കാലം © ഗംഗ ശ്യാം



ഇത്രമേല്‍ കുരുത്തംകെട്ടവനെ
കണ്ടിട്ടില്ലിതിനു മുന്‍പുഞാന്‍
നിന്നനില്‍പ്പില്‍ ജീവിതങ്ങളെ അമ്മാനമാടുന്ന ദ്രോഹി
എങ്കിലും,
അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്നപോല്‍
ചിലരവനെ ചേര്‍ത്തുപിടിച്ചു
പാറിപറക്കുന്ന കൗമാരങ്ങളിലവന്‍
പ്രേമനൈരാശ്യ വിത്തെറിഞ്ഞു
പേട്ട് വിത്തുകള്‍ സൈബറിടങ്ങളില്‍
പേക്കുത്തുകാണിച്ചുകൊണ്ടിരുന്നപ്പോള്‍
ചിലത് ആസിഡുമായി രംഗത്തിറങ്ങി
പിന്നെയിതുവരെ കാണാത്ത ആണിനെയും പെണ്ണിനേയും മഞ്ഞനൂലില്‍ കൊരുത്തിട്ടു
കെട്ടുമുറുകി ചാകാതിരിക്കാന്‍
കാമരസമോഹങ്ങള്‍ നല്‍കി
ദാമ്പത്യവല്ലരികള്‍ പൂത്തുതളിര്‍ത്തു വിടര്‍ന്നു
പട്ടുപോയതോ പരിഹാസ്യരായി തലതല്ലി കൊഴിഞ്ഞുവീണു
ദുഷ്ടനെ പനപോലെ തന്നെ വളര്‍ത്തി
കയ്യിട്ടുവാരിയും ശ്വാസംമുട്ടിച്ചും
വിളകളെല്ലാം കൊയ്‌തെടുത്തു
മാനംമുട്ടെ വളരാന്‍ കാലമവര്‍ക്ക് കൂട്ടുനിന്നു
ശേഷം നിലയിലാകയത്തിലേക്കുന്തിയിട്ട്
പല്ലിളിച്ചു കാണിച്ചു
നികുതിപിരിവുകാര്‍ വീടിനകം കയ്യടക്കി
ആഡംബരങ്ങള്‍ കണ്മുന്നിലൂടൊലിച്ചുപോയ്
നായകനൊരു പീഡനവീരനുമാണ്
മധ്യവയ്‌സ്‌കരെ കണ്ടാലൊരിളക്കം പതിവാണ് 
പ്രമേഹം രക്തസമ്മര്‍ദ്ധം തുടങ്ങി പേരിട്ടതുമിടാത്തതും
അറിയാത്തതുമായൊരു നൂറ് രോഗങ്ങള്‍ നല്‍കി
സകല അവയവങ്ങളെയും ഇഷ്ടം പോലെ തട്ടിക്കളിച്ചു
ഊര്‍ദ്ധശ്വാസം വലിക്കുന്നവന്റെ മൂക്ക് ഞെക്കിയുമയച്ചും രസിച്ചു
പിന്നെ നടുവിന് ചവുട്ടി മരണത്തിലേക്കെറിഞ്ഞു
പുഞ്ചിരിക്കുന്ന ചുണ്ടിലൊരു തട്ടുകൊടുത്തും
ചിരിക്കുന്നവരെ അലറിചിരിപ്പിച്ചും
കണ്ണില്‍ക്കുത്തി കരയിപ്പിച്ചും
അവനവന്റെ വികൃതി തുടരുന്നു
കാലമേ...
നിന്നെ വര്‍ണ്ണിക്കുവാന്‍ 
കഠിനവാക്കുകളെ ഗര്‍ഭത്തില്‍ ചുമന്നു
നൊന്തുപ്രസവിക്കാന്‍ എനിക്കിനി വയ്യ
മൂന്ന് പേറ്റുനോവറിഞ്ഞെനിക്ക് നിന്നെ
ഇങ്ങനെ കുറിക്കുവാനാണിഷ്ടം..
gangashyam

Post a Comment

1 Comments