കയ്യില്‍ രക്തത്തിന്റെ നനവ്.ശക്തമായ തലവേദന. ആശുപത്രിയില്‍ പോയാലോ എന്നാലോചിച്ചു. പിന്നെ അതു വേണ്ടാ
എന്നു വച്ചു.രാവിലെ ജോലിക്ക് പോകേണ്ടതാണ്.
ആകെ ഒരു മന്ദത. എന്നു കരുതി വീട്ടില്‍ ഇരിക്കാന്‍ പറ്റില്ലല്ലോ. വക്കീലിന്റെ വീട്ടുകാര്‍ നോക്കി ഇരിക്കും. ഒരു മിനുറ്റ് വൈകിയാല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യുമ്പോലെ അങ്ങ് തുടങ്ങും. പിന്നെ ജോലി കഴിയുന്നതു വരെ ചെവി കേള്‍ക്കണ്ട .ആള് വക്കീല്‍ ആണെങ്കിലും മജിസ്ട്രേറ്റ് ആണെന്നാ അവരുടെ ഭാവം.
അവള്‍ തന്റെ അടുക്കളയിലെ ഡബ്ബയില്‍ നിന്നും ലേശം മഞ്ഞള്‍പ്പൊടി എടുത്തു മുറിവില്‍ ഒപ്പി വച്ചു. അവളുടെ സ്വന്തം വീട്ടിലെ പാചകം,വീടു വൃത്തിയാക്കല്‍,തുണി അലക്കല്‍ എല്ലാം കഴിഞ്ഞിരുന്നു. ഭര്‍ത്താവിനുള്ള ഭക്ഷണം രാവിലെയും ഉച്ചക്കും ഉള്ളത് വെവ്വേറെ പത്രങ്ങളിലാക്കി അടച്ചു വച്ചു . കുടിക്കാന്‍ വെള്ളവും കഴിക്കാനുള്ള മരുന്നുകളും പ്രത്യേകം എടുത്തു വച്ചു.
അയാള്‍ക്ക് സ്വന്തമായി ഗുളികകള്‍ നോക്കി മനസിലാക്കി എടുത്തു കഴിക്കാന്‍ അറിയില്ലല്ലോ.ഇപ്പോഴും അകത്തു
കട്ടിലില്‍ കിടന്നുകൊണ്ട് അയാള്‍ തെറി വിളിക്കുന്നുണ്ട് .
'രാവിലെ ഒരുങ്ങിക്കെട്ടി അങ്ങ് ഇറങ്ങും'
അവള്‍ മൈന്‍ഡ്
ചെയ്യാന്‍ പോയില്ല.
ഇന്നലെ രാത്രിയും ഒരുപോളകണ്ണടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
പകല്‍ മുഴുവനും ഉറങ്ങുന്ന അയാള്‍ ഇരവുകളെ പകലുകളും
പകലുകളെ ഇരവുകളും ആക്കി മാറ്റിയിരുന്നു. അവള്‍ക്ക് ഇപ്പൊ ഇരവും പകലും
എല്ലാം ഒരുപോലെയായിമാറിയിരുന്നു.
'ഭക്ഷണവും മരുന്നും എല്ലാം സമയത്തു കഴിക്കണേ...' അയാളോടായി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവള്‍ സ്‌കൂട്ടി സ്റ്റാര്‍ട്ട് ചെയ്തു. സമയം ഇത്തിരി വൈകിയിരി
ക്കുന്നു .
ഇന്നിനി ചെവി കേള്‍ക്കണ്ട. അവള്‍ വേഗത്തില്‍ വണ്ടി ഓടിച്ചു.
മനസ് മുഴുവനും തലേന്നു രാത്രിയിലെ വഴക്കുകളാ യിരുന്നു.വഴക്കിനിടയില്‍ അയാള്‍ കയ്യില്‍ കിട്ടിയ ടോര്‍ച്ച് എടുത്തു അവളുടെ തലയ്ക്കടി
ച്ചിരുന്നു. ഈ അവസ്ഥയില്‍ പോലും അയാള്‍ .... അവള്‍ക്ക് വിഷമം തോന്നി. എത്ര ആത്മാര്‍ത്ഥമായാണ് താന്‍ അയാളെ സ്‌നേഹിക്കുന്നത് ശിശ്രൂഷി
ക്കുന്നത്.
എന്നിട്ടും.....
അവള്‍ സ്‌കൂട്ടി ഓടിക്കുന്നതിനിടയിലും പഴയ സംഭവങ്ങള്‍ ഓര്‍ത്തു കൊണ്ടേ ഇരുന്നു
രണ്ടാഴ്ച മുന്‍പായിരുന്നു അയാള്‍ക്ക് ആ ആക്‌സിഡന്റ് ഉണ്ടാകുന്നത്.
അയാള്‍ ഒരു മാസമായിരുന്നു വീട്ടില്‍ വന്നിട്ട്. ജോലിക്കു പോയാല്‍ അങ്ങനെയാണ് ചരക്ക് ലോറിയുമായി പോയാല്‍ ചിലപ്പോള്‍ ഒന്നും രണ്ടും മാസം കഴിഞ്ഞാവും വീട്ടില്‍ എത്തുക.
വൈകുന്നേരം ടീച്ചറുടെ വീട്ടില്‍ ജോലി ചെയ്തു കൊണ്ടു നിക്കുമ്പോഴാണ് മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നത് കേട്ടത്.
ജോലി സമയത്തു മൊബൈല്‍ എടുക്കാന്‍ അനുവാദം തരില്ല മിക്കവാറും ഉള്ള വീട്ടുകാര്‍.
അതുകൊണ്ടാണത്രെ കറിക്ക്
ഉപ്പ് കൂടി പോകുന്നതും ചിലപ്പോള്‍ ഉപ്പ് ഇടാന്‍ മറക്കുന്നതും ദോശ കരിയുന്നതു
മെല്ലാം.
കാര്യം ശരിയാ. പല വിധ ചിന്തകളില്‍ പലതും മറന്നു പോകാറുണ്ട്. ടീച്ചര്‍ ഒരു പാവം സ്ത്രീയാ യിരുന്നു. അവര്‍ അവളോട് പറഞ്ഞു.
'എത്ര നേരമായി ആ മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു. ആരെങ്കിലും അത്യാവശ്യം ആയിട്ട് വിളിക്കുന്നത് ആവും. എടുത്തു സംസാരിക്കു
കുട്ടീ...'
അവള്‍ നനഞ്ഞ കൈകള്‍ സാരിയില്‍ അമര്‍ത്തി തുടച്ചു കൊണ്ട് മൊബൈല്‍ എടുത്തു. സേവ് ചെയ്യാത്ത നമ്പറില്‍ നിന്നാണ്. മറുഭാഗത്തു നിന്നും ഒരു പുരുഷന്റെ ശബ്ദം.
''നിങ്ങള്‍
വേണുവിന്റെ ഭാര്യ ആണോ.''
''അതേ. ആരാ? '
'ഞാന്‍
സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ ഭര്‍ത്താവ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്.''
''അയ്യോ..... എന്തു പറ്റിയതാ.... എങ്ങനെയാ...'
അവളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ആ ഫോണ്‍ കട്ട് ആയിപ്പോ
യിരുന്നു .
ടീച്ചര്‍ കാര്യം അന്വേഷിച്ചു. അവള്‍ കണ്ണീരോടെ കാര്യം പറഞ്ഞു. ''കരയാതെ നീ.
ഇനി ഇപ്പൊ ഹോസ്പിറ്റലില്‍ പോണ്ടേ..... ആരുണ്ട് കൂടെവരാന്‍....
മോന്‍ ബോര്‍ഡിങ്ങില്‍ അല്ലേ...'
അതേ ടീച്ചറേ.... അച്ഛനെ കണ്ടു വളരണ്ട എന്നു കരുതിയാ ഞാന്‍ അവനെ.... അല്ലെങ്കില്‍ ഇപ്പൊ എനിക്ക് അവനെയും കൂട്ടി പോകാമാ
യിരുന്നു.
ടീച്ചര്‍ സംശയം പ്രകടിപ്പിച്ചു.
''ഇനി...ഈക്കേട്ടത് ഒള്ളത് തന്നെ ആയിരിക്കുമോ.... ആരെങ്കിലും വെറുതേ പറ്റിച്ചത് ആയിക്കൂടെ...നീ വെറുതേ ഇങ്ങനെ കരയാതെ . ചിലപ്പോള്‍ കേട്ടത് സത്യം ആയിരിക്കില്ല '
അവള്‍ സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു .
''നീ
ഒരു കാര്യം ചെയ്യ്. ആരെയെങ്കിലും കൂട്ടി പോകാന്‍ നോക്കു. എന്തായാലും അവിടെ എത്തുമ്പോ തന്നെ രാത്രി ആകും. ആണുങ്ങള്‍ ആരെങ്കിലും ഉണ്ടോ കൂടെ വരാന്‍ '
ടീച്ചര്‍ ചോദിച്ചു.
''അങ്ങേരുടെ ഒരു ചേട്ടനുണ്ട്. പുള്ളിയേം കൂട്ടി പോകാം.''
''എന്നാല്‍ പിന്നെ വൈകണ്ട . ഇവിടെ ബാക്കി ജോലികള്‍ ഞാന്‍ നോക്കിക്കൊള്ളാം '
ടീച്ചര്‍ പേഴ്‌സില്‍ നിന്നും അഞ്ഞൂറിന്റെ രണ്ടു
നോട്ടുകള്‍ എടുത്ത് അവളുടെ നേരേ നീട്ടികൊണ്ട് പറഞ്ഞു. ''ഇതു വച്ചോളു. കയ്യില്‍ ഇരിക്കട്ടെ''.
അവള്‍ നന്ദിയോടെ അവരെ നോക്കി.
ഭര്‍ത്താവിനെ അങ്ങോട്ടു വിളിക്കാം എന്നു വച്ചാല്‍ അയാള്‍ മൊബൈല്‍ ഉപയോഗിക്കില്ല. അതുപോലും അറിയില്ല എന്നു പറയുന്നതാവും ശരി.
അതും സന്തോഷം. വീട്ടിലെ തെറി വിളി കേട്ടാല്‍ മതിയല്ലോ. അല്ലെങ്കില്‍ ഫോണിലൂടെയും കേള്‍ക്കേണ്ടി വന്നേനെ.പക്ഷെ ഇപ്പോള്‍ അവള്‍ ആലോചിച്ചു. 'അയാളുടെ കയ്യില്‍ ഒരു മൊബൈല്‍ ഉണ്ടായിരു
ന്നെങ്കില്‍....'
അവള്‍ വീട്ടിലെത്തി. തൊട്ടടുത്ത വീട്ടിലാണ് അവളുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനും കുടുംബവും താമസിക്കുന്നത്. ആരും വിവരം അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.
വിവരം കേട്ടയുടനെ തന്നെ ജ്യേഷ്ഠന്‍ പറഞ്ഞു. 'സമയം കളയണ്ട. നീ വേഗം റെഡി ആകു. നമുക്ക് ഹോസ്പിറ്റലി
ലേക്കു പോകാം. അവള്‍ ഒരു ബാഗില്‍ അത്യാവശ്യം വേണ്ട ഡ്രസ്സുകള്‍ എടുത്തു വച്ചു. ആശുപത്രിയില ല്ലേ.... ഫ്‌ലാസ്‌കും ഗ്ലാസും പാത്രവും കൂടി ബാഗില്‍ കരുതി.
ഒരു ബെഡ് ഷീറ്റും .എന്തായാലും ഇന്നു തിരിച്ചു വരവ് നടക്കില്ല. മാത്രമല്ല ആശുപത്രിയില്‍ എന്താ അവസ്ഥ എന്നും അറിയില്ലല്ലോ.
അതിനിടയില്‍ മകനെ വിളിച്ചു വിവരം പറയാനും അവള്‍ മറന്നില്ല.
മണിക്കൂറുകള്‍ യാത്ര ചെയ്ത് അവര്‍ ഹോസ്പിറ്റലില്‍ എത്തി.അപ്പോഴാണ് അറിയുന്നത് അയാള്‍ അവിടെ ഇല്ല എന്ന്. എവിടെയെന്നു വച്ചാണ് അന്വേഷിക്കുന്നത്. അവര്‍ ബസ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ഒക്കെ അയാളെ തിരഞ്ഞു നടന്നു.
ഒടുവില്‍ കണ്ടെത്താന്‍ കഴിയാതെ തിരിച്ചു വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
മൊബൈലില്‍ ബോര്‍ഡിങ്ങിലെ നമ്പര്‍ കണ്ട് അവള്‍ ഫോണ്‍ എടുത്തു .''അരവിന്ദിന്റെ അമ്മയല്ലേ.... ഞാന്‍ ഫോണ്‍ അവനു കൊടുക്കാം''.
ഫാദറിന്റെ ശബ്ദം.
''അമ്മേ.....അച്ഛനെക്കണ്ടോ...
അച്ഛന് എങ്ങനെയുണ്ട്..... അച്ഛന്റേല്‍ ഫോണ്‍ ഒന്നു കൊടുക്കുമോ.....''
അവള്‍ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല.
അവള്‍ മടിച്ചു മടിച്ചാണെങ്കിലും അവനോട് സത്യം പറഞ്ഞു.
അവന്‍ കരച്ചിലിനിടയി ലൂടെ പറഞ്ഞു ''അച്ഛനെ എങ്ങനെ എങ്കിലും കണ്ടു പിടിക്കമ്മാ.... വല്യച്ഛനോട് പറയ് അമ്മാ.....''.
അയാള്‍ ആ കുഞ്ഞിനെ ഒരിക്കല്‍ പോലും മോനേ എന്നൊന്നു വിളിച്ചിട്ടു കൂടി ഇല്ല.
അവള്‍ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല.
''ഇനി സമയം കളയണ്ട. നമുക്കു തിരിച്ചു പോകാം.
അങ്ങ് ചെന്നിട്ട് സ്റ്റേഷനില്‍ ഒരു പരാതി എഴുതി കൊടുക്കണം. ഇല്ലെങ്കില്‍ ഇനി നാളെ ഒരു
പക്ഷേ ...'
ചേട്ടന്‍ പറഞ്ഞത് അവള്‍ സമ്മതിച്ചു.മനസ്സില്ലാ മനസോടെ അവള്‍ ജ്യേഷ്ഠനോടൊപ്പം വീട്ടിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചു .
വീട്ടില്‍ എത്തിയപ്പോള്‍ സിറ്റൗട്ടില്‍ കിടന്നു മയങ്ങുന്ന അവളുടെ ഭര്‍ത്താവിനെ
ക്കണ്ട് അവള്‍ അമ്പരന്നു . വേഗം ജ്യേഷ്ഠനെ വിളിച്ചു വിവരം പറഞ്ഞു.അയാള്‍
ഓടി വന്നു.
തലയില്‍ വലിയൊരു കെട്ടുമായി നിലത്തു കിടന്നു മയങ്ങുന്ന വേണു.മുഷിഞ്ഞു നാറിയവസ്ത്രം ചാരായത്തിന്റെ ഗന്ധം.
അനക്കം കേട്ട് വേണു ഉണര്‍ന്നു . കയ്യില്‍ വലിയൊരു ബാഗുമായി നില്‍ക്കുന്ന സ്വന്തം ഭാര്യയെയും അയാളുടെ ജ്യേഷ്ഠനേയും ഒന്നിച്ചു കണ്ടപ്പോള്‍ അയാള്‍ കലി തുള്ളി.
''ഓഹോ....
എവിടെ ആയിരുന്നു സര്‍ക്കീട്ട്.... രണ്ടാളും കൂടി.....''
അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ സംഭവങ്ങള്‍ ഒന്നും തന്നെ അയാളുടെ ഓര്‍മയില്‍ ഇല്ലായിരുന്നു.
അവരുടെ ചോദ്യങ്ങള്‍ക്കൊന്നിനും അയാള്‍ മറുപടി നല്‍കിയതേ ഇല്ല.
''എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നത്. ഓരോന്ന് വന്നു കേറിത്തരും രാവിലെ.
മനുഷ്യനെ മെനക്കെടുത്തിക്കാനായിട്ട് '
എതിരെ വന്ന ബൈക്കു
കാരന്റെ. തെറിവിളി കേട്ട് അവള്‍ക്ക്
സ്ഥലകാല ബോധം വന്നു.ശ്രദ്ധിച്ചു വണ്ടി ഓടിക്കാന്‍ കഴിയാത്തതീല്‍ അവള്‍ വിഷമിച്ചു.
ഓരോരോ വീടുകളിലും ജോലികള്‍ വേഗം ചെയ്തു തീര്‍ത്തു അവള്‍ സന്ധ്യയോടെ സ്വന്തം വീട്ടിലെത്തി.
അന്യന്റെ വീടുകളില്‍ ജോലിക്കു പോകുന്നത് പോലും സന്തോഷമാണ്. സ്വന്തം വീട് അവള്‍ക്ക് അത്രയ്ക്ക് വെറുപ്പായിരുന്നു അവളുടെ ഭര്‍ത്താവുള്ള വീട്ടില്‍ വരുന്നത് അവള്‍ക്ക്
സത്യത്തില്‍ മടുപ്പായിരുന്നു.
വീടിനോട് അല്ല വീട്ടിലുള്ള മനം മടുപ്പിക്കുന്ന ആളുകളോട് ആണ് വെറുപ്പ്.
എന്നാലും എന്നും കുറ്റം വീടിനാണ്.
ഇപ്പൊ തുടങ്ങും അയാള്‍.
അവള്‍ വേഗം ഡ്രസ്സ് മാറ്റി വീട്ടു ജോലികളിലേക്കു കടന്നു.അവളുടെ ഭര്‍ത്താവിന് രാത്രി ഭക്ഷണം ചൂടോടെ വേണം.
ബെഡിന് അടുത്ത് നീക്കിയിട്ട ടീപോയിന്മേലും തറയിലുമായിട്ട് അയാള്‍ രാവിലെയും ഉച്ചക്കും കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടവും എച്ചില്‍ പാത്രങ്ങളും സിഗരറ്റ് കുറ്റികളും ഒക്കെ ചിതറി കിടപ്പുണ്ട്. വെള്ളം ചരിഞ്ഞിട്ട് തറയില്‍ വെള്ളവും എച്ചിലും ചവിട്ടി കുഴച്ച പരുവത്തില്‍ കിടന്നിരുന്നു.ഇതൊന്നും ഒരു പുതിയ കാഴ്ച ആയിരുന്നില്ലല്ലോ അവള്‍ക്ക്.
''എടീ..... ഞാനില്ലാത്ത നേരത്ത് എന്റെ ചേട്ടനെന്നു പറയുന്ന ആ മറ്റവന്റെ കൂടെ നീ എവിടൊക്കെ കറങ്ങി നടന്നു എന്ന് എനിക്കിപ്പോ അറിയണം. നിന്നെ കൊണ്ടു ഞാന്‍ അത് പറയിപ്പിക്കും.''
''തുടങ്ങി. കാലന്‍. അന്നങ്ങു ചത്തുപോയാലും മതിയായിരുന്നു''. അവള്‍ തലയ്ക്കടിച്ചു പ്രാകിക്കൊണ്ടു പറഞ്ഞു.
തലയിലെ മുറിവ് വീണ്ടും വേദനിച്ചു.
''അതേടി. അതായിരുന്നു നിന്റെ ആഗ്രഹം. അപ്പൊ നിനക്ക് അവന്റെ കൂടെ പൊറുക്കാല്ലോ. '
അയാള്‍ തെറി വിളികളുടെ അകമ്പടിയോടെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.
''ആ വെള്ളം ഇങ്ങെടെടീ.
അച്ചാറും. ''അയാള്‍ ആജ്ഞാപിച്ചു.
ആരാണാവോ താനില്ലാത്ത നേരത്ത് അയാള്‍ക്ക് കള്ളു വാങ്ങിക്കൊടുക്കുന്നത്.
നന്നാവാന്‍ സമ്മതിക്കാത്ത കുറേ കൂട്ടുകാര്‍.
അവള്‍ക്ക് അയാളുടെ കൂട്ടുകാരോട് വെറുപ്പ് ആയിരുന്നു.
അപകടം നടന്നശേഷം ഇതുവരെയും അയാള്‍ക്ക് തനിയെ പുറത്തു പോകാറായതു പോലും ഇല്ല.ഒരുവിധം എഴുന്നേറ്റു നടക്കാം എന്നേ ഉള്ളു.എത്ര കഷ്ടപ്പെട്ടാണ് താനും അയാളുടെ ജ്യേഷ്ഠനും കൂടി അയാളെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി ഈ വിധം ആക്കി എടുത്തത്. മാഞ്ഞുപോയ ഓര്‍മ്മകള്‍ പോലും വീണ്ടെടുക്കാന്‍ അയാള്‍ക്ക് ഇപ്പൊ കഴിയുന്നുണ്ട്.
പറയുന്നതിനൊക്കെ തിരിച്ചു പറഞ്ഞും മറുപടി പറഞ്ഞും മടുത്തിട്ട് അവള്‍ സംസാരം നിര്‍ത്തി.
''എന്തെടി നിന്റെ നാവ് ഇറങ്ങിപ്പോയോ. അവനുമായിട്ടുള്ള നിന്റെ അഴിഞ്ഞാട്ടം ഞാന്‍ അറിയില്ല എന്നു കരുതി അല്ലേ.... മൂധേവി.''
അയാള്‍ നിര്‍ത്താന്‍ ഭാവമില്ല.
അവള്‍ ചപ്പാത്തിയും കറിയും കട്ടന്‍ ചായയും അയാളുടെ അടുത്ത് ടീപൊയില്‍ കൊണ്ടു വച്ചു.
ഒപ്പം മരുന്നുകളും.
അയാള്‍ ടീപ്പോയിന്മേല്‍ ഒറ്റ ചവിട്ട്. ചപ്പാത്തിയും കറികളും വെള്ളവും എല്ലാം കൂടി തറയിലും അവളുടെ ദേഹത്തുമായി വീണു ചിതറി. കുപ്പി പൊട്ടി ഏതോ മരുന്ന് വെള്ളവുമായി കലര്‍ന്നു നിലത്തൊഴുകി .
''നീ എന്നെ വിഷം തന്നു കൊല്ലും. അപ്പൊ അവന്റെ കൂടെ പൊറുക്കാല്ലോ...എനിക്കു വേണ്ടാ നിന്റെ മരുന്നും... '
അയാള്‍ തെറി പറഞ്ഞു.
നശിച്ച ജീവിതം.
അവള്‍ അയാളെ വെറുത്തു. അയാളെ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതോര്‍ത്തിട്ട് അവള്‍ അവളെത്തന്നെയും വെറുത്തു പോയി.
ഇനി വീണ്ടും ഇതു മുഴുവനും വൃത്തി ആക്കി എപ്പോഴാ ഒന്നു നടു നിവര്‍ക്കുക. അവളുടെ കണ്ണുകള്‍ നിറഞ്ഞു.
ചൂടു വെള്ളത്തില്‍ മേല്‍ കഴുകി വസ്ത്രം മാറ്റി അവള്‍
തറയില്‍വിരിച്ച പായിലേക്ക് വീണു. ''എടീ......നീ എവിടേ....' ഇരുട്ടത്ത് അയാളുടെ കൈകള്‍ അവളെ ചുറ്റി. കള്ളിന്റെയും സിഗരറ്റിന്റെയും പാന്‍ പരാഗിന്റെയും
വിയര്‍പ്പിന്റെ വൃത്തികെട്ട ഗന്ധവും ഒക്കെകൂടി അവള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നി.അയാളുടെ ആവേശം കെട്ടടങ്ങും വരെ അവള്‍ ശ്വാസം പിടിച്ചു മുഖം തിരിച്ചു കിടന്നു.
അയാളുടെ കൂര്‍ക്കം വലി ശബ്ദം. അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
അവള്‍ ഓരോന്നോര്‍ത്തു കിടന്നു. ഏതു പ്രായത്തില്‍ ആണ് താന്‍ ആദ്യമായി സ്വന്തം വീട്ടില്‍ ജോലികള്‍ ചെയ്യാന്‍ തുടങ്ങിയത്.
തീരെ ചെറിയ കുട്ടിയായി രുന്നപ്പോഴേ അവള്‍ അമ്മയെ വീട്ടു ജോലികളില്‍ സഹായിച്ചിരുന്നു.അച്ഛനും അമ്മയും അതിരാവിലെ പാടത്തു പണിക്കു പോകുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കിരുത്തി പോകാന്‍ പറ്റാത്തതിനാല്‍
അവളെയും അവര്‍ ഒപ്പം കൊണ്ടു
പോയിരുന്നു
അവരോടൊപ്പം അവളും പാടത്തെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി.
എഴുതുകയും വായിക്കുകയും ചെയ്യുന്ന അനുജനെ കണ്ട് അവള്‍ക്കും കൊതിയായി.അവന്‍ കഥകള്‍ വായിക്കുന്നതു
കാണുമ്പോള്‍
തന്റെ പേരുപോലും എഴുതാന്‍ അറിയാത്തതോര്‍ത്ത് അവള്‍ ലജ്ജിച്ചു.അനുജനെ പോലെ
തന്നെയും സ്‌കൂളില്‍ അയച്ചു പഠിപ്പിക്കാന്‍ അവള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.''അച്ഛാ....എനിക്കും പഠിക്കണം.''
'' അന്യ വീട്ടില്‍ പോയി പൊറുക്കേണ്ട പെണ്ണാ നീ. അതിനു വേണ്ട പഠിപ്പൊക്കെ ആയി. ഭക്ഷണം ഉണ്ടാക്കാനും വീട് നോക്കാനും ഒക്കെ അറിയാല്ലോ. പെണ്‍പിള്ളേര്‍അത്രയൊക്കെ പഠിച്ചാല്‍ മതി.
അച്ഛന്റെ വാക്കുകള്‍ ആ പത്തു വയസുകാരിയെ വേദനിപ്പിച്ചു.
അവള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും അവള്‍ അനുജനോട് കെഞ്ചി പറഞ്ഞു 'എടാ.... എനിക്കും കൂടി പഠിപ്പിച്ചു താടാ.... അക്ഷരങ്ങള്‍.'
'എന്തിന്.....?'.
അവന്‍ പുച്ഛത്തോടെ ചോദിച്ചു.
അവള്‍ക്ക്
എന്തു ചെയ്യാന്‍ കഴിയും.
പ്രായം പതിനേഴു കഴിഞ്ഞപ്പോഴേയ്ക്കും അവളെ വിവാഹവും കഴിപ്പിച്ചയച്ചു .
ആദ്യമൊക്കെ വലിയ സ്‌നേഹമായിരുന്നു അവളുടെ ഭര്‍ത്താവിന്.
കരുതലിന്റെ ഭാഗമെന്നു തോന്നിപ്പോകും വിധമായിരുന്നു അയാളുടെ പെരുമാറ്റങ്ങള്‍.
അച്ഛനെയും അമ്മേയെയും കൂടെ പിറപ്പിനെയും കാണാന്‍ അവള്‍ ആഗ്രഹിച്ചപ്പോള്‍ അയാള്‍ പറഞ്ഞു.
'' നിന്നെ ഞാന്‍ എങ്ങനെ ഒറ്റയ്ക്ക് വിടും. പിന്നെ നീ വരുന്നത് വരെ എനിക്കു സമാധാനം ഉണ്ടാകുമോ.....
എത്ര കിലോമീറ്റര്‍ യാത്ര ചെയ്യണം.എനിക്കാണേല്‍ ഒപ്പം വരാനും സമയമില്ല. '
എന്തു സ്‌നേഹമാണ്.... എത്ര കരുതലാണ് തന്റെ ഭര്‍ത്താവിന്.
പോകെപ്പോകെ അവള്‍ക്ക് കാര്യങ്ങള്‍ മനസിലായി തുടങ്ങി. അയാള്‍ അവളെ പുറത്തു വിടുകയോ ചെലവിന് കൊടുക്കുകയോ ചെയ്തില്ല. ആദ്യത്തെ കുഞ്ഞിനെ കാണാന്‍ വന്ന മാതാപിതാക്കള്‍ സങ്കടം പറഞ്ഞു.'' എന്നാലും മോളേ...നീ ഞങ്ങളെ......'
മകന്റെ ജനന ശേഷമാണ് അവളില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്.
അവള്‍ മകനു വേണ്ടി ജീവിക്കുന്ന അമ്മയായി മാറി.അവനെ ഡേകെയര്‍ സെന്ററില്‍ ഏല്പിച്ചിട്ട് അവള്‍ അയാളുടെ എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് വീട്ടു ജോലിക്കു പോകാന്‍ ഇറങ്ങി. ആദ്യം ഒന്നു രണ്ടു വീടുകളില്‍. ചിലവുകള്‍ കൂടിയപ്പോ ജോലിക്കു പോകുന്ന വീടുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
അയാളുടെ വിലക്കുകള്‍ വക വയ്ക്കാതെ അവള്‍ മകനെയും കൂട്ടി വല്ലപ്പോഴും അച്ഛനമ്മമാരെ കാണാന്‍ പോയിതുടങ്ങി .അവളുടെ മാത്രമല്ല അയാളുടേയും.അമ്മയുടെ കയ്യില്‍ ചെറുതെങ്കിലും ഒരു തുക അമ്മമാരുടെ കൈകളില്‍ ഏല്പിച്ചിട്ട് ' ഇത് ഇരിക്കട്ടെ അമ്മാ.... '
എന്നു സ്‌നേഹത്തോടെ പറഞ്ഞു തിരിച്ചു വന്നു.
ശമ്പളം കിട്ടുന്ന പൈസ കള്ളുകുടിക്കാന്‍വേണ്ടി പിടിച്ചു പറിക്കാന്‍ വരുന്ന അയാളില്‍ നിന്നും രക്ഷപ്പെടാനായി അവള്‍ വീട്ടുകാരോട് പറഞ്ഞു ശമ്പളം ജി പേ ചെയ്യിപ്പിച്ചു.
വീട്ടിലെ അരിപ്പാത്രവും പലവ്യഞ്ജന
പ്പാട്ടകളും
തലയിണക്കീഴും തപ്പി നടന്ന് അയാള്‍ നിരാശനായി.
ഉറക്കം വരാതെ കിടന്നപ്പോള്‍ അവള്‍ എഴുന്നേറ്റു പഠിക്കാന്‍ ഇരുന്നു. പത്താം ക്ളാസിന്റെ തുല്യതാ പരീക്ഷ അടുത്തു വരുന്നുണ്ട് . പഠിക്കാന്‍ തീരെ സമയം കിട്ടുന്നില്ല.
ഉറക്കത്തില്‍ എപ്പോഴോ ഉണര്‍ന്ന അയാള്‍ തെറി വിളിച്ചു. 'ആരേ കാണാനാടി
നീ ഈ നട്ടപാതിരക്ക് ലൈറ്റും ഇട്ടു കാത്തിരി
ക്കുന്നത്.'
'ശല്യം.' അവള്‍ പിറുപിറുത്തു.
റൂമിലെ ലൈറ്റ് അണച്ചു. സെറ്റിയില്‍ കിടന്നുറങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ വ്യക്തമായ
ഉറച്ച ചില തീരുമാനങ്ങള്‍ ഉണ്ടായിരുന്നു.
എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോകുന്നത്. ഇന്ന് അവളുടെ മകന്‍ വളര്‍ന്നു വലിയ കുട്ടി ആയിരിക്കുന്നു. അവന് പട്ടാളത്തില്‍ ചേരാനാണ് ആഗ്രഹം. നാളെ തന്റെ മകന്‍ ഈ രാജ്യത്തിന്റെ കാവല്‍ക്കാരനാകുന്നത് സ്വപ്നം കണ്ട് അവള്‍ അഭിമാനം കൊണ്ടു.
താന്‍ ഒരു പട്ടാളക്കാരന്‍ ആകുന്നതു കാണാന്‍ അച്ഛനു ഭാഗ്യം ഇല്ലാതെ പോയല്ലോ....
എന്നതായിരുന്നു അപ്പോഴും അവളുടെ മകന്റെ ദുഃഖം.
രാവിലെ വീണ്ടും പതിവുപോലെ അവള്‍ ജോലികളിലേക്ക് കടന്നു.
പരീക്ഷാത്തലേന്ന് ലീവ് ചോദിച്ചതിന് വക്കീലമ്മ അവളെ പരിഹസിച്ചു. പുച്ഛിച്ചു. അവരുടെ വായില്‍ നിന്നും വന്ന ആ അപശബ്ദം ഒരു പരിഹാസച്ചിരിയുടെ തുടക്കം ആയിരുന്നു എന്നു മനസിലായതു തന്നെ അവരുടെ വായ് പൊത്തിച്ചിരി കണ്ടപ്പോഴായിരുന്നു.
''ഓ...പിന്നേ.....വലിയ കളക്ടര്‍ ആകാന്‍ പോവ്വല്ലേ.....'
അവളുടെ ഭര്‍ത്താവും പറയാറുണ്ടാ
യിരുന്നു ഇത്തരം വാചകങ്ങള്‍ .
അവള്‍ മനസ്സില്‍ പറഞ്ഞു. നോക്കിക്കോളൂ. കളക്ടര്‍ ആകില്ലായിരിക്കും.പക്ഷെ ഞാന്‍ ഒരു ടീച്ചര്‍ ആയിട്ട് നിങ്ങളുടെ മുന്നില്‍ വരും ഒരുദിവസം '
രാവിലെ ഓടിനടന്നു വക്കീലിന്റെ വീട്ടിലെ ജോലികള്‍ തീര്‍ത്തിട്ട് അവള്‍ ഫയലും എടുത്തു കൊണ്ട് വേഗം പാഞ്ഞു പരീക്ഷാ
ഹാളിലേക്ക്.
വൈകുന്നേരം ടീച്ചറമ്മ വിളിച്ചു.പരീക്ഷ നന്നായി എഴുതിയോ എന്നന്വേ
ഷിക്കാന്‍ അവര്‍ മാത്രം മറന്നില്ല.
ഓരോരോ പരീക്ഷകള്‍ പാസാകുമ്പോഴും അവള്‍ക്ക് ആവേശം കൂടിക്കൂടി
വന്നു.മകന്‍ പട്ടാളക്കാരനാകുന്നതും താനൊരു ടീച്ചര്‍ ആകുന്നതും അവള്‍ എന്നും സ്വപ്നം കണ്ടു. അഞ്ചാറ് വര്‍ഷങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് കടന്നു പോയതു പോലെ തോന്നുന്നു .
ആഗ്രഹം ദൃഢമാണെങ്കില്‍ അത് സാധിക്കുക തന്നെ ചെയ്യും.
ഒരു സ്‌കൂള്‍ ടീച്ചറായി ആദ്യമായി ജോലിയില്‍ പ്രവേശിച്ച ദിവസം അവള്‍ക്ക് ഈ ലോകം കീഴക്കിയ സന്തോഷമാ
യിരുന്നു .
അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയുമുള്ള ഒരു ടീച്ചര്‍ . അവള്‍ സ്വയം അഭിമാനിച്ചു.കഠിനമായി പ്രയത്‌നിച്ചാല്‍
അസാധ്യമായി ഒന്നുമില്ല എന്നവള്‍ അവളുടെ ജീവിതം കൊണ്ടു തെളിയിച്ചു .
കഥ
1 Comments
Awesome writing really nice 💜
ReplyDelete