പരിണാമം | ഖൈറു

khairunnissa-kavitha-malayalam


സെറ്റ് ചെയ്തു വെച്ച മണിമുഴക്കം
രണ്ടാമതും ഉണര്‍ത്തുമ്പോള്‍
അവകാശിയായി  പൊതിഞ്ഞുവച്ച
സ്‌നേഹത്തില്‍ നിന്നും അവള്‍  ഊര്‍ന്നിറങ്ങും

ഇന്ന് മുഴുവന്‍ കയറിയിറങ്ങേണ്ട
തീവണ്ടി മുറികളെക്കുറിച്ചാലോചിച്ച് 
ഇത്തിരി നേരം  അസ്വസ്ഥയാകും

തീരുമാനിച്ചുറപ്പിച്ച രസമുകുളങ്ങളെ
മുളച്ചു വരുന്ന  ചിന്തകള്‍ക്കൊപ്പം  പുഴുങ്ങിയെടുക്കും

വീടിനെ അലക്കി വെളുപ്പിച്ച് അഴക്കോലിലിടുമ്പോള്‍ 
നനഞ്ഞു പോയ  കനവുകളെയും ഉണക്കാനിടും

അപ്പോഴേക്കും
സ്‌കൂളില്‍ ദേശീയ ഗാനം തുടങ്ങിയിരിക്കും
ഫോണെടുത്ത് ക്ലാസില്‍ കയറുമ്പോഴാകും
അടുത്ത ചുമതലയ്ക്കായുള്ള 
കാഹളം മുഴങ്ങുന്നത് കേള്‍ക്കാനാവുക

കീ കൊടുക്കാതെ തന്നെ കൈ കൊട്ടുന്ന പാവയാണു താനെന്ന് 
അപ്പോള്‍ മുതലാണ് അവള്‍ക്കു തോന്നിത്തുടങ്ങിയത്

നിര്‍ത്താതെ പാടുന്ന പാട്ടില്‍
മോദവും ശോകവുമുണ്ടാകും
അപ്പോഴും വീട്ടിലെ ആവശ്യങ്ങള്‍ പലതും
അഴയില്‍ത്തന്നെ തൂങ്ങിക്കിടപ്പുണ്ടാകും

മുറികള്‍തോറും മുഴങ്ങുന്ന ഭാഷാ വിഷയ വൈവിധ്യത്താല്‍ വീടൊരു സര്‍വ്വകലാശാലയായി പരിണമിക്കും

തിരക്കിട്ട മനോവ്യാപാരങ്ങളൊക്കെത്തന്നെ
തന്റെ ജീവല്‍സ്പന്ദനമാണെന്ന് അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്..
ആനന്ദത്തിന്റെ ചെറു കിരണങ്ങള്‍ 
 അവളില്‍  പലപ്പോഴും  മിന്നിമറിയുന്നത് നിങ്ങള്‍ക്ക് കാണാനാകു.
-----------
©KAH

Post a Comment

3 Comments

  1. നന്നായെഴുതി 👌

    ReplyDelete
  2. എത്ര മനോഹരമായി എഴുതി 👍👍sis

    ReplyDelete