സി ജെയുടെ എഴുത്തും ചിത്രങ്ങളും - 5 © സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി

cjvahid


എണ്‍പതും ഇരുപത്തിനാലും.....!

18ാം ലോക്‌സഭയിലേക്കും നാലു നിയമസഭകളിലേക്കുമുള്ള ഏറെ നിര്‍ണ്ണായകമായ  തെരഞ്ഞെടുപ്പിലേക്ക് നമ്മുടെ രാജ്യം നീങ്ങുകയാണ്.
ജനാധിപത്യത്തിന്റെ അന്ത്യംകുറിക്കുന്ന തരത്തിലേക്ക് നീങ്ങുന്ന രാജ്യത്തെ സംഭവവികാസങ്ങള്‍ ജനങ്ങളില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
 ഭരണഘടനയെ നോക്കുകുത്തിയാക്കി, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി, നമ്മുടെ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നു എന്ന തരത്തില്‍ പരക്കെ ആരോപണമുയര്‍ന്നു കഴിഞ്ഞ വേളയിലാണ്  രാജ്യത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. 
 


ഈയവസരത്തില്‍ 1980 ജനുവരിയിലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പഴയ ചുവരെഴുത്തിനെക്കുറിച്ചുള്ള ഒരോര്‍മ്മ കൂടി പങ്കുവയ്ക്കാം.

 ഓണാട്ടുകര ദേശത്തെ ചൂനാട് ചന്തയില്‍ വടക്ക് ഭാഗത്ത് റോഡരികില്‍ തലയെടുപ്പോടെ നിന്നിരുന്ന  ഇരു നില മാളികയുടെ രണ്ടു ചുവരുകളിലെഴുതപ്പെട്ട തെരഞ്ഞെടുപ്പു വോട്ടഭ്യര്‍ത്ഥന നാലുപതിറ്റാണ്ടുകാലത്തോളം ഏറെ കൗതുകം പകര്‍ന്ന ഒന്നായിരുന്നു. ചന്ത വികസന ഭാഗമായി അടുത്തിടെയാണ് ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. പഴമയുടെ പ്രൌഢി വിളിച്ചോതിയിരുന്ന
ഈ ഇരു നില മാളികയുടെ  ചിത്രങ്ങള്‍ പലപ്പോഴായി ഞാന്‍ പകര്‍ത്തിയതാവട്ടെ ഏറെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നവയാണ്. 


ഈ  മാളികയുടെ മുകളിലത്തെ  ഭിത്തികളിലായിരുന്നു രസകരമായ ചുവരെഴുത്ത്..
(. ദൂരദര്‍ശന്‍ വാര്‍ത്തകള്‍ക്ക് വേണ്ടി രണ്ടു പ്രാവശ്യം ഈ ചുവരെഴുത്ത് റിപ്പോര്‍ട്ടാക്കി ഞാന്‍ അവതരിപ്പിച്ചിരുന്നു. കെട്ടിടം പൊളിച്ച ശേഷം ചൂനാട് നാട്ടു ചന്തയെക്കുറിച്ച് 2023 ഡിസംബറിലും വാര്‍ത്താ റിപ്പോര്‍ട്ട് തയ്യാറാക്കിയത് സംപ്രേഷണം ചെയ്യപ്പെട്ടു.)

NDP സ്ഥാനാര്‍ത്ഥിയായിരുന്ന തേവള്ളി മാധവന്‍ പിള്ളയ്ക്ക് വേണ്ടിയായിരുന്നു വോട്ട് അഭ്യര്‍ത്ഥനയുമായി ചുവരെഴുത്ത്.

'ഇന്ദിരയെ വിളിക്കൂ .... ഇന്ത്യയെ രക്ഷിക്കൂ...'

80 ല്‍ ഇന്ത്യ ഇന്ദിര ഭരിക്കും...
അത് കണ്ടു നമ്പൂരി ഞെട്ടി വിറയ്ക്കും....'
'എം എന്‍ പിന്നെയും വാലാട്ടും..
ആന്റണി അതുകണ്ടു തൂങ്ങി മരിക്കും....'

'തേവള്ളിയെ വിജയിപ്പിക്കുക...'

'ആന അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തുക ' ' .
നിരണം പടയുടെ തലവനായ
പി.ജെ കുര്യനെ കെട്ടുകെട്ടിക്കുക.
കറക്ക് തട്ടിപ്പു വെട്ടിപ്പു കമ്പനിയെ അമ്പേ പരാജയപ്പെടുത്തുക '

തുടങ്ങി അന്നത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ ഏറെ രസകരമായിരുന്നു.


 
അക്കാലത്ത് പ്രദേശത്തെ കുറച്ചു ചെറുപ്പക്കാര്‍ ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ ചുവരെഴുത്ത് നടത്തിയത്.  ഷംസ്, ഹാരീസ്, ജലാലുദീന്‍, കെ.എസ്. മധു, സി.വി രവീന്ദ്രന്‍ പിള്ള തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഹാരീസും ജലാലുദീനും ഇന്ന് ജീവിച്ചിരിപ്പില്ല.

 കാലമേറെ പിന്നിട്ടപ്പോള്‍ NDP അപ്രത്യക്ഷമായി. ഇ. എം.എസും
 എം എന്നും, തേവള്ളി മാധവന്‍ പിള്ളയും ഇന്ദിരയുമെല്ലാം മണ്‍മറഞ്ഞു.

1980 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തേവള്ളിയെ  പി.ജെ.കുര്യന്‍ പരാജയപ്പെടുത്തി. ഇന്ദിരാഗാന്ധിയെ ജനം തിരികെ വിളിച്ചതും  ചരിത്രം.529 ല്‍ 353 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് (ഐ) ഇന്ദിരയുടെ നേതൃത്വത്തില്‍1980 ല്‍ അധികാരത്തിയത്. കോണ്‍ഗ്രസ് ഐ., കോണ്‍ഗ്രസ് യു, ലോക്ദള്‍ ജനതാ പാര്‍ട്ടി എന്നീ പ്രധാന പാര്‍ട്ടികളായിരുന്നു 80 ല്‍ മത്സര രംഗത്തുണ്ടായിരുന്നത്.
പി.ജെ. കുര്യനും എ.കെ. ആന്റണിയും അധികാരപ്പടവുകള്‍ പലതു കയറി.
രാഷ്ട്രീയ സമവാക്യങ്ങള്‍ പലതും മാറി മറിഞ്ഞു. 
2024 ല്‍18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍, കോണ്‍ഗ്രസിന്റെ ആദര്‍ശധീരന്‍ സാക്ഷാല്‍  എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും, ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലും തലേന്ന് വരെ പറഞ്ഞത് വിഴുങ്ങി കൂടു മാറിയതും പുതുകാല രാഷ്ട്രീയ കൗതുകകാഴ്ച .

ജനാധിപത്യം പണാധിപത്യത്തിന് മുന്നില്‍ തോറ്റു കൊണ്ടിരിക്കുന്നതും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി ആദര്‍ശങ്ങള്‍ ബലികഴിച്ച് മറുകണ്ടം ചാടുന്ന രാഷ്ട്രീയ പുണ്യാളന്മാര്‍ ദിനേന കൂടി വരുന്നതും പുതുകാലത്ത്  പതിവായി.
സത്യം, ധര്‍മ്മം, നീതി ഇവയ്‌ക്കൊന്നും സ്ഥാനമില്ലാണ്ടായി. 
അധികാര ദുര്‍വിനിയോഗത്തിലൂടെ  ധന സമ്പാദനവഴികള്‍ തുറക്കുന്ന ഇലക്ട്രല്‍ ബോണ്ട് കാണാക്കളികള്‍ ഒടുവില്‍ സുപ്രീം കോടതി വെളിച്ചത്ത് കൊണ്ടുവന്നതോടെ തത്സംബന്ധ  ചര്‍ച്ചകളും തെരഞ്ഞെടുപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇ.വി.എം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറികള്‍ വിദഗ്ദമായി ചെയ്യാനാവുമെന്ന ആക്ഷേപവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നു. അത് സംബന്ധമായ നിരവധി ഹര്‍ജികളും കോടതികളിലെത്തിയെങ്കിലും കോടതി അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തിട്ടുമില്ല.

 രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വശത്താക്കുകയോ കല്‍ത്തുറുങ്കിലടയ്ക്കുകയോ ചെയ്യുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഓരോദിവസവും പുതിയ വാര്‍ത്തകള്‍ വരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോലും ഭരണകൂട വിമര്‍ശനം അസാദ്ധ്യമാക്കാന്‍ ചട്ടങ്ങള്‍ രൂപപ്പെടുന്നതും ഗൌരവം അര്‍ഹിക്കുന്നു.



 ജനാധിപത്യം ഏകാധിപത്യത്തിലേക്ക് പോകാതെ കാക്കാന്‍ ശക്തമായ പ്രതിപക്ഷനിര അനിവാര്യമാണ്. ആരുഭരിച്ചാലും ശക്തമായ പ്രതിപക്ഷമുണ്ടെങ്കില്‍ ശരിയായ പാതയില്‍ ജനാധിപത്യം പുലരും. പടലപ്പിണക്കങ്ങള്‍ മാറ്റി വച്ച് പ്രതിപക്ഷ ഐക്യത്തിലൂടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകണം. 
പ്രതിപക്ഷ നിര ദുര്‍ബ്ബലമായത് ഭരണപക്ഷത്തിന് എന്തും പ്രവര്‍ത്തിക്കാനുള്ള അനുകൂല സാഹചര്യമൊരുക്കിയെന്നത് സമീപകാല ചരിത്രമാണ്.
 നിര്‍ഭാഗ്യവശാല്‍, പ്രതിപക്ഷത്തെ അനങ്ങാനാവാത്ത വിധം വരിഞ്ഞു മുറുക്കി തെരഞ്ഞെടുപ്പു ഗോദയില്‍  തളര്‍ത്തുകയാണെന്ന തോന്നല്‍ അനുനിമിഷം ബലപ്പെടുന്നു. *രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്ക് സഞ്ചരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ഉയരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് നിക്ഷ്പക്ഷ നില പാടുകള്‍ സ്വീകരിക്കാനാവാതെ നിശബ്ദമാക്കപ്പെടുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. വിദേശ രാജ്യങ്ങളും യു. എന്‍ പോലും ഇന്നത്തെ അവസ്ഥയെ സസൂക്ഷ്മം നിരീക്ഷിക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന അസാധാരണ സ്ഥിതി സംജാതമായിട്ടുണ്ട്.
എന്തായാലും
ഭരണഘടന വിഭാവന ചെയ്യുന്ന തരത്തില്‍  എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമായി നമ്മുടെ രാജ്യം നിലനില്‌ക്കേണ്ടത് അനിവാര്യമാണ്.

 ലോകത്തെ ഏറ്റവും വലിയ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിണിത ഫലമറിയാന്‍ ജൂണ്‍ 4 വരെ കാത്തിരിക്കേണ്ടതുണ്ട്.
എല്ലാം ശുഭകരമാകട്ടെ...

സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി.

സി.ജെയുടെ നാട്ടു സഞ്ചാരവും എഴുത്തും തുടരും.....


Post a Comment

0 Comments