അമ്മയാണ്, മകള്‍ ആണ്, സഹോദരിയാണ്, ശക്തി ആണ് സ്ത്രീ, കോപ്പ അമേരിക്കയാണ്. സ്ത്രീ ശക്തി എന്നും പറഞ്ഞു വാര്‍ത്ത ഉണ്ടാക്കുവാനും പ്രശംസിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുവാനും അല്ലാതെ ഒരു പെണ്ണിന് എന്ത് സുരക്ഷയാടോ ഈ സമൂഹത്തിനു കൊടുക്കാന്‍ പറ്റുന്നത് ? പരാതി കൊടുക്കാന്‍ പോകുമ്പോള്‍ പരാതി എഴുതി എടുക്കുന്ന, ശ്രീപപ്പനാവന്റെ മുദ്ര കടലാസ്സില്‍ എഴുതി പിടിപ്പിക്കുന്നത് മുതല്‍ പെണ്ണായതു കൊണ്ട് മാത്രം അനുഭവിക്കുന്ന പീഡനം (പത്രക്കാരും ചാനല്‍ ബുജികളും പറഞ്ഞു പറഞ്ഞു ആ വാക്കിന്റെ ചാറ് ഊറ്റി ) അത് മനസിലാവണം എന്നുണ്ടേല്‍ ഒരു മനസ്സ് ഉണ്ടാവണം. അതിപ്പോ ഏതവനാ ആ കിടുതാപ്പ് ഇല്ലാത്തതു അല്ലെ ? അനിയാ നില്, പണി എടുക്കാനും, തൊഴി മേടിക്കാനും, മണ്ടത്തരം മാത്രം പറയാനും , കരുത്തു തീര്‍ക്കാനും ഉള്ള ഒരു ഇലമ്പിച്ച പഴം അല്ല പെണ്ണ്. പക്വതയില്‍, മാനസികമായി ,പെണ്ണ് തന്നെയാണ് മുന്നില്‍. ദേഷ്യം വരുമ്പോള്‍ അതിനെ മുഖം വീര്‍പ്പിച്ചും അല്ലെങ്കില്‍ കടിച്ചു പിടിച്ചും നില്ക്കുന്ന പെണ്‍കിളി എവിടെ ?ദേഷ്യം വരുമ്പോള്‍ തെറിയഭിഷേകവും കൈ കരുത്തും കാണിക്കുന്ന ആണ് എവിടെ ?. എന്നിട്ടും എല്ലാം സഹിച്ചും നില്ക്കുന്ന ഒരു പെണ്ണിന്നെ കണ്ടാല്‍ മുതലെടുക്കുകയല്ല സഹോ വേണ്ടത് . എല്ലാവരും ഇമ്മാതിരി സഹിക്കുന്നവരെന്നോ പാവനമായ മനസ്സിന് ഉടമകളെന്നോ അല്ല പറയുന്നത്. സ്വന്തം കാര്യം നേടിയെടുക്കുവാനായി ഏതറ്റം വരെയും പോകുന്നവര്‍ ഉണ്ട്. ഈ മാതിരി ആളുകള്‍ ആണുങ്ങള് ആയാല്‍ 'സ്വാഭാവികം' എന്ന് കണ്ണും അടച്ചു പറയുന്നവര്‍ പക്ഷെ പെണ്ണാണ് അങ്ങനെ ചെയ്തത് എന്നോര്‍ത്തു സത്വ ബോധം ഉണര്‍ന്നു പുരപ്പുറത്തു കയറി തല ഉയര്‍ത്തി കണ്ഠ ശുദ്ധി വരുത്തും. പീഡനം, കൈമാറ്റം ചെയ്യല്‍ ഇതൊക്കെ നമ്മുടെ നാട്ടില്‍ ആണെന്നുള്ളത് 'അഭിമാനത്തിന്' വക തരുന്നതാണെല്ലോ. സായിപ്പിന്റെ ആണ് അല്ലേല്‍ വിദേശ സംസ്കാരം എന്നൊക്കെ പറഞ്ഞു ഏണി ചാരാന്‍ വരട്ടെ. ഈ പണി കാണിക്കുന്നവന്റെ സാമാന്യ ബോധം എന്നതിനെ എന്തെ ചോദ്യം ചെയ്യുന്നില്ല ? തച്ചു തകര്‍ത്തു മുന്നോട്ടു പോകാന്‍ ഉള്ളതായി മാറിയോ കുടുംബങ്ങള്‍ ?
കോളേജ് കാലം എന്ന് പറഞ്ഞാല്‍ സിനിമയും ക്ലാസ് കട്ട് ചെയ്യലും ഒരു പൊടിക്ക് മരംചുറ്റി പ്രേമവും പിന്നെ ഒരു പാട് തെണ്ടലുകളും ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് അലമ്പുണ്ടാക്കാന്‍ വാട്സാപ്പോ ഫേസ് ബുക്കോ ഇല്ലായിരുന്നു. മരച്ചുവട്ടിലും ബസ് സ്റ്റോപ്പിലും പാറി പറന്നു നടന്ന കോളേജ് കാലം പോയി..അടച്ചിട്ട മുറികളിലും, ലഹരിയിലും പുതിയ ഗാഥ തെളിയിക്കുന്ന ഒരു ശീലം വളര്‍ന്നു വന്നു. അതെന്തും ആവട്ടെ ചോര കളി ക്യാമ്പസ്സില്‍ വേണ്ടിയിരുന്നില്ല . വളര്‍ച്ചയുടെ ഭാഗം ആണ് കോളേജ് കാലത്തെ പല ചെയ്തികളും പക്ഷെ ഒരുവന്റെ നെഞ്ച് പിളര്‍ന്നു തുരന്നെടുക്കുന്ന സ്വപ്നങ്ങളും ജീവനും അത് എന്തിനു വേണ്ടി ആണേലും ഇടതു വലുത് നടുക്ക് എന്നൊന്നില്ല. കോളേജ് ഇലെക്ഷന് സമയത്തു വളവിലും മൂത്രപ്പുരകളിലും അടിയില്‍ തീര്‍ത്ത ആവേശം ഭാവിയില്‍ നല്ല കൂട്ടുക്കാരേ സൃഷ്ടിച്ചിട്ടുണ്ട്. ഒരുത്തനെ കുത്തി മലര്‍ത്തുമ്പോള്‍ തീരുന്നതും മനുഷ്യത്വവും കൂട്ടായ്മയുമാണ്. ഇമ്മാതിരി പണി ചെയ്യുന്നവന് ഏതു കൊടികീഴില് ഉള്ളതാണെലും പുറത്താക്കണം. ഭയം വോട്ട് ആകുവാന്‍ ഈ സംസ്ഥാനത്തിന്റെ നട്ടെല്ല് ചരുണ്ടിട്ടൊ പടര്‍ന്നിട്ടോ അല്ലെ നല്ല നെടു നീളത്തില്‍ തന്നെയാണ് .
കേശുവിനു മൊത്തത്തില്‍ ഐശ്വര്യം ആണെല്ലോ. ഈ പുതുവര്‍ഷം എല്ലാവര്ക്കും അത്ര നല്ലതല്ല തന്നതു എങ്കിലും കേശുവിനു കൊടുത്ത് ബമ്പര്‍ ആയിരുന്നു. സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണോ ദിലീപെട്ടാ നിങ്ങള്‍ ചെയ്തത്. വട്ടമേശയ്ക്ക് ചുറ്റും കുത്തി ഇരുന്നു ഞായറാഴ്ച ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത് പോലെയാണോ അന്വേഷണ ഉദ്യോഗസ്ഥനെ കീചാന്‍ പ്ലാന്‍ ഇടുന്നത്. ഇതിപ്പോ കുരുവിന്റെ മുകളില്‍ അമിട്ട് പൊട്ടിയ അവസ്ഥ ആയി. അസൂയക്കാരായ സിനിമാക്കാര് പറയുന്നത് കൊടുത്തിട്ടുള്ള പണി എല്ലാം കൂടി ടൂറിസ്റ്റ് ബസ്സ് പിടിച്ചു വന്നു എന്നാണ്. സത്യം ബോധിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ തല തൊട്ടാണോ സത്യം ചെയ്യുന്നത്. ഉള്ളതാണോ ഇല്ലാത്തതു ആണോ എന്നറിയില്ല സിനിമ ലോകം അല്ലെ ... വെള്ളിത്തിരയ്ക്കു പിന്നില്‍ സ്രാവാണോ അതോ കണവ നാക്കാണോ എന്നറിയില്ലല്ലോ.
അല്ലറ ചില്ലറ വിഷയങ്ങള്‍ പറഞ്ഞാല്‍ തിരഞ്ഞെടുപ്പ്. ദൈവങ്ങള്‍ക്ക് നന്ദി പെട്രോള്‍ വില പിടിച്ചു നിര്‍ത്തുന്നില്ല അതന്നെ ഒരു ആശ്വാസം. കലിപ്പിലാണ് ഇടഞ്ഞ കൊമ്പനാണ് എന്നൊക്കെ പറഞ്ഞു എല്ലാ കൊല്ലവും വന്നു ചൂലെടുത്തു ചുക്കിലി അടിച്ചു പോകാറുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കൊമ്പും കുഴലും ഒന്നും ഇല്ലാതെ വന്നു മര്യദയ്ക്കു കളിച്ചു ജയിക്കുന്നുണ്ട് എന്താവുമോ എന്തോ.
ചൊറിതണം : ഒരു കഥ സൊല്ലട്ടുമ്മ സര്? പണ്ട് കൊറോണ കാലത്തു, ഒരു ബസ് ഓണാട്ടുകര വഴി ഓടിയിരുന്നു നഷ്ടം മാത്രം ആണെങ്കിലും നാട്ടുകാര്‍ക്കു വേണ്ടി ഓടി. അതിനു ശേഷം ലോക്ക് ഡൌണ്‍ മാറി ബസ്സുകള്‍ ആയി പക്ഷെ ചങ്കായ ബസില്‍ കാത്തു നിന്ന് കയറുന്നവര്‍ ടിക്കറ്റിനു ശേഷം തരുന്ന ബാക്കി പൈസ, വേണ്ട നിങ്ങള്‍ വെച്ചുകൊള്ളു എന്നും പറഞ്ഞാണ് ആ ബസ്സുകാരുടെ ആത്മാര്‍ത്ഥതയോടു പ്രതികരിച്ചത്. ആഹാ എത്ര സുന്ദരമായ കഥ . എന്നാല്‍ കഥ തീരുന്നതു ഇവിടെ അല്ല. ലോക്ക് ഡൌണ്‍ മാറി, കാലയളങ്ങളും കശാപ്പു ശാലകളും കള്ളു ഷാപ്പുകളും തുറന്നു. ഇരുചക്ര വാഹനത്തില്‍ എത്തുന്ന സഖാക്കന്മാര്ക്കു കണ്സെഷന് കൊടുക്കാത്ത ബസ്സുകളോട് തീര്‍ത്താല്‍ തീരാത്ത പക പൊട്ടി മുളച്ചു. ബിഷപ്പ് മൂറിലെ സഖാക്കള്‍ തടഞ്ഞു, ബസ്സ്. തടയപ്പെട്ട ബസ്സ് മുതലാളി ഒരു പഴയ 'ബൂര്‍ഷ്വ കമ്മ്യൂണിസ്റ്റാ' - ഏത് ? .സംഭവം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാണെങ്കില്‍ വണ്ടി ഓടേണ്ട എന്ന് . ഇനിയാണ് ട്വിസ്റ്റ് ബസ്സിലെ കുട്ടികള്‍ ഫുള്‍ ടിക്കറ്റ് എടുക്കാന്‍ തയാറാണ് കാരണം അവര്‍ക്കറിയാം ബസ്സിനെ. പിള്ളാര് പറഞ്ഞു ആരും നിര്‍ബന്ധിച്ചു ഫുള്‍ ടിക്കറ്റ് എടുപ്പിക്കുന്നില്ല എന്ന്, കുടുങ്ങിയില്ലേ കുട്ടി സഖാക്കള്‍. കഥയും ആയി ട്വിസ്റ്റും ആയി ഇതില്‍ ഒരു ഡബിള്‍ ട്വിസ്റ്റ് ഉണ്ട്. ഏതോ ഒരു കിളിച്ചു വരുന്ന പൗരന് ചെന്ന് സഖാക്കളെ ഇളക്കി അത്രേ ഇന്ന ബസ്സില്‍ കുട്ടികള്‍ കഷ്ടപ്പെടുന്നു എന്ന്. ചോരത്തിളപ്പ് അല്ലേല്‍ ഇരുത്തി ചിന്തിക്കാന്‍ ഉള്ള കഴിവില്ലായ്മ്മ, ഇറങ്ങി വെള്ള കൊടിയും പൊക്കി. ഒരു പ്രസ്ഥാനം എതെലും ഒരാള്‍ പറയുന്നത് കേട്ട് ചാടി ഇറങ്ങിയാല്‍ പേര് ദോഷം ഈ പറഞ്ഞ പ്രസ്ഥാനത്തിന് തന്നെ അതിനി എസ്എഫ്ഐ ആണേലും കെഎസ് യു ആണേലും. ഈ കൊടി കയ്യില്‍ എടുക്കുമ്പോള്‍ ഏതു പ്രസ്ഥാനവും ആയി കൊള്ളട്ടെ ഇന്നത്തെ സംഘം ആക്കുവാന് ഒരു പാട് പേര് ജീവിതം കളഞ്ഞിട്ടുണ്ട് അതാ മറന്നു പോയത്.
3 Comments
ഞങ്ങൾടെ Bus
ReplyDeletefantastic
ReplyDelete👍👍👍
ReplyDelete