പവിഴമല്ലി © ശാലിനി



ഈറന്‍ കാറ്റിനൊപ്പം,
ഭൂതകാലങ്ങളില്‍ നിന്നും,
അരിച്ചെത്തുന്ന പവിഴമല്ലി ഗന്ധം.
അച്ഛമ്മയുടെ
മരപ്പെട്ടിയിലടുക്കി വച്ച,
ഈര്‍ക്കില്‍ കരമുണ്ടുകള്‍ക്കുളളിലെ,
കൈതപൂ വാസന.
അച്ചാച്ഛന്റെ കരിമ്പടത്തിന്
വാസനത്തൈല ഗന്ധം.
മേല്‍ കാച്ചിലുളള ദിനങ്ങളിലെ
തുളസിയിലയിട്ട 
വെന്ത കഷായ വാട.
മൂക്കളയൊലിപ്പിച്ച പനിക്കാലങ്ങളില്‍
ചതച്ച വെളുത്തുള്ളി മണമുളള,
ശുഷ്‌കിച്ച കയ്കളുടെ സാന്ത്വനം.
ഓര്‍മകളിലെ പനിക്കോളിന്
ലാളനയുടെ പനിച്ചുവയുണ്ടാവും.
ഓര്‍മകളേ... അയവിറക്കാനാവൂ.
ഇന്നിലേക്കിറങ്ങിയാല്‍
ഗന്ധകപുകയേറ്റ് കണ്ണു നീറും.
പൊടിമണ്ണു പാറി
ഇടവഴിയിലൂടെ
വീണ്ടും
പവിഴമല്ലി പെറുക്കാന്‍
ഞാന്‍ തിരിഞ്ഞുതിരിഞ്ഞു നടക്കുന്നു....
salini

Post a Comment

2 Comments

  1. എത്ര നല്ല വരികൾ എന്റെ ശാലുവേ 🥰🥰🥰

    ReplyDelete