പ്രണയായനം | ഹരിഹരന്‍ പങ്ങാരപ്പിള്ളി

കാറ്റുപോല്‍  വന്നുപോകുമെന്നു 
പറഞ്ഞപ്പോളൊന്നും പിന്തിരിയാതെ 
പ്രണയാര്‍ദ്രമാം ഹൃദയത്താല്‍
ഞാനവളെ  ചേര്‍ത്തുപിടിച്ചിരുന്നു.

അനവധി അഗ്‌നിപരീക്ഷണങ്ങളില്‍ 
വെന്തുരികിയാവാം എന്നിലെ 
പ്രണയത്തെ കണ്ടെത്തുകയെന്നു 
അവളോടു    ആവര്‍ത്തിച്ചിരുന്നു.   

പലവുരു ഇണങ്ങിയിട്ടും പിണങ്ങിയിട്ടും 
ദിനരാത്രങ്ങള്‍ മാറിവന്നിട്ടും 
വസന്തം വസന്തത്തെയും  
ഗ്രീഷ്മം ഗ്രീഷ്മത്തെയും  സമ്മാനിച്ചിരുന്നു.

അവളില്‍ മന്ദമാരുതനായിട്ടും
കൊടുങ്കാറ്റായിട്ടും ശിവതാണ്ഡവമാടിയിട്ടും
എല്ലാം ശമിച്ചെന്നുകരുതിയവള്‍ 
അവനിലപ്പോഴും   ഒരുമാറ്റവുംകണ്ടില്ല.

എപ്പോഴും   അവന്റെ ബലിഷ്ഠമാം 
കരങ്ങളാല്‍ അവള്‍ ചുറ്റപ്പെട്ടിരുന്നു 
പ്രണയം വഴിമാറിയെന്നാശങ്കയാല്‍ 
അവള്‍  ദു:ഖാര്‍ദ്രയായിക്കൊണ്ടേയിരുന്നു. 

ഇഷ്ടമല്ല പ്രണയം സ്‌നേഹമല്ല പ്രണയം 
ബന്ധമല്ല പ്രണയം സൗഹൃദമല്ല  പ്രണയം 
അനുഭൂതികള്‍ സമ്മാനിക്കുന്ന ലോകം 
 ബന്ധനത്തിന്റെ കല്‍ത്തുറുങ്കായിരുന്നു.

എവിടുന്നു  എവിടേക്കെന്നറിയാതെ 
മനസ്സിന്റെ ഭ്രമണപഥത്തില്‍ 
അവളറിയാതെ  ധരണിപോല്‍   
അച്ചുതണ്ടിനെ ചുറ്റിക്കൊണ്ടേയിരിക്കുന്നു. 
#0802 കവിത ഹരിഹരന്‍ പങ്ങാരപ്പിള്ളി

Post a Comment

1 Comments