രക്ഷാധികാരി ഓണ്‍ലൈന്‍ - 1

'ബഹുമാന്യരേ...മറ്റൊരു സന്തോഷ വാര്‍ത്തകൂടിയുണ്ട്... നമ്മുടെ ക്ലബിന് ആലപ്പുഴ ജില്ലയിലെ നെഹ്‌റു യുവകേന്ദ്രയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു...' കരിമുളയ്ക്കല്‍ ജംഗ്ഷന് തൊട്ടുവടക്കുണ്ടായിരുന്ന നെല്‍പ്പാടം കടന്ന് ആ കോളാമ്പി ശബ്ദം ഗ്രാമമാകെ അലയടിച്ചു. ഈ സമയം സൂര്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അമരക്കാരനായ കാറ്റാടിയെന്ന രതീഷ് മന്ദസ്മിതത്തോടെ ഓണാഘോഷപരിപാടികള്‍ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. രതീഷ്‌കാറ്റാടിയെപ്പോലുള്ള ധാരാളം പേരുണ്ട് നമ്മുടെ ഓരോ ഗ്രാമങ്ങളിലും, ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ അമരക്കാരായിരുന്നിട്ടുള്ളവര്‍. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് 'രക്ഷാധികാരി ഓണ്‍ലൈന്‍' എന്ന ഈ പംക്തി.

അര്‍പ്പണബോധമുള്ള വ്യക്തിത്വമെന്ന് ചെറുപ്രായത്തില്‍ തന്നെ തെളിയിച്ച രതീഷ് എന്ന കരിമുളയ്ക്കല്‍ സ്വദേശിയെ പരിചയപ്പെടുത്തി പംക്തി ആരംഭിക്കുന്നു. ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ ചുനക്കര പഞ്ചായത്തിലെ സൂര്യാ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലൂടെയാണ് രതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ നാടിനുപകാരമായി മാറുന്നത്. തന്റെ ചെറുപ്പ കാലം തൊട്ട് പൊതുപ്രവര്‍ത്തന രംഗത്ത് വളരെ എളിമയോടും സ്‌നേഹത്തോടും കൂടി സഹജീവികളുടെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു കരിമുളയ്ക്കല്‍കാരന്‍.

പതിനാറാമത്തെ വയസില്‍ കരിമുളയ്ക്കല്‍ സൂര്യ ക്ലബ്ബില്‍ അംഗത്വം എടുത്തു പ്രവര്‍ത്തനം തുടങ്ങി, അന്ന് മുതല്‍ വിവിധ പ്രോഗ്രാമിനെ പറ്റി പഠിക്കുകയും പതിനെട്ടുവയസില്‍ ക്ലബ് സെക്രട്ടറി ആകുകയും ചെയ്തു, തുടര്‍ന്ന് അങ്ങോട്ട് വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു തന്റെ കഴിവ് തെളിയിച്ചു, അന്യം നിന്നുപോയിരുന്ന നാടന്‍പാട്ട് മത്സരം നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. മാതൃഭൂമി പത്രപ്രവര്‍ത്തക ക്യാമ്പയിനില്‍ പങ്കെടുത്തു. നെഹ്റു യുവകേന്ദ്രയുടെ നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ പോകുകയും ചെയ്തു. പത്തൊമ്പതാമത്തെ വയസില്‍ നെഹ്‌റു യുവകേന്ദ്രയുടെ, ജില്ലയിലെ ഏറ്റവും മികച്ച സോഷ്യല്‍വര്‍ക്കര്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. 

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ കണ്ടുമുട്ടിയ വിവിധ കലാകാരന്‍മാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം ഉപദേശം മാനിച്ചു ജോലി സംബന്ധമായി വിദേശത്ത് പോകേണ്ടി വന്നു, തന്‍ മൂലം പതിനഞ്ച് വര്‍ഷത്തോളം സംഘടന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വീണ്ടും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുകയും, തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക ആണ് ഇപ്പോള്‍. 

 തന്റ കൂടെ പ്ലസ്ടുവിന് പഠിച്ച സഹപാഠികളെ ഇരുപതുവര്‍ഷത്തിന് ശേഷം ഒരു വാട്‌സ്ആപ്പ് കൂട്ടാഴ്മ ഒരുക്കുകയും അതില്‍ കൂടി തങ്ങളെ പ്ലസ്ടുവിന് പഠിപ്പിച്ച അദ്ധ്യാപകരെ ആദരിക്കുകയും ആളുകള്‍ക്കു സാമ്പത്തികമായും സാമൂഹികമായും നിരവധി സഹായങ്ങള്‍ നല്കുകയും ചെയ്തു. അതോടൊപ്പം തന്റെ പഴയ തറവാട് ആയ സൂര്യ ക്ലബ്ബിനൊപ്പം നിന്ന് എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും,തങ്ങളുടെ നാട്ടുകാരായ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുകയും ചെയ്തു. 

അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്തദാനം ചെയ്യുവാന്‍ മുന്നിട്ടിറങ്ങുന്ന രതീഷ് കാറ്റാടി തന്റെ ജീവിതം സമൂഹത്തിനായി മാറ്റിവെച്ചിരിക്കുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എല്ലാത്തിനും ഒടുവില്‍ ലാഭേച്ഛകള്‍ ആഗ്രഹിക്കാതെ സൗമ്യമായ ഒരു പുഞ്ചിരിയാണ് രതീഷ് എല്ലാവര്‍ക്കും കൈമാറാറുള്ളത്.
© RK 1001

Post a Comment

0 Comments