ആനിക്കാട്ടിലെ ദൃശ്യങ്ങള്‍ © വരദേശ്വരി കെ.



പുതിയ താമസക്കാരെ പരിചയപ്പെടാന്‍ ചെന്നപ്പോഴാണ് മനസ്സിലായത്.   തെക്കുംപുറം സ്‌ക്കൂളിലെ ഞാനറിയുന്ന അധ്യാപകനാണ് എന്റെ അയല്ക്കാരനായി വന്നിരിക്കുന്നതെന്ന്. മകന്‍ പ്രവീണും മകള്‍ പ്രവീണയും.കുട്ടികള്‍ രണ്ടുപേരും പഠിക്കാന്‍ ബഹുകേമന്മാര്‍. എനിക്ക് ദുബായിലാണ് ജോലിയെങ്കിലും നല്ല ഒരു അയല്ക്കാരനെ കിട്ടിയതില്‍  വളരെ സന്തോഷിച്ചു. രണ്ടുകൊല്ലം കഴിഞ്ഞ് ഞാന്‍ അവധിക്കെത്തിയ ഒരു ദിവസം  മാസ്റ്ററുടെ ഭാര്യ എന്നെ ഫോണില്‍ വിളിച്ചു. 'സാറേ അങ്ങേര്‍ക്ക് അറ്റാക്കായി ഞങ്ങള്‍ ഹോസ്പിറ്റലിലാണ്.  പ്രവീണിനെ വിളിച്ചിട്ട് കിട്ടുന്നില്ല, കോളേജില്‍ ചെന്ന് അവനോട് വിവരം പറയണം.''

ചായ വേഗത്തില്‍ കുടിച്ചിറക്കി ഞാന്‍  ബൈക്കെടുത്തു പ്രവീണ്‍ പഠിക്കുന്ന കോളേജിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിയുന്നത് അവന്‍ അന്ന് കോളേജില്‍ എത്തിയിട്ടില്ലെന്ന്.

''എവിടെപോയിരിക്കും?''

എന്റെഅന്വേഷണത്തിനൊടുവില്‍   വാസു എന്ന പ്യൂണിന് ചിലപ്പോള്‍ അറിയാമെന്ന് ഒരു കുട്ടി പറഞ്ഞു. ഞാന്‍ വാസുവിനോട് ചോദിച്ചപ്പോള്‍ മറുപടി കിട്ടി.

''സാറേ , എനിക്കറിയില്ല,അവര്‍ പലസ്ഥലങ്ങളിലും പോകാറുണ്ട്. ചിലപ്പോള്‍ ആനിക്കാട്ടില്‍ പോയിക്കാണും.'' അയാള്‍ പറഞ്ഞു.

''ങേ, ആനിക്കാട്ടിലേക്കോ? ഭൂതപ്രേതപിശാചുക്കള്‍ നിറഞ്ഞ പ്രേതഭൂമിയായ ആനിക്കാട്ടിലേക്കോ? കൂടാതെ ആനയിറങ്ങുന്ന സ്ഥലവും .''

''അതെ, സാര്‍ അവമ്മാര്‍ക്ക്  പേടിയൊന്നുമില്ല. സാര്‍ അങ്ങോട്ടൊന്നും പോകേണ്ട. അവിടെ പോകുന്നത് അപകടമാണ്.''

''ഏതായാലും ആനിക്കാട്ടില്‍ പോയിട്ടുതന്നെ കാര്യം.''

''സാറേ, പോകരുതേ'' വാസു ഭയപ്പാടോടുകൂടി പറഞ്ഞു.

''കോളേജില്‍ പഠിക്കുന്ന കാലത്ത് ശ്മാശാനത്തില്‍ കിടന്നുറങ്ങിയ എന്നോട് ഒരു ഭൂതവും കളിക്കില്ല.'' ഞാന്‍ പാതി തമാശയായിട്ടു പറഞ്ഞു.

ഞാന്‍ ബൈക്കെടുത്തു നേരെ ആനിക്കാടിനെ ലക്ഷ്യമാക്കി പോയി. ഭൂതപ്രേതങ്ങളെ നേരില്‍ കാണുകയുമാകാമല്ലോ. എന്നു തമാശപറഞ്ഞത് വാസുവിന്   ഒട്ടും തമാശയായി തോന്നിയില്ല.

നിബിഡവും നിഗൂഢവുമായ ഒരു കാടായിരുന്നു അത്. എങ്കിലും റോഡുകള്‍ ടാര്‍ ചെയ്തിരുന്നു. എന്നാല്‍ എട്ടുകിലോമീറ്റര്‍ ദൂരം ബൈക്കില്‍ പോയപ്പോള്‍ പൊടുന്നനെ റോഡ് അവസാനിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ബൈക്ക് അവിടെ വച്ചശേഷം കാല്‍ നടയായി യാത്ര തുടങ്ങി. അപ്പോഴും അവിടെ തെളിഞ്ഞ ഒറ്റയടിപ്പാതകള്‍ കണ്ടിരുന്നു. കുറച്ചുസമയം നടന്നപ്പോള്‍  മുന്നിലെ കാഴ്ച എന്നെ നടുക്കി. ഒരു വൃക്ഷത്തിന്റെതണലിലായി പരിസരബോധമില്ലാതെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഒരാണും പെണ്ണും. മുഖം തിരിച്ച് മറ്റൊരു ദിശയിലേക്ക് നോക്കിയപ്പോള്‍ അവിടേയും മറ്റൊരു ജോഡി. ഞാന്‍ മുന്നോട്ടുളള യാത്ര തുടര്‍ന്നു കൊണ്ടിരുന്നു. കുറച്ചുകൂടി മുന്നോട്ടുപോകുമ്പോള്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന കാഴ്ചകളുടെ ഒരു പരമ്പരയാണ്   അവിടെയെന്നുതോന്നി. സ്‌ക്കൂളിലെ കുട്ടികള്‍ യൂണിഫോം ദുരെ മാറ്റിവച്ച്   വേറെ വസ്ത്രം ധരിച്ച്  പരിസരബോധമില്ലാതെ.

''ഈശ്വരാ പഠിക്കാനെന്നും പറഞ്ഞ് അയക്കുന്ന രക്ഷിതാക്കള്‍ ഇതു വല്ലതും അറിയുന്നുണ്ടോ?''

ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ കുറെ കുട്ടികള്‍ മയക്കുമരുന്ന് കുത്തിവച്ച് മയങ്ങിക്കിടക്കുന്നു. ''ഇനി ഈകൂട്ടത്തിലെങ്ങാനും പ്രവീണ്‍ ഉണ്ടാകുമോ'' എന്റെമനസ്സിലെ സംശയം നിമിഷം കഴിയുന്തോറും ഇരട്ടിക്കാന്‍ തുടങ്ങി.   മരങ്ങളുടെകീഴിലിരുന്നു പെണ്‍കുട്ടികളടക്കം മദ്യപിക്കുന്നു.

''ഓ, മദ്യവും മയക്കുമരുന്നും എല്ലാം ഇവിടെയുണ്ടല്ലോ.'' എന്റെു മനസ്സ് വിചാരപ്പെട്ടു.

''എന്തായാലും പ്രവീണിനെ കണ്ടെത്തിയേ തീരു. എന്തെന്തു പ്രതീക്ഷകളോടെയാണ് ആ കുടുബം കഴിയുന്നത്. ''അവിടെ മുഴുവന്‍ തിരഞ്ഞു ഹതാശനായി നില്ക്കുമ്പോഴാണ് അകലെ സംഗീതത്തിന്റെഒരു നുറുങ്ങ് എന്റെ ചെവിയില്‍ വന്നലച്ചത്. അങ്ങോട്ടു നടക്കുമ്പോള്‍ ഞാന്‍ വ്യക്തമായി കണ്ടു അവരുടെ നടുവില്‍ ഒരു ഭ്രാന്തനെപ്പോലെ കിടക്കുന്ന പ്രവീണിനെ. അവന്റെ കൈത്തണ്ടയില്‍ ഒരു പെണ്‍കുട്ടിയുടെ തളര്‍ന്നശരീരം. ഞാനുറക്കെ പറഞ്ഞു.  

''അരുണ്‍ നിന്റെ

അച്ഛന് പെട്ടെന്ന് ഹാര്ട്ട്  അറ്റാക്ക് വന്നു സീരിയസ്സാണ്. നിന്റെഫോണ്‍ സുച്ച് ഓഫ് അയതിനാല്‍ അമ്മ പരിഭ്രാന്തിയിലാണ് വേഗം ചെല്ലുക.'' ഞാനവന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു.  അവന് യാതൊരു ഭാവഭേദവുമില്ല..ഇവനെത്തേടാന്‍   പുറപ്പെട്ട സമയത്തെ ഞാന്‍ ശപിച്ചു. പക്ഷേ എത്രയെത്ര യൗവ്വനങ്ങളാണ്  ഈ  ആനിക്കാട്ടില്‍ കിടന്ന് നശിക്കുന്നത്.  ഇതിന് ഒരു പരിഹാരം വേണ്ടേ? 'ഞാന്‍ അവനെ അനുനയിപ്പിച്ചു  കൊണ്ടുപോയി.

അതിനുശേഷം ആനിക്കാട്ടിലെ കാഴ്ചകള്‍ക്ക്  പരിഹാരം തേടി ഞാനലഞ്ഞു. രക്ഷകര്‍ത്താക്കളും അധ്യാപകരുമറിയാതെ  കുട്ടികള്‍  ഏതോ മാഫിയാസംഘത്തിന്റെ പിടിയിലായിരുന്നു..

കുറച്ചു ദിവസം കഴിഞ്ഞുളള പത്രത്തിന്റെ പേജുകളില്‍  ''ആനിക്കാട്ടിലെ ദൃശ്യങ്ങള്‍'' എന്നഎന്റെപരമ്പര വെളിച്ചം കണ്ടു. ഞാന്‍ കണ്ടത്തിയ വിവരങ്ങള്‍ തന്നെയായിരുന്നു. അവയെല്ലാം.പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെത്തും മാരകമായ, ഐസ്മത്തും മറ്റു ഉഗ്രരൂപിണി കളായ മയക്കു മരുന്നുകളും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉപയോഗിക്കുന്നതിനെ കുറിച്ച്  ഞാന്‍  എഴുതി. അതെല്ലാം  ഇവിടെ തഴച്ചുവളരുന്ന കാര്യം വ്യക്തമാക്കി.

എനിക്ക് പലതരത്തിലുമുളള വധഭീഷണികള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ ചില രക്ഷകര്‍ത്താക്കളും അധ്യാപകരും എന്നോടൊപ്പം നിന്നത് ഭാഗ്യമായി.

'പോലീസിനും ഉണര്‍ന്നു  പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പോലീസ് തന്ത്രപൂര്‍വ്വം മയക്കുമരുന്നുസംഘത്തെ വലയിലാക്കി.പിന്നീട്  മയക്കുമരുന്നുവില്പനക്കാരുടെ പ്രധാനിയായിരുന്നു വാസു എന്ന പ്യൂണിന്റെ, കോടിപതിയുടെ ഫോട്ടോയും പത്രത്തില്‍ വെളിച്ചം കണ്ടു.


Post a Comment

0 Comments