ശ്യാമള © പ്രിയ ജിനേഷ്‌

syamala-priyajinesh


അരികുകള്‍ ചുരുണ്ട സാരിയും എണ്ണമയം ഇല്ലാതെ പാറിപറന്ന ചെമ്പന്‍ മുടിയും എപ്പോഴും എന്തെങ്കിലും പിറുപിറുത്തുകൊണ്ടുള്ള നടപ്പും ഇഷ്ടമില്ലാത്തതെന്തെങ്കിലും കണ്ടാല്‍ കല്ലെടുത്തെറിയുന്ന സ്വഭാവവും ഇതൊക്കെ കൊണ്ടാണ് കുട്ടികള്‍ അവളെ കുറുക്കി ശ്യാമള എന്ന് വിളിച്ചത്. എന്നും കുട്ടികള്‍ സ്‌കൂളിലേക്ക് ഇറങ്ങുന്ന നേരം ശ്യാമളയും പുറത്തേക്കിറങ്ങും കുട്ടികള്‍ക്കു മുന്നിലായി പതിയെ നടന്നു ബസ് സ്റ്റോപ്പിനാരികെ ഏതെങ്കിലും ഒരു മൂലക്ക് ചടഞ്ഞു കൂടി ഇരിക്കും. ഉച്ച വെയില്‍ താണ് കഴിയുമ്പോ തിരികെ വീട്ടിലേക്ക് പോകും.

      വല്ലപ്പോഴും ഒരിക്കല്‍ വീട്ടിലെ അമ്മയും അനുജത്തിയും നിര്‍ബന്ധിച്ചു ശ്യാമളയെ കുളിപ്പിക്കാറുണ്ടായിരുന്നു. കുളി കഴിഞ്ഞാലും വേഷം പഴയതുപോലെ മുഷിഞ്ഞത് തന്നെ ആയിരിക്കും. അച്ഛന്‍ നന്നേ ചെറുപ്പത്തില്‍ മരിച്ചിരുന്നു. വീട്ടില്‍ ഉണ്ടാകുന്ന തേങ്ങയും മാങ്ങയുമൊക്കെ വിറ്റ് കിട്ടുന്ന പൈസ കൊണ്ടാണ് അമ്മ വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതു തികയാതെ വന്നപ്പോ കല്യാണപ്രായമായ അനിയത്തിയും കിട്ടുന്ന ജോലിക്കൊക്കെ പോയി തുടങ്ങി. കുറച്ചുനാള്‍ കല്ല് പൊട്ടിക്കുന്ന പണിക്കും പോയി. അവിടെ വെച്ച പരിചയപ്പെട്ട ഒരു വരതന്‍ ചെക്കനുമായി പ്രേമത്തിലായി അവനോടൊപ്പം പോയി. പിന്നെ വീട്ടില്‍ ശ്യാമളയും അമ്മയും മാത്രം തനിച്ചായി.


     ഇതൊന്നും അറിയാതെ ശ്യാമള തന്റെ പതിവ് തുടര്‍ന്ന് കൊണ്ടിരുന്നു. എന്നാല്‍ ഒരു ദിവസം പുറത്തിറങ്ങിയ ശ്യാമള തിരിച്ചു വീട്ടിലേക്കെത്തിയില്ല. പോലീസില്‍ പരാതി നല്‍കി. കണ്ടെത്താനുള്ള അടയാളം തിരക്കിയപ്പോള്‍ കൈയില്‍ വട്ടത്തില്‍  ഒരു പാടുണ്ടെന്നും പൊള്ളലേറ്റത്തിന്റെ ആണെന്നും പറഞ്ഞു. അതിന്റെ പിന്നിലും ഒരു കഥ ഉണ്ടായിരുന്നു. എപ്പോഴും തനിച് ഇരിക്കാനായിരുന്നു ശ്യാമളക്ക് ഇഷ്ടം ഏതെങ്കിലും മറച്ചുവട്ടിലോ പാരപ്പുറത്തോ പോരാത്തതിന് വിളിച്ചാല്‍ വിളി കേള്‍ക്കാരുമില്ലായിരുന്നു. മുടി വിരല്‍ തുമ്പില്‍ ചുറ്റി വലിച്ചു കരയുക നിലത് തുപ്പി അത് മണ്ണില്‍ കുഴച്ചു മുഖത്ത് പൂശുക ചാമ്പല്‍ വാരി തലയില്‍ ഇടുക, ഇത്തരം സാധാരണ സംഭവങ്ങള്‍ കണ്ടു മടുത്ത അമ്മ ഒരു ദിവസം ദേഷ്യം സഹിക്കാന്‍ വയ്യാതെ ചട്ടുകം ചൂടാക്കി ശ്യാമളയുടെ കൈയില്‍ വെച്ചു. അതുകൊണ്ട് പോലീസിന്നോട് പറയാന്‍ അമ്മക്ക് ഒരു അടയാളം ഉണ്ടായി.

         മാസങ്ങള്‍ക്ക് ശേഷം പോലീസില്‍ നിന്ന് അറിയിപ്പുണ്ടായി റെയില്‍വേ സ്റ്റേഷനില്‍ പരിസരത്ത് കുറെ നാളായി ഒരു സ്ത്രീ ഒറ്റയ്ക്കു നടപ്പുണ്ടെന്നു.അതു ശ്യാമള ആണെന്ന് അമ്മ തിരിച്ചറിഞ്ഞു.

വീട്ടില്‍ എത്തി ശ്യാമള പിന്നേം പതിവ് തുടര്‍ന്നു. വേഷം പഴയതു ആയിരുന്നെങ്കിലും വയര്‍ ബലൂണ്‍ പോലെ വീര്‍ത്തിരുന്നു. നടത്തതിന് മുന്നത്തേതിലും വേഗത കുറഞ്ഞു. പ്രസവിക്കുന്നതിന്റെ അന്നും ശ്യാമള ബസ് സ്റ്റോപ്പില്‍ വന്നിരുന്നു. പെയ്‌തൊഴിയാന്‍ വെമ്പുന്ന കാര്‍മേഘം പോലെ വയറ്റിലെ ശിശു പുറത്തേക്കു വരാന്‍ ഉള്ള വെമ്പല്‍ ആണ് വേദനക്ക് കാരണമെന്നറിയാതെ അടി വയറും താങ്ങി നീര് വെച്ച് വീര്‍ത്ത കാലും അകത്തി വെച്ചു അവള്‍ മെല്ലെ വീട്ടിലേക്കു നടന്നു.

             മൂന്നു ദിവസത്തിന് ശേഷം ശ്യാമളയുടെ വീട്ടിലേക്ക് ഒരു കാര്‍ എത്തി. നല്ല വസ്ത്രങ്ങള്‍ ധരിച്ചു ധാനികരാണെന്നു തോന്നിക്കുന്ന നാലഞ്ചു പേരും അതിനു മാധ്യസ്ഥം വഹിക്കാണെന്നോണം നാട്ടിലെ ഒരു മുതിര്‍ന്ന സ്ത്രീയും അവിടെ എത്തി. കുറച്ചു സമയത്തിന് ശേഷം എല്ലാവരും പോകാനിറങ്ങി കൂട്ടത്തില്‍ ഉണ്ടായിരുന്ന വെളുത്തു മെലിഞ്ഞു നീല പൂക്കളുള്ള മഞ്ഞ സാരീ ഉടുത്ത സ്ത്രീ യുടെ കൈയില്‍ ശ്യാമളയുടെ കുഞ്ഞും. ആരോടും യാത്ര പറയാതെ ധൃതിയില്‍ വണ്ടിയുമെടുത്ത അവര്‍ പോയി.

     പിറ്റേന്ന് കൂട്ടില്‍ സ്‌കൂളില്‍ പോകാനിറങ്ങിയ നേരം ശ്യാമളയും ഇറങ്ങി. രക്തക്കാരപുരണ്ട സാരിയും നനവ് പടര്‍ന്ന മാറിടങ്ങളുമായി.തന്റെ ഗര്‍ഭപാത്രം ആരുടെയോ ബീജം സ്വീകരിച്ചെന്നോ  താന്‍ ഒരു അമ്മ ആയി എന്നോ ആ കുഞ്ഞു മക്കളില്ലാതെ ആരുടെയോ അരുമയായി വളരാന്‍ പോകുന്നുവെന്നോ ഒന്നും അറിയാതെ കുട്ടികള്‍ക്കു പിന്നിലായി അവള്‍ പതിയെ നടന്നു.


Post a Comment

5 Comments