തുമ്മല്‍ | കവിത | കെ.കെ.ചന്ദ്രന്‍

thummal-kavitha-k-k-chandran


വീണ്ടും തുമ്മല്‍,
പൊടിയൊ മാറാലയൊ
മൂക്കില്‍ കയറുമ്പോള്‍
പാറ്റഗുളിക മണക്കുമ്പോള്‍
വരാറുള്ള അതേ തുമ്മല്‍.

കുട്ടിക്കാലത്തു
മുറിയുടെ മൂലയില്‍
കട്ടിലിന്നടിയില്‍
ഒളിക്കുമ്പോള്‍
ഇതാ, ഞാനിവിടെ -
യെന്നു പറഞ്ഞു
തുമ്മല്‍ വന്നു.
എണ്ണ മാറിത്തേച്ചാലും
വെള്ളം മാറി കുളിച്ചാലും
തുമ്മല്‍ വന്നു.

തുമ്മലിന്റെ
ആഗോള സഞ്ചാരത്തില്‍
ഋതുഭേദമില്ലാതെ
ധനികനും ദരിദ്രനും
ഒരേ ഗതി.

ഇപ്പോള്‍ നാടാകെ
ആന്റി അലര്‍ജി ക്ലിനിക്കുകള്‍
അലര്‍ജി പ്രതിരോധ
വിചാരങ്ങള്‍
ഒന്നും പരിഹാരമാവാതെ
ജനസഞ്ചയം.

അച്ഛനും അമ്മയ്ക്കും
അപ്പൂപ്പന്മാര്‍ക്കും
ഇതേ തുമ്മല്‍.
പരമ്പരാഗതമെന്നു
നാട്ടുവൈദ്യന്മാര്‍
സ്വയം പുതുക്കലെന്നു
ഡോക്ടര്‍മാര്‍

പച്ച മരുന്നും
അങ്ങാടി മരുന്നും
തോറ്റ്
എവിടെപ്പോയാലും
വിട്ടു മാറാത്ത
അതേ തുമ്മല്‍.

© kkchandran

Post a Comment

1 Comments