേക്ക് ചാടിക്കയറി .
മുറിക്കുള്ളില്‍ നിന്നും ഒരാള്‍ പുറത്തേക്കിറങ്ങി വന്നു കൂടി നിന്നവരോട് പറഞ്ഞു 'എല്ലാം കഴിഞ്ഞിരിക്കുന്നു.'
നാട്ടുകാരില്‍ ചിലര്‍ കവലയില്‍ നിന്നും ചിന്തുവിനെ കൂട്ടിക്കൊണ്ടുവന്നു.
ചിന്തു പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. ചെറിയ പുഞ്ചിരിയോടെ അമ്മ ചോദിച്ചു 'നീ ഏതാ മോനേ' .....
കണ്ടുനിന്നവര്‍ അമ്പരന്നു .കൂട്ടത്തില്‍ ചിലര്‍ക്ക് കാര്യം മനസ്സിലായി.അവര്‍ക്ക് മാനസിക നില തെറ്റിയിരിക്കുന്നു.
സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ചിന്തന്റെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു ' ആ സ്ത്രീയെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റണം'
ഇത് കേട്ടുനിന്ന ചിന്തു പിന്നിലേക്ക് അല്പം നീങ്ങി ചുവരില്‍ ചാരിനിന്ന് വിതുമ്പി . അവന്റെ കാതുകളില്‍ ചെറുപ്പത്തില്‍ അമ്മ പാടിക്കൊടുക്കുന്ന താരാട്ട് പാട്ട് കേള്‍ക്കുന്നതുപോലെ തോന്നി ....
അവന്റെ കണ്‍മുന്നില്‍, സര്‍വ്വ പ്രതീക്ഷകളും നഷ്ടപ്പെട്ട് കണ്ണീര്‍ പൊഴിക്കുന്ന അച്ഛന്റെ മുഖം ......
© j hasheem zenith nooranadu
3 Comments
നല്ല കഥ ഇന്നീ സമൂഹത്തിൽ നടക്കുന്നതും ഇതൊക്കെ തന്നെയാണ്.
ReplyDeleteചില സത്യങ്ങൾ
ReplyDeleteഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടവ... ദുഷ്ട ലാക്കോടെ ഒരുപാടുകണ്ണുകൾ തങ്ങളുടെ കുട്ടികളെ റാഞ്ചാൻ കാത്തിരിക്കുന്നു.. ജാഗ്രത.. നന്നായിട്ടുണ്ട് കഥ.. അല്ല സത്യം പറച്ചിൽ..
ReplyDelete