ഓര്‍മ്മ നഷ്ടപ്പെടുന്നവരുടെ ഓര്‍മ്മ ദിനം | ബി.സുമ സതീഷ്

alzheimer's-day-suma-satheesh


ഇന്ന് സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേര്‍സ് ദിനം.

ഓർമ്മ നഷ്ടപ്പെടുന്നവരുടെ ഓർമ്മ

ദിനം.


ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനം.


ചിലപ്പോഴെങ്കിലും മറവിയെന്ന മൂന്നക്ഷര മന്ത്രം നമ്മെ വല്ലാതെ അനുഗ്രഹിക്കുമെങ്കിലും, മറവി കൂടെ കൂടുമ്പോൾ ഒരു മനുഷ്യന്റെ ഏറ്റവും ദുർഘടമായ അവസ്ഥയിലെത്തിച്ചു താണ്ഡവമാടുകയാണിന്ന് പല വീടുകളിലും. ധാരാളം അമ്മമാരും അച്ഛന്മാരും ഇവ്വിധം കടന്നു പോകുമ്പോൾ അവർക്കും പരിചരിക്കുന്നവർക്കും ഒപ്പമാണ് നമ്മൾ.


ഓർമ്മശക്തി, ചിന്ത, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു തരം ഡിമെൻഷ്യയാണ് അൽഷിമേഴ്സ്. മോഹൻലാലും ടീമും തന്മാത്രയിലൂടെ  രോഗത്തെ കുറിച്ച്  വ്യക്തമായ ചിത്രം നമുക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ട്  തന്നെ വലിയ വിശദീകരണം ആവശ്യമില്ല.


അൽഷിമേഴ്സ് രോഗം ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്, ഇത് തലച്ചോറ് ചുരുങ്ങാനും മസ്തിഷ്ക കോശങ്ങൾ മരിക്കാനും കാരണമാകുന്നു. 


ജർമ്മൻ സൈക്യാട്രിസ്റ്റും ന്യൂറോളജിസ്റ്റുമായ അലോയിസ് അൽഷിമേഴ്സിന്റെ പേരിലാണ് 'അൽഷിമേഴ്സ്'  എന്ന മറവി രോഗം അറിയപ്പെടുന്നത്. 1906 -ൽ, ഒരു സ്ത്രീയുടെ തലച്ചോറിലെ ചില പ്രത്യേക മാറ്റങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. ഓർമ്മക്കുറവ്, വഴിതെറ്റൽ, ആകാംഷ തുടങ്ങി അനിതര സാധാരണമായ ചേഷ്ടകളോടെ പെരുമാറിയാണവർ  മരണം വരെ ജീവിച്ചത്. അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. .


തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പതിയെ നശിക്കുന്ന ഡിമൻഷ്യ എന്ന മറവി രോഗത്തിൽ പ്പെട്ടവരാണ് അൽഷിമേർസ് എന്നതിലേക്കെത്തപ്പെടുന്നത് . സാവധാനം കാര്യങ്ങൾ മറന്നു തുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്.  പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശേഷി കുറഞ്ഞു തുടങ്ങുക, പഴയ കാര്യങ്ങൾ ഓർമ്മയിലുള്ളപ്പോഴും അടുത്തവരുടെ പേരുകളും സ്ഥലങ്ങളും മറന്നു പോവുക എന്നിങ്ങനെ ആണ് തുടക്കം. 

ഇന്ന് വളരെ പലപ്രദമായ ബോധവത്കരണങ്ങളും ക്ലാസ്സുകളും കൃത്യമായ രോഗനിർണ്ണയവും യോഗമാർഗ്ഗങ്ങളും മെഡിറ്റേഷനും ലഭ്യമാകുന്നത് കൊണ്ട് തന്നെ എല്ലാ ഡിമൻഷ്യ രോഗികളും  അൽഷ്യമേഴ്‌സ്സ് എന്ന ദയനീയ അവസ്ഥയിലേക്ക് പോകാതിരിക്കാൻ സഹായിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.


സാധാരണയായി പല രോഗങ്ങളുടേയും താല്ക്കാലിക ലക്ഷണമായി മറവി രോഗം പ്രത്യക്ഷപ്പെടാറുണ്ട്. അതായത് ടെൻഷൻ, കൺഫ്യൂഷൻ, രക്തത്തിലെ ഷുഗർ ലെവലിന്റെ വ്യത്യാസം, ഓക്സിജന്റെ അളവിലെ കുറവ്, രക്തസമ്മർദ്ദം, മാനസിക രോഗങ്ങൾ എന്നിവകൊണ്ടുള്ള മറവി.


എന്നാൽ,ദൈന്യംദിന കാര്യങ്ങൾ മറന്നു പോവുക. സാധനങ്ങളുടേയും വ്യക്തികളുടേയും പേരുകൾ ഓർമ്മയിൽ കിട്ടാതാവുക. തിയ്യതികൾ, പ്രധാനപെട്ട ചടങ്ങുകളുടെ കാര്യങ്ങൾ മറന്നു പോവുക, 

പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുക എന്നതാണ് ഡിമെൻഷ്യ.  ഇത്തരം ഓർമ്മക്കുറവുകൾ ഈ അസുഖത്തിന്റെ ലക്ഷണമാണെങ്കിലും പതിയെ തലച്ചോറിന്റെ മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളും നഷ്ടമായി തുടങ്ങും. അതോടെ ഒരേ കാര്യം തന്നെ പല വട്ടം പറയുക. ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതാവുക കൂടാതെ 

രോഗി സ്വന്തമായി ഒന്നും ചെയ്യാൻ പറ്റാതെ    പൂർണ്ണമായും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയും ചെയ്യും.


വളരെ അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങൾ മറന്നു പോകുമ്പോഴും പഴയ കാര്യങ്ങൾ നല്ലപോലെ ഓർമ്മിക്കുന്നവരുമുണ്ട്. ഇതുതന്നെ നേരെ തിരിച്ചും സംഭവിക്കുന്നവരും കുറവല്ല. ഇവയെല്ലാം അറിയപ്പെടുന്നത് ഡിമെൻഷ്യ എന്ന പേരിലാണ്.

മസ്തിഷ്കത്തിനുണ്ടാകുന്ന തകരാറുകൾ ആണ് അൽഷിമേഴ്‌സിലേക്ക് നയിക്കപ്പെടുന്നത്. അത് പെട്ടെന്ന് പരിഹരിക്കാൻ എളുപ്പമല്ലാത്തതിനാൽ ഈ അവസ്ഥയിൽ എത്തിയ രോഗികൾക്ക് പ്രത്യേക സേവനവും ക്ഷമയോടെയുള്ള പരിഗണനയും അത്യാവശ്യമായിവരും.

പൂർണമായ പ്രയോജനം ലഭിച്ചില്ലെങ്കിലും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇത്തരം പരിചരണം ഉപകാരപ്പെടും.


അൽഷിമേഴ്സ് രോഗികളെ വീട്ടിലെ മറ്റ് അംഗങ്ങൾ അവഗണിക്കുന്നതായി  തോന്നിപ്പിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കരുത്.   രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കി കൊടുക്കാനുള്ള ബോധവത്കരണവും അതോടൊപ്പം സെൽഫ് കോൺഫിഡൻസ് മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും ആണ് അത്യാവശ്യം. എത്ര നന്നായി രോഗിയെ പരിചരിച്ചാലും നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങൾ ധാരാളമായി സംഭവിക്കാമെന്നതിനാൽ ചികിത്സിക്കുന്ന ഡോക്ടർ,​ അൽഷിമേഴ്സ് രോഗിയേക്കാൾ മുൻഗണന പരിചരിക്കുന്നവർക്ക് നൽകേണ്ടതുണ്ട്.


മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരായിപ്പോകാൻ ഇടയുള്ള ഇത്തരം രോഗികളെ അവസരോചിതമായ ഇടപെടൽ കൊണ്ട് ചേർത്തു നിർത്താൻ നമുക്ക് സാധിക്കണം. ശുചിത്വം, ഭക്ഷണം, വസ്ത്രധാരണം, മലമൂത്രവിസർജനം തുടങ്ങിയ കാര്യങ്ങളിൽ രോഗിയെ പ്രത്യേകം ശ്രദ്ധിക്കുകയും ക്ഷമയോടെ സഹായിക്കുകയും വേണം.


അസുഖം മൂർച്ഛിച്ചു വഷളാകാനിടയുള്ള ഈ രോഗത്തെ ചെറുത്തു നിർത്താനും തുടക്കത്തിലേ ചികിത്സിക്കാനും ആയുർവേദ ഔഷധങ്ങളും ഹോമിയോ മെഡിസിനും ഫലപ്രദമാണ് എന്ന് അവകാശപ്പെടുന്നുണ്ട്. അൽഷിമേഴ്സ് എന്ന രോഗം, ആയുർവേദത്തിൽ മേധാക്ഷയം, സ്മൃതി നാശം എന്നിങ്ങനെ അറിയപെടുന്നു. 

രോഗിയുടെ നിലവിലുള്ള ശാരീരിക-മാനസിക കഴിവുകൾക്കനുസരിച്ച് കുറെയെങ്കിലും കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കാനും അഭിപ്രായങ്ങൾ തേടാനും  പാട്ടുപാടാനും പാട്ടും സിനിമയും ആസ്വദിക്കാനും  വായിക്കാനും സംഖ്യകൾ കൂട്ടി പറയാനുമൊക്കെ പ്രേരിപ്പിച്ചു കൊണ്ട് കൂടെ  നില്ക്കുകയാണ് ഏറ്റവും പ്രധാനം.


രോഗിയോട് വഴക്കിടുകയോ ദേഷ്യപ്പെടുകയോ ഉചിതമല്ല. പരിചരിക്കുന്നവരെ വേദനിപ്പിക്കുന്ന പ്രവർത്തികൾ രോഗി ആവർത്തിച്ചുകൊണ്ടിരുന്നാലും സ്നേഹത്തോടും സമാധാനത്തോടും കൂടി അവ കൈകാര്യം ചെയ്യാനുള്ള മന:സാന്നിദ്ധ്യം വീട്ടിലെ മറ്റ് അംഗങ്ങൾക്ക് കൂടി ഉണ്ടാവണം.


ചിട്ടയായ ജീവിതവും വ്യായാമം,ആരോഗ്യകരമായ ഭക്ഷണക്രമം, മദ്യം, പുകവലി തുടങ്ങിയവ ഒഴിവാക്കൽ, സമൂഹവുമായി ബന്ധപ്പെടൽ എന്നിങ്ങനെ ശീലമാക്കി, ലളിതമായ കണക്കും ഫലിതങ്ങളും വായനയും ഒക്കെയായി തലച്ചോറിനെ ക്രമേണ പ്രവർത്തിപ്പിച്ചു കൊണ്ടും ഡിമെൻഷ്യയുടെ മോശമായ അവസ്ഥ കുറയ്ക്കാം.


അടുത്ത 30 വർഷത്തിനുള്ളിൽ, ഡിമെൻഷ്യ ബാധിതരുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 50 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ഉണ്ട്. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം പുതിയ കേസുകൾ ഉണ്ടെന്നു പറയപ്പെടുന്നു.


ജൂൺ 2021-ൽ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അൽഷിമേഴ്സ് രോഗത്തിന്റെ ചില കേസുകളുടെ ചികിത്സയ്ക്കായി (aducanumab) അടുക്കാനുമാബ് എന്ന മെഡിസിൻ അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.  അൽഷിമേഴ്സിനെ ചികിത്സിക്കാൻ അമേരിക്കയിൽ അംഗീകാരം ലഭിച്ച ആദ്യത്തെ മരുന്നാണിത്.


അൽമേഴ്‌സ് ദിനാചാരണത്തിന്റെ ഉദ്ദേശം തന്നെ ജനങ്ങളിലേക്കുള്ള ബോധവൽക്കരണവും ജാഗ്രതാ നിർദ്ദേശം പങ്കു വെക്കലുമാണ്. എല്ലാ മറവി രോഗികളളേയും ഹൃദയത്തോട് ചേർത്ത് ഓർമ്മയിലേക്ക് പിടിച്ചുയർത്താൻ ശ്രമിക്കാം നമുക്ക്, തെളിഞ്ഞ മനസ്സോടെ. ഒപ്പം ആ നിസ്സഹായാവസ്ഥയിലേക്ക് നമ്മളൊന്നും എത്തപ്പെടാതിരിക്കാൻ ഏത് മാർഗ്ഗമാണുചിതമായത്, അത് സ്വീകരിച്ചു കുടുംബത്തിനും സമൂഹത്തിനും ബാധ്യത ആവാതിരിക്കാനും ശ്രമിക്കാം.  ജീവിതത്തിന്റെ മടക്കയാത്ര ആസ്വാദ്യകരമാവാൻ  ആശംസിച്ചുകൊണ്ട്...

--------------------------------

© ബി.സുമ സതീഷ്

ബഹ്‌റിന്‍

Post a Comment

11 Comments

  1. നന്നായി വിഷയം പഠിച്ചു എഴുതി. ഒപ്പം കണ്ണുതുറപ്പിക്കുന്ന ഒരു അവബോധവും നൽകി. എന്റെ പപ്പയും ഈ അവസ്ഥയിലൂടെ കടന്നുപോയ ആളാണ്‌. എന്റെ അമ്മയും സഹോദരനും അവന്റെ ഭാര്യയും നൽകിയ പരിചരണം വളരെ സ്തുത്യർഹമായിരുന്നു. അവരുടെ ഒരായുസിലേ പുണ്യങ്ങളുടെ കാലമായിരുന്നു അതെന്നുതന്നെ ഉറപ്പിച്ചു പറയാം. 🙏

    ReplyDelete
  2. Thank you soo much ചേച്ചി.

    എനിക്ക് സമയം ഒത്തുവന്നില്ല കുറേകൂടി നന്നാക്കാമായിരുന്നു.

    ReplyDelete
  3. നന്നായി എഴുതി സുമ.... എന്റെ അമ്മയും ഇപ്പോൾ ഈ അവസ്ഥയിൽ ആണ്....

    ReplyDelete
  4. വളരെ നന്നായി.... 🙏 അഭിനന്ദനങ്ങൾ.. ഇനിയും കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ.

    ReplyDelete
  5. അവസരോചിതമായ നല്ല എഴുത്ത്. ആശംസകൾ സുമ..

    ReplyDelete
  6. Thanks Anilji 🙏


    സപ്പോർട്ടിനു നന്ദി രേഖപെടുത്തുന്നു...
    എല്ലാർക്കും
    🙏🥰

    ReplyDelete
  7. നല്ല എഴുത്തു, ആശംസകൾ.

    ReplyDelete
  8. very informative article and helpful message. keep going .. all the very best

    ReplyDelete