എപ്പോഴാണ് ആമിയിലേക്ക് എന്റെ ചിന്തകള്‍ ഒഴുകിയത് എന്ന് എനിക്ക് അറിയില്ല! പലതവണ അക്ഷരങ്ങള്‍ ചേര്‍ത്ത് അവളെ വായിക്കാന്‍ ശ്രമിച്ചിട്ടും ഈ നിമിഷത്തില്‍ പോലും അത് പൂര്‍ണമാവുന്നില്ലെന്നതാണ്... പെരുമ്പറ മുഴക്കുന്ന ചിന്തക്കൂട്ടങ്ങള്‍ക്ക് നടുവില്‍ ഇരുചെവികളും പൊത്തിപിടിച്ച് ഞാന്‍ അവളിലേക്ക് ചേക്കേറി.
കലാലയജീവിതത്തിന്റെ അവസാന നിമിഷങ്ങളും പേറിയാണ് അവളാ ബസ്സില്‍ വന്നിറങ്ങിയത്. നഷ്ട്ടപെടലിന്റെയും നൊമ്പരങ്ങളുടെയും മാറാലകൂട്ടങ്ങള്‍ ആ മുഖമാകെ വരിഞ്ഞുമുറുക്കിയിരുന്നു. അവള്‍ക്കായ് കാത്തിരുന്നവരും അവളിലെ ആ മാറാലയില്‍ തട്ടി മുഷിയുന്നുണ്ട്. കുറ്റബോധത്താല്‍ മുറിവേറ്റ മനസ്സ് സ്വയം മാറുന്നതാണ് പഴയ ആമിയിലേക്കുള്ള തിരിച്ചുവരവ്.. തന്റെ പ്രിയപ്പെട്ടവര്‍ക്കായ് സന്തോഷവും കുസൃതിയും വാരിവിതറി രാത്രിയുടെ പുതപ്പിനുള്ളില്‍ നൊമ്പരങ്ങള്‍ ഒഴുക്കികളയുന്നൊരുവള്‍... ചിരികള്‍ കൊണ്ട് അതിമനോഹരമായി മെനഞ്ഞെടുത്ത മുഖങ്ങളും പിന്നിലായ് അണപൊട്ടിയൊലിക്കുന്ന കണ്ണീര്‍ച്ചാലുകളും.. ചിലരങ്ങനെയാണ് ശാന്തമായ തിരകള്‍ക്കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിച്ച് അടിയാഴങ്ങളില്‍ നിലയില്ലാതെ പരതുന്നവര്‍!
'മന്ത്രികവിദ്യകൊണ്ട് രാജകുമാരനായ തെണ്ടിച്ചെറുക്കന്‍' ഒരു നിമിഷത്തെ നൊമ്പരമില്ലാതെ ഡെന്നീസ് നിങ്ങളെ എങ്ങനെയാണ് ഓര്‍ക്കാനാവുക.. അനാഥത്വം കൊണ്ട് ജീവിതം പടുത്തുയര്‍ത്തിയോന്‍, തന്നിലെ സ്‌നേഹത്തിന്റെ ഒരു കണികപോലും കുറയാതെ പ്രിയപ്പെട്ടവര്‍ക്ക് വച്ച് നീട്ടുന്നവന്‍. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്രയും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയുന്നത്. ഓരോ തവണ ആമിയെ കാണുമ്പോഴും ഉള്ളില്‍ കൗതുകം ഒളിഞ്ഞിരിക്കുന്ന ഡെന്നീസിനെയാണ് ഞാന്‍ കണ്ടത്, അവളിലെ കുസൃതിക്കും കുറുമ്പിനും അപ്പുറം നൊമ്പരങ്ങളാല്‍ ചുറ്റപ്പെട്ടൊരു മരുഭൂമിയുണ്ടെന്ന് കണ്ടെത്താന്‍ കാരണമായതും ഈ കൗതുകമാവാം... അവളിലേക്കുള്ള യാത്ര ചെന്നവസാനിക്കുന്നത് നിരഞ്ജനിലേക്കാണ്! അത്രയും നാള്‍ ആമി അനുഭവിച്ച വിരഹത്തിന്റെ ചൂടില്‍ പതിയെ ഡെന്നിസിന്റെ പ്രണയവും എരിഞ്ഞുതുടങ്ങുന്നു.. പറയുന്നുണ്ട് പലതവണയായി ' ആ കണ്ണീര്‍ എന്റെ ധൈര്യം കെടുത്തും ' എന്ന്. അതെ! ആമിയുടെ ചിരികള്‍ അവളണിഞ്ഞ മുഖംമൂടിയാണ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ അതൊരിക്കലും അഴിഞ്ഞുവീഴരുത്. ഒരു നിമിഷത്തെ നെടുവീര്‍പ്പിനപ്പുറം തന്റെ പ്രാണനായിരുന്നവളെ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും അവളുടെ സന്തോഷം ആഗ്രഹിക്കുന്നവള്‍, എങ്ങിനെയാണ് ഡെന്നീസ് നിങ്ങള്‍ക്കിങ്ങനെയാവാന്‍ കഴിയുന്നത്... ആമിയുടെ കഴുത്തില്‍ ഡെന്നീസ് ചാര്‍ത്തുന്ന താലിയില്‍ തന്റെ ഒരായുഷ്‌കാലത്തിന്റെ സ്‌നേഹമാണയാള്‍ ഒളിപ്പിച്ചത്. മാന്ത്രികവിദ്യകൊണ്ട് രാജകുമാരനായ തെണ്ടിചെറുക്കനും അവന്റെ രാജകുമാരിയും...
-------------------------------------------
© dhana ayyappan
0 Comments