'ഇതിനാണ് യോഗം വേണംന്ന് പറേന്നെ,എന്തുണ്ടായിട്ടെന്താ കാര്യം.'ഗായത്രി രാവിലെ തന്നെ ഇതാരോടാ ഇങ്ങനെ വേദാന്തം ഓതുന്നത് എന്ന് ശങ്കിച്ചു ദേവന്‍ ഉമ്മറത്തേക്ക് ചെന്നു.
അനിയത്തിക്കുട്ടി ആണെങ്കിലും വര്‍ത്തമാനത്തില്‍ മൂത്തത് അവള്‍ തന്നെ...
തന്റെ ആഗമനമറിയിച്ചു കൊണ്ട് ബാലസൂര്യന്‍ പുല്‍ നാമ്പുകളില്‍ പോലും രത്‌നം പതിപ്പിച്ചിരിക്കുന്നു. ജാലകം മെല്ലെ തുറന്നു വച്ച് പ്രകൃതിയൊരുക്കിയ വര്‍ണ്ണ വിസ്മയം നോക്കിക്കാണുകയായിരുന്നു ദേവന്‍. അപ്പോഴാണ് ഗായത്രിയുടെ പതിവില്ലാത്ത തരത്തിലുള്ള സംസാരം...
എന്താണാവോ?
ദേവന്‍ ഗായത്രിയോട് കാര്യം തിരക്കി,
ഏയ്, ഒന്നൂല്ല ഏട്ടാ ഏട്ടന് അറിയില്ലേ നമ്മുടെ വാസുവേട്ടനെ, എത്ര ഭൂസ്വത്തുള്ള ആളാ, പക്ഷേ തലയ്ക്കു സ്ഥിരം ഇല്ലാണ്ട് ആയിപ്പോയില്ലേ, ന്നിട്ട് ഇപ്പോ ഒരു ചായ കുടിക്കാന്‍ പോലും അന്യന്റെ മുന്നില്‍ കൈ നീട്ടുന്നു. യാചകനെ പോലെ.
ദേവന്‍ ബാംഗ്ലൂരില്‍ നിന്ന് പഠിത്തം കഴിഞ്ഞു വന്നിട്ട് ഒരാഴ്ച ആകുന്നെ ഉള്ളൂ. അവന്റെ മനസ്സില്‍ ബാല്യകാലം മെല്ലെ തെളിഞ്ഞു വന്നു. വയലില്‍ രാപകല്‍ അധ്വാനിച്ചു വൈകുന്നേരം അച്ഛന്‍ കൊടുക്കുന്ന കൂലി എണ്ണി പോലും നോക്കാതെ കുപ്പായ കീശയില്‍ തിരുകി പോകുന്ന വാസുവേട്ടന്‍, തന്നോട് കിന്നാരം ചോദിച്ചു അരികില്‍ വരുന്ന ആ മനുഷ്യന്‍ എന്നാണ് ഇങ്ങനെ ഒരു അവസ്ഥയിലെത്തിയത്, അവനിലെ എഴുത്ത് കാരനില്‍ സംശയങ്ങള്‍ ആര്‍ത്തിരമ്പി.
ഇപ്പോഴും എല്ലാദിവസവും വീട്ടില്‍ വന്നു അമ്മയുടെ കയ്യില്‍ നിന്ന് ചായ വാങ്ങി കുടിച്ചു അച്ഛനോട് പത്തു രൂപയും വാങ്ങി പോകുന്നത് പതിവാണത്രെ...
ദേവന്‍ എന്തൊക്കെയോ ഓര്‍ത്തു കിടന്നു. അവനില്‍ ഒരു പുതിയ കഥ പിറവിയെടുക്കുകയായിരുന്നു.
ഗായത്രി ദേവനരികില്‍ വന്നു നിന്ന് പിറു പിറുത്തു. ഓ, ഇനി കഥാ കാരന് പണിയായല്ലോ.. ബാക്കിള്ളോര്‍ ഒരു സിനിമയ്ക്ക് കൊണ്ട് പോകുമോ ന്ന് ചോദിച്ചാല്‍ അതിനും കൂടെ വരാന്‍ ആരൂല്ലേ. അവള്‍ മുഖം വീര്‍പ്പിച്ചു കടന്നു പോയി.
പിറ്റേന്ന് വെളുപ്പിന് തന്നെ വാസുവേട്ടന്‍ തന്റെ പതിവ് സന്ദര്‍ശനം നടത്തി തിരിച്ചു പോകുമ്പോള്‍ ദേവന്‍ വിളിച്ചു വാസുവേട്ട,
പിന്തിരിഞ്ഞു പോകാന്‍ നോക്കവേ പെട്ടെന്ന് വാസു തിരിഞ്ഞു നോക്കി. ദേവന്‍ ചോദിച്ചു 'എന്നെ മനസ്സിലായോ '
ആയെന്നോ അല്ലെന്നോ വ്യക്തമാകാത്ത വിധം ഒരു മൂളല്‍ മാത്രം അയാളില്‍ നിന്ന് പുറത്ത് വന്നു.
പിന്നെ കൈ വീശി കാണിച്ചു മുന്നോട്ടു നടന്നകന്നു.
അവിടെ ഒരു കഥാപാത്രം ജനിക്കുകയായിരുന്നു. അത് കൈ കൂപ്പി ദേവനോട് യാചിക്കുകയാണ്... 'ഞങ്ങളും ജീവിക്കട്ടെ, നിങ്ങള്‍ ഞങ്ങളെ വികൃതമാക്കാതിരിക്കൂ.'
ഒരു നിമിഷം ചെവികള്‍ കൈ കൊണ്ട് പൊത്തി പിടിച്ച് നിന്ന ദേവന്റെ മിഴികള്‍ നിറഞ്ഞു തുളുമ്പി...
© prajithanil
0 Comments