എന്റെ ഭാരത പര്യടനങ്ങൾ | ഭാഗം -7

bharatha-paryadanam


 കാലം മാറിയതറിയാതെ ഒരു ഗ്രാമം

2002 - 2003 കാലം.

അന്ന് ഞാൻ വർക്ക് ചെയ്തിരുന്നത് ബാഗ്ലൂരായിരുന്നു. ബാഗ്ലൂരെന്ന് പറയുമ്പോൾ 

കണ്ണിംഗാം റോഡിലായിരുന്നു ഞങ്ങളുടെ ഓഫീസ് !

ഏതാണ്ട് ടൗണിന്റെ ഹൃദയ ഭാഗത്തായി വരും.

ഞാൻ അവിടെയെത്തി ആറ് മാസം കഴിഞ്ഞപ്പോൾ പുറത്ത് , ഫീൽഡിൽ   ഒരു ഇൻസ്പ്പെക്ഷന് പോകേണ്ടതായിട്ടു വന്നു.

എന്നെ കൊണ്ടുപോകാൻ വേണ്ടി  ഒരു NGO- ക്കാർ അവരുടെ ജീപ്പ് വരുകയും ഞാനതിൽ ക്കയറി യാത്രയാകുകയും ചെയ്തു.

ജീപ്പ് ടൗണൊക്കെ വിട്ട് ഗ്രാമത്തിലേയ്ക് കയറി ....

പ്രകൃതി രമണീയമായ ഗ്രാമങ്ങൾ പിന്നിട്ട് ജീപ്പ് ഓടി കൊണ്ടേയിരുന്നു ....

എന്റെ കണ്ണും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകളായിരുന്നു ഏറെയും.

ഞാനതു ആസ്വദിച്ചു കൊണ്ടേയിരുന്നു ...

എന്നോടൊപ്പം ഉണ്ടായിരുന്നത് ഡ്രൈവറെ കൂടാതെ ഏകദേശം നാൽപ്പത് - നാൽപ്പത്തിയഞ്ചോളം വയസ്സ് പ്രായം തോന്നിക്കുന്ന മലയാളിയായ ഒരു സ്ത്രീയായിരുന്നു , പ്രത്യേകിച്ചും എന്റെ തന്നെ ജില്ലയിൽ കുട്ടനാട്ടിൽ ചമ്പക്കുളത്ത് കാരിയായിരുന്നു അവർ !

അതുകൊണ്ട് തന്നെ അവർ ഏറെ അടുപ്പം എന്നോട് കാണിച്ച് പോന്നിരുന്നു.

ഓരോ സ്ഥലങ്ങളും പിന്നിടുമ്പോൾ അവിടുത്തെ സ്ഥലത്തേയും ആളുകളേയും സംബന്ധിച്ച് വിവരണങ്ങൾ തന്നുകൊണ്ടേയുമിരുന്നു.

അങ്ങനെ ഞങ്ങൾ അൽമറ ഡോഢി എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു ....

അവിടെ എന്നെ അതിശയിപ്പിച്ച കാഴ്ച പത്ത് ഇരുപത്തിയഞ്ച് മീറ്റർ വിസ്തൃതിയിൽ പടർന്നു പന്തലിച്ച ഒരു കൂറ്റൻ അരയാലായിരുന്നു .....

ആ ആലിനെ അവിടുത്തെ ഗ്രാമീണർ ദൈവമായിക്കരുതി ആരാധിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാമായിരുന്നു. നമ്മുടെ നാട്ടിൻപുറത്ത് കാണാൻ കഴിയാത്ത ഒരു സംസ്ക്കാരം !

അതിനെ ചുറ്റിവളഞ്ഞു മററ്റാരു പാതയിലേക് കയറുമ്പോൾ കൂടെ ഉണ്ടായിരുന്ന സ്ത്രീ പറഞ്ഞു:

" സാർ ഇനിയുള്ള യാത്ര വളരെ വിജനവും ദുർഘടം പിടിച്ചതുമാണ്. സാർ കമ്പിയിൽ ബലമായി പിടിച്ചു കൊള്ളൂ..."

" എന്ത് വിജനത ! എന്ത് ദുർഘടം ..? ഭൂലാൻ ദേവിയുടെ ഛംബൽ താഴ് വരയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പിന്നാ ഇത് "

പറഞ്ഞില്ല. മനസ്സിൽ ഓർത്തതേയുള്ളൂ.

അപ്പോഴേയ്ക്കും ഞങ്ങൾ യാത്ര ആരംഭിച്ചിട്ട് ഏകദേശം മൂന്ന് - മൂന്നര മണിക്കൂർ ആയിട്ടുണ്ടാകും ....

ജീപ്പ് ഇപ്പോൾ കുറ്റിക്കാടുകൾ നിറഞ്ഞതും വിജനവുമായ ഒരു പ്രദേശത്തുകൂടെ യാത്ര ചെയ്യുകയാണ് ...

കരിങ്കല്ലുകൾ വെട്ടിമാറ്റിയ ഏറെ ദുർഘടം പിടിച്ച വഴിത്താരയിലൂടെയായിരുന്നു അപ്പോൾ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്നത് ...

വിജനമായ കാട്ടുപുല്ലുകൾ വളർന്നു നിൽക്കുന്ന വിശാലമായതും  വിജനവുമായ  പ്രദേശത്തി നപ്പുറം ദൂരയായി വനത്തിന്റെ പച്ചപ്...

വഴിയിൽ പല സ്ഥലത്തും മ്ലാവ് ,കാട്ടു കോഴി, കാട്ടുമുയൽ, കാട്ടുപന്നി ഇവയെയൊക്കെ കാണാമായിരുന്നു ....

അൽപ്പം കഴിഞ്ഞപ്പോഴാണ് വിജനതയിലും ഒരു കുടിൽ കണ്ടത് ...

അതിനു മുന്നിൽ സ്ത്രീ യെന്ന് തോന്നിക്കുന്ന ഒരു രൂപം കുത്തിയിരിക്കുന്നു ....

മൊട്ടക്കുന്നുകളല്ലാതെ ആ പരിസരത്തെങ്ങും ആൾപ്പാർപ്പുള്ളതിന്റെ ലക്ഷണമൊന്നും കണ്ടിരുന്നില്ല. ഏറെ വിജനവും ഭീതിദവും ആയിരുന്നു ആ പ്രദേശം !

എന്റെ മനസ്സിൽ എന്തോ സംശയത്തിന്റെ നാമ്പ് മുളച്ചത് മനസ്സിലാക്കിയ എന്നോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ പറഞ്ഞു:

" ഊരു വിലക്കാ സാറെ "

ഊരു വിലക്ക് ....?

" ഇവിടൊക്കെയിങ്ങനാ... ആരോ ഒരാളെ പ്രണയിച്ചതാ ആ കുട്ടി. അവസാനം ഗർഭിണിയായി. നാട്ടു കൂട്ടം കൂടി വിചാരണ കൂടി ഊര് വിലക്ക് കൽപ്പിച്ചതാ ..."

" ആരാ ... അതിനെ ....? "

" അതിന് ആ കുട്ടി പറഞ്ഞിട്ട് വേണ്ടേ ... ഏതോ കൊള്ളാവുന്ന വീട്ടിലെ കുഞ്ഞായിരിക്കും "

അവർ ഒരു നിമിഷം നിർത്തിയിട്ട് തുടർന്നു ....

" ഒന്നുകിൽ ആ കുട്ടി ആളിനെ പറയണം . അല്ലെങ്കിൽ ഇവിടെ പ്രസവിച്ച് ഇവിടെ തന്നെ കഴിയണം. വീട്ടിലേക്കോ നാട്ടിലേക്കോ പ്രവേശനമില്ല. "

എന്ത് കഷ്ടം !

എന്റെ മനസ്സ് അപ്പോൾ ഒരു പ്രിയദർശൻ ചിത്രത്തിലേക് പരിണമിക്കുകയായിരുന്നു ....

" തേൻ മാവിൻ കൊമ്പത്ത് "

അത് സിനിമാ ....

ഇത് റിയൽ ജീവിതം !

ആ കുട്ടിയെ ഗർഭിണിയാക്കിയവൻ ഒരു പക്ഷേ  കല്യാണമൊക്കെ കഴിച്ച് സ്വന്തം ഭാര്യയയുമായി വിലസുന്നുണ്ടാകും ....

അപ്പോ എല്ലാ മറന്ന് സ്നേഹിച്ചവന് എല്ലാം സമർപ്പിച്ചവൾ  ഇവിടെ ..... ഈ വിജനതയിൽ ഒറ്റക്ക് .....

എത്ര കാലം....?

എന്ത് ഭീകരത...

ഞാനെവിടെയോ എന്റെ ഒരു കഥയിൽ എഴുതിയതപ്പോൾ ഓർത്തുപോയ് ....

'ജീവിതത്തിൽ മരിക്കുന്ന തിനേക്കാൾ ഭീകരം ഒറ്റപ്പെട്ടു പോകുന്നതാണ്'..... എന്ന് .

പിന്നെയൊരു കാഴ്ചയും ഞാൻ കണ്ടില്ല. എവിടൊക്കെയോ കൂടി സഞ്ചരിച് രാത്രി പത്ത് മണിയോടെ താമസ സ്ഥലത്ത് തിരിച്ചെത്തി.

ഡയറി തുറന്ന് എഴുതാമെന്ന് കരുതി അത് തുറന്നു ...

പക്ഷേ ഒരു വാക്കും അപ്പോൾ എന്നെ ആശ്ലേഷിച്ചില്ല.

അവസാനം ഒരു വാക്ക് എഴുതി ഡയറി മടക്കി . അത് ഇപ്രകാരമായിരുന്നു ....

" ജീവിതം എത്ര വിചിത്രമാണ് "

ചിന്തകളുടെ ഭാരവു പേറിയ മനസ്സുമായി എപ്പഴോ തളർന്നുറങ്ങി.

അടുത്ത ലക്കം  മറ്റൊരു അനുഭവവുമായി :

Signing out from Mangalm Sivan.

Thank you.

Post a Comment

1 Comments

  1. അതെ ജീവിതം പലതരത്തിലുള്ള വിചിത്ര അനുഭവങ്ങൾ നിറഞ്ഞതാണ്. നോർത്ത് ഇന്ത്യൻസ് അരയാലിനെ പൂജിക്കും. നല്ലയെഴുത്ത് ആശംസകൾ 🌹

    ReplyDelete