എടുത്തുചാടിയ കയത്തില്‍നിന്നിനി
നീന്തിക്കയറുവാനാവില്ലന്നറിഞ്ഞപ്പോഴേക്കും ഞാന്‍ മരിച്ചിരുന്നു.
ആറ്റിലെ ചെളി വെള്ളം കുടിച്ച്
പള്ളവീര്‍ത്തപ്പോള്‍ രാവിലെ
അമ്മ തന്ന ഇലയടയുടെ
സ്വാദ് തികട്ടി കേറി വന്നു.
വേഗം വരണേയെന്ന് പറഞ്ഞ അച്ഛന്‍
ഉമ്മവെച്ച കവിളില്‍
പരല്‍മീനുകള്‍ വന്നു കൊത്തി നോക്കി.
ആറ്റിന്റെ അടിത്തട്ടില്‍ നിറയെ
ചിപ്പികള്‍, കുപ്പിച്ചില്ലുകള്‍
വെള്ളാരം കല്ലുകള്‍
ചാടി ചത്തവരുടെ പ്രേതങ്ങള്‍
പാലത്തിലൂടെ ഹോണടിച്ചു
വണ്ടികള്‍ എനിക്കുമീതെ
പാഞ്ഞുപോയി.
മീന്‍ വീശാന്‍ വന്ന
വലകളിലൊന്നും ഞാന്‍
കുടുങ്ങിയില്ല.
നാലാം പക്കം വീര്‍ത്ത്
പൊങ്ങി ആകാശം
നോക്കി കിടന്നപ്പോള്‍
ഒരു വള്ളം വന്നു.
വള്ളത്തില്‍ കേറി
ഞാന്‍ വീട്ടില്‍ പോയി
പിന്നെ നിലവിളികള്‍ മാത്രം.
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ
അലര്‍ച്ച മാത്രം.
മോര്‍ച്ചറിയുടെ തണുത്ത
വരാന്തയില്‍ എന്നെ കാത്തുനിന്ന
നീര്‍വറ്റിയ നിന്റെ മുഖം
മരിച്ചിട്ടുമെനിക്ക്
നീറ്റലാണ്!
1 Comments
Good one
ReplyDelete