'അമ്മത്തോണി'-കള്‍ | കവിത | ആഷ്ന ഷാജു കുറുങ്ങാട്ടില്‍

malayalam-poem-ammathonikal-ashna-shajukurungattil
അമ്മയെ കാണുകയെന്നാല്‍
വെള്ളംകയറിയ തോണിയെ കാണുന്നപോലെ 
എനിക്കു തോന്നാറുണ്ട്;
വെള്ളം കയറി നിറഞ്ഞാലും 
അവ നീന്തികൊണ്ടേയിരിക്കും

അമ്മ കരയുമ്പോള്‍
എനിക്കാദ്യം തോന്നുക
മുറുകെപ്പിടിക്കാനാണ്,
കടത്തുകാരന്റെ മുറുകലുകള്‍പോലെ.

ദിശതെറ്റി ആരുമില്ലാതെ
ഉറവ നോക്കാതെയൊഴുകുന്ന തോണിക്കും
അമ്മക്കും ഒരേ ഛായയാണ്.

കൈമുറിഞ്ഞു ചോരചീറ്റിയാലും
അപ്പന്റെ പഴയ കള്ളിമുണ്ടുകീറി കൈ കെട്ടുന്ന അവളുടെ ഒറ്റവാക്കുണ്ട്
'പിന്നെ, രണ്ടുരൂപക്ക് ബാന്‍ഡേജ് '

വെള്ളം നിറഞ്ഞു മുങ്ങുന്ന വള്ളത്തില്‍ 
തുഴക്കാരന്‍ 
മുണ്ടുവെക്കുമ്പോള്‍ ഒറ്റനിപ്പിന് ആ രണ്ടുരൂപ ജീവന്റെ ശ്വാസമാവും .

അടുപ്പിലെ തീയൂതിയൂതി കത്തിക്കുമ്പോള്‍
വിയര്‍ത്തൊട്ടുന്ന നെറ്റിക്ക്
ഉപ്പുണ്ടോന്ന് ചോദിക്കുന്നപോലെ
ഓരോ തിരയും വള്ളത്തിനോട് ഉപ്പുണ്ടോന്ന് ചോദിക്കും.

വെള്ളംനിറഞ്ഞ് ശ്വാസംമുട്ടുമ്പോഴും
ശബ്ദമില്ലാതെ ഇരിപ്പിടങ്ങളെ ഭദ്രമാക്കുന്ന ആ വള്ളത്തിനും,
ഒടുവിലത്തെ കോശം എല്ലിനോട് ചേര്‍ന്നുനില്‍ക്കുന്നതുവരെ
മുലകണ്ണിന്റെ പശതീരുന്നതുവരെ
ഹൃദയത്തിന്റെ അവസാന മിടിപ്പിലും
ചേര്‍ത്തുനിര്‍ത്തുന്ന അമ്മയ്ക്കും
ഒരേ കരുതലാണ്.
...............................................................
© ashnashaju kurungattil

Post a Comment

2 Comments

  1. നിറഞ്ഞവള്ളത്തേയും അമ്മയേയും താ താത്മ്യം ചെയ്തത് ഏറെ പുതുമയുള്ളതായി

    ReplyDelete