ഇരുള്‍ മൂടിയ പാതക്ക് നടുവിലായി ദിശയിറിയാതെ വഴിയറിയാതെ മാധവി നില്‍ക്കയാണ്. ശക്തമായ മഴയുണ്ടായിട്ടും അതിലും ശക്തമായി കുളിരുണ്ടായിട്ടും മാധവിയുടെ ശരീരം വിയര്‍ത്തിരുന്നു. ഉപ്പുരസമുള്ള നനവ് ശരീരമാകെ പടര്‍ന്നിരുന്നു. മഴയേറെനേരമായി പെയ്‌തൊടുവില്‍ അല്പനേരം വിശ്രമമെടുത്തു.
കിതക്കുന്ന മനസ്സും ശരീരവുമായി ഒരു വലിയ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ മാധവി തളര്‍ന്നിരുന്നു. നഗ്‌നമായ പാദങ്ങള്‍ മുള്ളും കുപ്പിച്ചില്ലുമേറ്റ് രക്തമേറെ വാര്‍ന്നിരുന്നു. നോവിനാല്‍ പാദങ്ങള്‍ വിറച്ചിരുന്നു.. സ്ത്രീ പാദത്തെ തഴുകാന്‍ കുപ്പിച്ചില്ലും കൊതിച്ചത് പോലെ. മൃദുവായ തൊലിയൊന്ന് മുറിച്ച് അകത്തേക്ക് കയറി കുപ്പിച്ചില്ലുകളതിന്റെ ശൗര്യം കാണിച്ചു.
രക്തക്കറ ചെറിയ ചെടികളില്‍ പറ്റിപ്പിടിച്ചു.. മണ്ണിന്റെ രുചിയും മാധവിയുടെ ചൂടുള്ള ചോര രുചിച്ചു. കീറിയ പാവാടയൊന്ന് കയറ്റി കുത്തി വഴികാണാത്ത വഴികളില്‍ ഏതിലൂടെയോ അവള്‍ വേഗത്തിലോടി. എത്ര തവണ തട്ടിവീണു. എത്ര തവണ ശരീരഭാഗങ്ങളില്‍ കല്ലും മണ്ണും മുള്ളും ചിത്രം വരച്ചു. ചെറു വള്ളിചെടികളില്‍ ചിലതിന് മണ്ണിനെ പറ്റിച്ചേരാനാണിഷ്ടം. മാധവിയുടെ കാലുകളില്‍ ഇടക്കൊന്നു പിടിമുറുക്കുന്നതും അവയ്ക്ക് ഒത്തിരിയിഷ്ടമാണ്. വേദനയൊന്നും മാധവി ശ്രദ്ധിച്ചിരുന്നില്ല. 'മനം നൊന്ത ഒരുത്തിക്ക് ശരീരവേദനയൊരു നോവായി തോന്നില്ല '.
നിഴലും നിലാവും അവള്‍ക്കിന്ന് കൂട്ടായിയില്ല. ഭയം... രാത്രിയുടെ ഭീകരത.. എത്രനേരമായി ഈ വന്യമായ പ്രദേശത്ത് മാധവി തനിച്ച്. കിതപ്പിന്റെ ഗതി തെല്ലും കുറയുന്നില്ല. നില്‍ക്കാനായി നേരവുമില്ല.
അവര്‍ തന്നെ പിന്തുടരുന്നുണ്ട് . മാധവിക്കത് നന്നായിയറിയാം. ഏത് നിമിഷവും തന്റെ മുന്നില്‍ പേപിടിച്ച നായകളെ പോലെയവര്‍ എത്തും.. തന്നെ പിച്ചി ചീന്തിയതൊട്ടും മതിയായികാണില്ല. ഈ നിമിഷം മാധവിക്ക് ഭൂമിയും കാണാനായി കഴിയുന്നില്ല വാനവും കാണാനായി കഴിയുന്നില്ല. ഭൂമിയും വാനവും മിഥ്യയായി തോന്നി തുടങ്ങിയിരുന്നു മാധവിക്ക്. മനസ്സിന്റെ ഓരോ തലങ്ങള്‍. ഇരുള്‍ മാത്രം ചുറ്റും ഇരുള്‍ മാത്രം... ഇരുളിന്റെ ഭിത്തിതുരന്നവള്‍ കന്യകമലയുടെ ഉച്ചിയിലേക്കോടികയറി.
ഈ നിമിഷം മാധവിക്ക് തന്റെ മുകളില്‍ വാനം കാണാം. തന്റെ താഴെയായി ഭൂമിയും കാണാം. ഭൂമിക്കും വാനത്തിനുമിടയില്‍ വന്യമായ വനവും കാണാം... പുലരിയുടെ ചില്ലനക്കം കേട്ട്തുടങ്ങി.
ഈ നേരവും കന്യകമലയുടെ ഉച്ചിയില്‍ നിന്നും നോക്കിയാല്‍ ഒരു ഭാഗത്ത് ഉറങ്ങുന്ന നഗരത്തെ കാണാം.. പലയിടത്തും പുഞ്ചിരിതൂകി നില്‍ക്കുന്ന തെരുവ് വിളക്കുകളും കാണാം. അവള്‍ക്കായി മഞ്ഞുമൂടിയ താഴ്വാരം പുഞ്ചിരിച്ചു.. മഞ്ഞും ഇരുളും തെല്ലോന്ന് മാറി നിന്നു. വാനമാകെ നക്ഷത്രങ്ങള്‍ വിരിഞ്ഞു. താഴ്വാരമാകെ നിലാവും പെയ്തു.. അവയൊക്കെ തന്നെ നോക്കി പരിഹസിക്കും പോലെയൊരു തോന്നല്‍.
ഈ നേരം വരെ തന്റെ തീരുമാനങ്ങളും ചിന്തകളും മഞ്ഞും ഇരുളും മൂടി മറഞ്ഞിരിക്കുകയിരുന്നു. മാധവി ബോധമനസ്സിലേക്ക് ഉണര്‍ന്നു.. പലതും മാധവിക്ക് ദൃഢമായി തോന്നി. ഭയം നിഴലിച്ച കണ്ണുകളില്‍ അഗ്‌നി പടര്‍ന്നു. ജ്വലിച്ചുതുടങ്ങിയാ മിഴികള്‍ തിരിഞ്ഞു നോക്കുകയുണ്ടായി. ഇടതുകൈകൊണ്ട് ഇത്രനേരവും നഗ്‌നമായ മാറ് മറച്ചിരുന്നത് അവളകറ്റി. സ്വയം തന്റെ നെഞ്ചിലേക്ക് നോക്കി. രക്തമേറെ പൊടിഞ്ഞിരുന്നു പലയിടത്തും. അവസാനത്തെ തുള്ളി മിഴിനീര് അവളൊഴുക്കി.. അതവളുടെ കവിളുകളില്‍ തലോടി മാറില്‍ പടര്‍ന്നു. അതിന് തീക്കനലിനെക്കാള്‍ ചൂടുണ്ടായിരുന്നു.
'തന്നെ ആക്രമിച്ചവരെ വെറുതെ വിട്ടിട്ട് സ്വയം മരണത്തിന് എന്തിന് കിഴടങ്ങണം. എന്റെയനുവാദം കൂടാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചവരല്ലേ ഭൂമിയില്‍ നിന്നും യാത്രപറയേണ്ടത്?'
നേരം പുലര്‍ന്നു തുടങ്ങി.. അര്‍ദ്ധനഗ്‌നയായ മാധവി അവരെയുംകാത്ത് മലയുടെ ഉച്ചിയില്‍ നിന്നു.
'അവര്‍ തേടി വരും... ഉറപ്പ്.
=======©NIDHIN-J-KALAYAPURAM========
0 Comments