അമ്മേ....
മോളുടെ ഉറക്കെയുള്ള വിളികേട്ടാണ് ലത ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്....
എന്താ കൊച്ചേ എന്നെ ഉറങ്ങാനും സമ്മതിക്കില്ലേ... നല്ലൊരു സ്വപ്നത്തിൽ നിന്നും ഉണർത്തിയതിന്റെ ദേഷ്യത്തിലാണ് ലത..
വാനവീഥികളിൽ.. മേഘങ്ങൾക്കിടയിലൂടെ ഒഴുകിയൊഴുകി അപ്പൂപ്പൻത്താടി പോലെ പറന്നു നടക്കുന്ന സമയത്തായിരുന്നു മോളുടെ വിളി.....
ഉറക്കച്ചടവോടെ ലത എഴുനേറ്റിരുന്നു...
അമ്മക്കെന്താ വയ്യേ ..
മോൾ നെറ്റിയിൽ തൊട്ടു നോക്കി..
പനിയൊന്നുമില്ലല്ലോ പിന്നെന്താ അമ്മ കിടന്നത്?
ലത ഉള്ളാലെ ചിരിച്ചുപോയി... അവൾക്ക് അറിയില്ലല്ലോ അമ്മ രാവിലെ എഴുന്നേറ്റു ജോലികൾ തീർത്ത് വീണ്ടും കിടന്നതാണെന്ന്...പാവത്തിന് കോവിഡ് പോസിറ്റീവ് ആയിരുന്നു.. നെഗറ്റീവ് ആയിട്ടും അതിന്റെ ക്ഷീണത്തിൽ നിന്നും ഇതുവരെ മുക്തയായിട്ടില്ല...
മോള് അമ്മക്കൊരു ചായ ഇട്ടു താ..
ശരിയമ്മേ ഇപ്പൊ തരാട്ടോ.. എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി...
ലത പുറത്തേക്ക് നോക്കിയിരുന്നു....മുറ്റത്തെ ചാമ്പമരത്തിൽ കരിയിലകിളികൾ കലപില കൂട്ടുന്നുണ്ട്.. കൂട്ടത്തിൽ അണ്ണാറക്കണ്ണനും ചാമ്പക്ക തിന്നാനുള്ള തിരക്കിലാണവൻ.....
അമ്മേ ഇന്നാ ചായ...
ആഹാ അമ്മ രാവിലെ എഴുന്നേറ്റല്ലേ ??അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു....
ങ്ങാ.. അച്ചന് ചോറ് കൊണ്ടുപോകണ്ടേ അതുകൊണ്ട് നേരത്തെ എഴുന്നേറ്റതാ... ചുമ്മാ കിടന്നതാ ഉറങ്ങിപ്പോയി, നല്ലൊരു സ്വപ്നത്തിലായിരുന്നു അപ്പോഴാ കൊച്ചെന്നെ വിളിച്ചുണർത്തിയത്....
ഈ അമ്മയുടെ ഒരു കാര്യം... സ്വപ്നം ഇനിയും കാണാമല്ലോ...
ഉം... ശരി ശരി പോയി ബ്രഷ് ചെയ്ത് വല്ലതും കഴിക്കാൻ നോക്ക്...
ലത ചായ ഊതി കുടിച്ച് പുറത്തേക്ക് നോക്കിയിരുന്നു...
രാവിലെ തുടങ്ങിയ മഴയാണ് , മഴയുടെ സംഗീതം കേട്ടിരിക്കാൻ നല്ല സുഖം...
വാനവീഥിയിലൂടെ വെള്ളിനൂൽ പോലെ പെയ്തിറങ്ങി ഇലകളിലൂടെ ഊർന്ന് മുത്തുമണികൾ പോലെ താഴെ വീണ് പൊട്ടിച്ചിതറുന്നത് കാണാൻ എന്താ ഒരു രസം!
ഓരോന്ന് ഓർത്തിരുന്നപ്പോൾ തലേദിവസം താനും ഭർത്താവും കൂടിയുള്ള സംസാരം ഓർമ്മയിലെത്തി, അപ്പോൾ അവളുടെ മുഖം ശോകഭാവ മായി...
സന്ധ്യക്കുള്ള പ്രാർത്ഥന ശേഷം രണ്ടാളും കൊച്ചുവർത്തമാനവും പറഞ്ഞ് ടീവി ന്യൂസ് കാണുകയായിരുന്നു.. വാർത്തകളിൽ നിറഞ്ഞു നിന്നത് കൊറോണയെന്ന മഹാമാരി....
ടീവി ഓഫ് ചെയ്യൂ ഏട്ടാ... കേട്ടിട്ട് തലയാകെ പെരുക്കുന്നു... അവൾ വിഷമത്തോടെ പറഞ്ഞു..
രവി വേഗം ടീവി ഓഫ് ചെയ്തു. അല്ലങ്കിൽ അവനറിയാം വെറുതേ ഓരോന്ന് പറഞ്ഞോണ്ടിരിക്കും... അതിലും ഭേദം ഓഫ് ചെയ്യുന്നതാണ്...
ഏട്ടാ.... കുറേനേരം കഴിഞ്ഞ് സുമ രവിയെ വിളിച്ചു...
ഉം... അവൻ മൂളി
നമ്മളിൽ ആരാണ് ആദ്യം മരിക്കുക?
അതിപ്പോ എങ്ങനെ പറയുക.. മരണം അതെപ്പോ വേണേലും ആർക്കും സംഭവിക്കാം...
എന്റെ ആഗ്രഹം എന്നേക്കാൾ മുന്നേ നീ മരിക്കുന്നതാണ്, അവൻ പറഞ്ഞു നിർത്തി.
അവൾ ഞെട്ടിപ്പോയി... അവനിൽ നിന്നും അവളൊരിക്കലും പ്രതീക്ഷിക്കാത്ത മറുപടി!!!
എന്നാലും നിങ്ങൾ ഇങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല... ഇത്ര ദുഷ്ട്ട മനസ്സാണോ നിങ്ങളുടേത്...നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു...
അതുകേട്ടപ്പോൾ അവനാകെ ദേഷ്യം പിടിച്ചു പറഞ്ഞു..
ഞാൻ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് സാവകാശം ചിന്തിച്ചു നോക്ക് എന്നിട്ട് കലിതുള്ള്... ദേഷ്യത്തോടെ അവൻ കിടക്കാൻ പോയി...
എത്ര ആലോചിച്ചിട്ടും അവൾക്ക് അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല....
ഏറ്റവും ഒടുവിൽ മോളോട് കാര്യം പറഞ്ഞു...
എന്നാലും അച്ഛൻ എന്നോട് അങ്ങനെ പറയാൻ പാടുണ്ടോ മോളേ?
അമ്മേ... അമ്മയ്ക്ക് അച്ഛനെ ഇത്രയായിട്ടും മനസ്സിലായില്ലല്ലോ കഷ്ടം..,
അമ്മ അച്ഛനെ കൂടിയല്ലാതെ എവിടേലും ഒറ്റയ്ക്ക് പോകാറുണ്ടോ?
എന്തിനും ഏതിനും അച്ഛനല്ലേ അമ്മയ്ക്ക് തുണ, വയ്യായ്ക വന്നാലും അമ്മക്ക് എന്നേക്കാൾ കാര്യം അച്ഛൻ ശുശ്രൂക്ഷിക്കുന്നതല്ലേ ഇഷ്ടം....
അതൊക്കെ ശരിതന്നെ... എന്നാലും ഞാൻ ആദ്യം മരിക്കണം എന്ന് ആഗ്രഹിച്ചത്....
അവിടെയാ അമ്മയ്ക്ക് തെറ്റുപറ്റിയത്... അമ്മയെക്കാൾ മുന്നേ അച്ഛൻ മരിക്കുന്നത് അമ്മയൊന്നു സങ്കൽപ്പിച്ചു നോക്ക് അപ്പോൾ മനസ്സിലാകും അച്ഛൻ പറഞ്ഞതിന്റെ പൊരുൾ... അവൾ ദേഷ്യത്തോടെ എഴുന്നേറ്റു പോയി...
ശരിയാണ് അദ്ദേഹം ഇല്ലാതായാൽ ഞാനെങ്ങനെ ജീവിക്കും?
ഇത്രയും നാൾ താൻ ആഗ്രഹിച്ചത് താനിരിക്കുമ്പോൾ തന്നെ അദ്ദേഹം പോകണമെന്നായിരുന്നു!
അവൾക്ക് അത്ഭുതം തോന്നി രണ്ടുപേരുടേയും മനസ്സിലെ ആഗ്രഹം ഒന്നായിരുന്നെന്ന്!!!
താനില്ലാതായാൽ ഏട്ടന് ഒരു വയ്യായ്ക വന്നാൽ സ്നേഹത്തോടെ നോക്കാൻ ആരുണ്ട്?
വിവാഹം കഴിഞ്ഞ് ഈ നിമിഷം വരെ അദ്ദേഹമില്ലാത്ത ഒരു കാര്യവും തന്റെ ജീവിതത്തിലില്ല...
അതോർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി...
അതെ ഏട്ടൻ ആഗ്രഹിച്ചപ്പോലെ ഏട്ടൻ ഇരിക്കുമ്പോൾ തന്നെ താൻ മരിക്കട്ടെ
അവളുടെ മനസ്സാകെ നിറഞ്ഞു തുളുമ്പി...
---------©binchuvenu..................
2 Comments
കുടുംബ ബന്ധ്ധത്തിന്‍റെ ഇഴയടുപ്പം വരച്ചു കാട്ടുന്ന മനോഹരമായ ചെറിയ കഥ. നല്ല ചിന്ത.
ReplyDeleteGood story
ReplyDelete