വീട്ടില്‍ നിന്നു നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് കൊച്ചമ്മാമയുടെ വീട് .
പച്ച ബ്ലൗസും മുണ്ടും നേരിയതുമായിരുന്നു കൊച്ചമ്മാമയുടെ സ്ഥിരം വേഷം. നന്നേ ശോഷിച്ച പൊക്കം കുറഞ്ഞ ഇരുണ്ട നിറമുള്ള കൊച്ചമ്മാമയ്ക്ക് കുട്ടിക്കൂറയുടേയും ദിനേശ് ബീഡിയുടേയും സമ്മിശ്ര ഗന്ധമായിരുന്നു.
അമ്മാമ്മയുടെ അനിയത്തിയാണെങ്കിലും തികച്ചും വ്യത്യസ്തമായ ശരീരാകൃതിയും, ശരീരഭാഷയുമായിരുന്നു കൊച്ചമ്മാമയ്ക്ക്.
ഒരു മടിയുമില്ലാതെ കൊച്ചമ്മാമ ആണുങ്ങളെപ്പോലെ സംസാരിക്കുകയും ബീഡി വലിക്കുകയും ചെയ്യുമായിരുന്നു.
കൊച്ചമ്മാമ്മയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടതാണ്. കുഞ്ഞു മക്കളുടെ അച്ഛനും അമ്മയുമായി കൊച്ചമ്മാമ്മ ജീവിക്കുകയായിരുന്നു.
വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യമാണ് കൊച്ചമ്മാമ വീട്ടിലേയ്ക്ക് വരാറുള്ളത്. ഒരാഴ്ചയെങ്കിലും നിന്നിട്ടേ മടങ്ങാറുള്ളു. ബന്ധുക്കളുടേയും നാട്ടുകാരുടേയും പരസ്യവും രഹസ്യവുമായ ജീവിതത്തിലേയ്ക്ക് ശ്രദ്ധക്ഷണിക്കുന്നവയായിരുന്നു കൊച്ചമ്മാമയുടെ വര്‍ത്തമാനങ്ങള്‍.
ചുറ്റുവട്ടത്തു നടന്ന ജനനമരണങ്ങള്‍ , വിവാഹം, പാലു കാച്ച് , വിദേശയാത്രകള്‍ , വ്യാപാരങ്ങളും, വ്യഭിചാരങ്ങളും! എന്നു വേണ്ട കൊച്ചമ്മാമയുടെ അജണ്ടയില്‍ വരാത്ത ഒരു കാര്യവുമുണ്ടാകില്ല..
കൊച്ചമ്മാമ കൊണ്ടു വരുന്നത് ഒരു കെട്ട് ബീഡിയും കഥകളും മാത്രമായിരുന്നില്ല. ചേന, ചേമ്പ് , കപ്പക്കിഴങ്ങ് , ചെറുകിഴങ്ങ്, കടച്ചക്ക, പയറുവര്‍ഗ്ഗങ്ങള്‍, ഉണ്ണിയപ്പം, അച്ചപ്പം , അരിയുണ്ട ... എന്നിവയോടാപ്പം വലിയ സഞ്ചിയിലും പ്ലാസ്റ്റിക്ക് ബാസ്‌ക്കറ്റിലുമായി പൂനൂര്‍ പാടവരമ്പിലൂടെ ,തമ്പുരാന്‍ പടി കനാല്‍ ബണ്ടിലൂടെ -ആലിന്‍ ചുവടുവഴി
വീട്ടിലേയ്‌ക്കെത്തുന്നത് സന്തോഷം കൂടിയായിരുന്നു.
കൊച്ചമ്മാമ പല്ലു തേയ്ക്കാനായി മുറ്റത്തേക്കിറങ്ങിയാലും വെറുതെയങ്ങു കേറി പോരൂല്ല. ഒരു കൈകൊണ്ട് ചുറ്റുപാടുകളില്‍ കാണുന്ന പുല്ലും പടര്‍പ്പുമെല്ലാം പറിച്ചു കളയും .
പരിസരമാകെ കൈയ്യൊപ്പു ചാര്‍ത്തിക്കൊണ്ടാകും പല്ലു തേപ്പ് പൂര്‍ത്തീകരിക്കുന്നത്.
കക്കൂസിലോ കുളിമുറിയിലോ കേറിയാലും പെട്ടെന്നൊന്നും ഇറങ്ങില്ല. മുറിയുടെ അരികും മൂലയുമെല്ലാം തേച്ച് വൃത്തിയാക്കികൊണ്ടാവും തിരിച്ചിറക്കം.
മടങ്ങി പോകും മുമ്പ് പലതരം വിറകുകള്‍ ശേഖരിച്ച് അടുക്കും ചിട്ടയോടും കൂടി വിറകുപുര നിറയ്ക്കും.
തെങ്ങിന്‍ കൈയ്യും, കപ്പ കോലും,മരക്കമ്പുകളും ചീമ്പിയുണക്കി കെട്ടുകളാക്കി അടുക്കും.
കൊച്ചമ്മാമയുടെ ശബ്ദത്തിന് നല്ല കട്ടിയുണ്ടായത് ബീഡി വലിക്കുന്നതു കൊണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്.
കനം കുറഞ്ഞ എന്റെ ശബ്ദത്തിന്റെ കട്ടി കൂട്ടാന്‍ വേണ്ടിയാണ് കൊച്ചമ്മാമയുടെ ബാഗില്‍ നിന്ന് ഞാന്‍ ബീഡി കട്ടെടുത്ത് വലിച്ചിരുന്നത്.
രാത്രി എല്ലവരും ഉറങ്ങിയെന്നുറപ്പാകുമ്പോള്‍ റേഡിയോയിലെ രഞ്ജിനിയുടെ ശബ്ദമല്‍പ്പം കൂട്ടി തീപ്പെട്ടിയുരക്കും.
വീടു നിറയുന്ന ബീഡിമണത്തിന്റെ സകല ഉത്തരവാദിത്വവും കൊച്ചമ്മാമയുടെ തലയില്‍ ഭദ്രമായിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ ഞാന്‍ ആസ്വദിച്ചു വലിക്കുമായിരുന്നു. കൊച്ചമ്മാമയും രാത്രി ഉണര്‍ന്ന് ബീഡി വലിക്കും.
ഉറക്കത്തില്‍ നല്ല ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുകയും എന്തൊക്കെയോ അവ്യക്തമായി സംസാരിക്കുകയും ചെയ്യുമായിരുന്നു.
ഞാന്‍ ബീഡി കോച്ചുന്ന കാര്യം കൊച്ചമ്മാമയ്ക്കറിയാമായിരുന്നു. ഒന്നും പറഞ്ഞില്ല. ഒരു ചിരിയില്‍ ഒതുക്കി.
ബീഡി തീരുന്ന മുറക്കായിരുന്നു കൊച്ചമ്മാമയുടെ തിരിച്ചു പോക്ക്. ഞാന്‍ മോഷണം തുടങ്ങിയ കാലങ്ങളില്‍ കൊച്ചമ്മാമയുടെ പാര്‍പ്പുദിനങ്ങള്‍ കുറഞ്ഞു വന്നു. കൊച്ചമ്മാമയുള്ള ദിവസങ്ങളില്‍ വീട്ടിലെ വിഭവങ്ങള്‍ക്കെല്ലാം നല്ല രുചിയും നിറവുമാണ്. ഞാനും ചേട്ടനും തോട്ടിലോ കനാലിലോ പോയി ചൂണ്ടയിട്ടോ വെള്ളം വറ്റിച്ചോ പരല്‍ മീനുകളെ പിടിച്ചു കൊണ്ടുവരുമായിരുന്നു.
സാധാരണയായി മീന്‍ പിടിച്ചു കൊണ്ടുവന്നാല്‍ അതു വൃത്തിയാക്കാനും കറിവയ്ക്കാനുമൊക്കെയുള്ള മടികൊണ്ടാവാം അമ്മ ദേഷ്യപ്പെടുമായിരുന്നു.
അക്കാലത്ത് പ്യുവര്‍ വെജിറ്റേറിയന്‍ ആയിരുന്ന അമ്മ ദേഷ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ.
കൊച്ചമ്മാമ ചക്കക്കുരുവും മാങ്ങയും പരല്‍മീന്‍ ചേര്‍ത്ത് വറ്റിക്കും. പുളിയില അരച്ച് ചെറു മീനുകള്‍ കൂട്ടിക്കുഴച്ച് വാഴയിലയില്‍ പരത്തി ചുട്ടെടുക്കുന്ന ചമ്മന്തിയുണ്ടാക്കും.
കൊണ്ടുവന്ന കടച്ചക്ക വറുത്തരച്ച് കറിയുണ്ടാക്കും. ചുരുക്കി പറഞ്ഞാല്‍ രുചിയുടേയും കൗതുകത്തിന്റേയും, തിരുവോണമായിരുന്നു ആ ദിവസങ്ങള്‍.
ജോലി തേടി നാടുവിട്ടുപോയ എനിയ്ക്ക് പിന്നീടുള്ള കാലങ്ങളില്‍ കൊച്ചമ്മാമയെ കാണാന്‍ കഴിയാറില്ല. പതിവുപോലെ അവര്‍ വന്നും പോയു മിരുന്നു..രണ്ടു വര്‍ഷം മുമ്പ് വീട്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ സ്ഥിരമായി ഞാന്‍ കൊണ്ടുപോകാറുള്ള തേയില പായ്ക്കറ്റുകളോടൊപ്പം ഒരു വലിയ ബീഡികെട്ടും കരുതിയിരുന്നു.
ബാഗില്‍ നിന്നു സാധനങ്ങള്‍ മാറ്റുന്നതിനിടയില്‍ അമ്മ അതിശയത്തോടെ ചോദിച്ചു- ആര്‍ക്കാടാ ഈ ബീഡി മുഴുവനും..? നീ പിന്നെയും ബീഡി വലി തൊടങ്ങിയോ?!
-കൊച്ചമ്മാമ വരുമ്പോ കൊടുക്കണം...
ഞാന്‍ തന്നൂന്ന് പറയണം..,
അമ്മ തലയില്‍ കൈ വച്ചു കൊണ്ടു പറഞ്ഞു:
ദൈവമേ... ഈ ചെര്‍ക്കന് എന്താ പറ്റിയേ...!
എടാ.. കൊച്ചമ്മ മരിച്ചു പോയിട്ട് എത്ര വര്‍ഷമായെന്നോ..!
നീ എന്താ ഒന്നും ഓര്‍ക്കാത്തെ...!
അല്ലേലും കൊച്ചമ്മ മരിക്കണേന് അഞ്ചാറുകൊല്ലം മുമ്പേ ബീഡി വലി നിര്‍ത്തീതൊന്നും നീയോര്‍ക്കണില്ലേ...
ങ്ങ്‌ഹേ കൊച്ചമ്മാമ മരിച്ചോ.?!
അത് ഞാന്‍ അറിഞ്ഞിരുന്നില്ലേ..?!
ആരുമറിയിച്ചില്ലേ..!
അറിഞ്ഞിരിക്കാം..
ചില മരണങ്ങള്‍ ഇങ്ങനെയാണ്. മനസ്സില്‍ രേഖപ്പെടുത്തില്ല. ഓര്‍മ്മകളവസാനിക്കുന്നതു വരെ അവര്‍ ഒപ്പമുണ്ടാകും.
©santhoshpunnackal
1 Comments
അടിപൊളി
ReplyDelete