മാസ്‌ക് | സുനില്‍ എസ് തിങ്കള്‍

mask-sunil-s-thinkal


ചിരിക്കാന്‍ മറന്ന മനുഷ്യാ മാസ്‌ക് നിന്‍ മുഖം മറയ്ക്കുന്നു,
മരണം നിന്‍ മുന്നില്‍ ചിരിച്ച് നില്‍ക്കേ,
വിലപിച്ച് കൊണ്ട് നീ സ്മരിക്കണം 
നിന്റെ പൂര്‍വകാലം.

വെട്ടി വീഴ്ത്തി വെട്ടിപ്പിടിച്ചതും, 
വെറുപ്പിച്ചെടുത്തതും വെറുതെയെന്നറിയെ 
സ്വയം വെറുക്കണം നീ,

നീ അറിയണം നിന്നെ, നാം അറിയണം നമ്മെ, 
മുലയൂട്ടി മുത്തം നല്‍കി അമ്മ ചുവപ്പിച്ചെടുത്ത ചുണ്ടാല്‍,
അമ്മ ദൈവത്തെ അപരാധിയെന്ന് വിളിച്ചതും,
തണലാല്‍ തണുപ്പേകിയ കാവുകളൊക്കെ,
വിള തന്ന വയലുകളൊക്കെ,
വരമായി കിട്ടിയതൊക്കെയും വില പേശി വിറ്റ് 
കോണ്‍ക്രീറ്റ് സൗധങ്ങള്‍ തീര്‍ത്ത നീ.

നീ അറിയണം നിന്നെ,
നാം അറിയണം നമ്മെ, ആടിത്തിമിര്‍ത്ത 
വേഷങ്ങളൊക്കെ അസുര വേഷങ്ങളായിരുന്നെന്നു 
തിരിച്ചറിഞ്ഞീടണം നീ.

പോയ് മറഞ്ഞ നല്ല ഇന്നലെകള്‍ 
മടങ്ങിവരില്ലെന്നറിഞ്ഞു തന്നെ,
അതിനായി തല കുമ്പിട്ട്, 
മിഴി പൂട്ടി കൈകൂപ്പി നീ പ്രാര്‍ഥിക്കണം...
----------------------------------
© sunil s thinkal

Post a Comment

1 Comments

  1. നന്നായിട്ടുണ്ട് 👌

    ReplyDelete