പുണ്യ ദേഹങ്ങളില്‍ പുഴുക്കള്‍ മേയുന്നു
ചത്ത കോഴിയെ ഊതിപ്പറപ്പിക്കുന്നോന്‍
സൂര്യനു കീഴിലെയാധിയൊക്കെയും
മന്ത്രിച്ച് തുപ്പി ഉഴിഞ്ഞെടുക്കുന്നവന്‍
കോഴിമുട്ടയില്‍ ഇസ്‌മെഴുതി
പിഞ്ഞാണക്കോപ്പയില്‍ അറബിമഷിയിട്ട്
അശരണരുടെ കണ്ണീരില്‍ കനകം കൊണ്ടോന്‍
ചുവപ്പ് രാശി കല്‍പ്പിച്ച നാള്‍ തൊട്ട്
മാളത്തിലൊളിച്ച് മിണ്ടാട്ടമറ്റാണ്ട് പോവുന്നു.
ചേട്ടയെ, ച്ചെകുത്താനെ ചൊല്‍പ്പടിയിലാക്കി
കെട്ട കൊമ്പൊടിച്ച് കാഞ്ഞിരത്തില്‍ തളച്ച്
കളം വരച്ച് ഉറഞ്ഞ് തുള്ളി സ്വയം നാഥനായോന്‍
വെള്ളരിയില്‍ മുള്ളാണിതിരുകി, വെറ്റിലത്തൂമ്പില്‍
തിരുനൂറു പുരട്ടി, തിലകം ചാര്‍ത്തിയോന്‍
പൂട്ടിട്ട നാള്‍ തൊട്ട് പുരയകം പൂണ്ട് പുത്തരിയും
പുണ്യാഹവുമില്ലാതെ ചൊറികുത്തിയിരിക്കുന്നു
ദിവ്യബലിയില്‍ സാത്താനെയലിയിച്ച്
അല്‍ത്താരയ്ക്കുമുന്നില്‍ അവതാരവേഷം ധരിച്ച്
കുഞ്ഞാടുകള്‍ക്കൊക്കെ കുമ്പസാരക്കൂടൊരുക്കി
അഞ്ചപ്പംകൊണ്ടൂട്ടിയതും കടല്‍ പിളര്‍ത്തിയതും
വെഞ്ചെരിപ്പിനു, കൂദാശയ്ക്ക്, കുരിശുനാട്ടിനു
ബലം കൊണ്ടോനെന്ന് മേനി നടിച്ചവന്‍
കതകിനു പിറകിലൊരു രേഖ കൊത്തിയതില്‍പ്പിന്നെ
ഉടുപ്പഴിച്ചുത്തരത്തിലിട്ട് അവലോസുരുട്ടുന്നു
കൊണ്ട കോലങ്ങളില്‍ കുതുകമില്ലൊട്ടുമേ
ഇക്കണ്ട ദുര്‍വൃത്താന്തമൊക്കെയുമാടുമിനി മേലിലും
പാപിയെന്ന് മുദ്രകുത്തി പരന്റെയൊക്കെയും
പിഴിഞ്ഞെടുത്ത് പൊന്നറയിലാളുന്ന കാലമാകവേ
തളച്ചത് താനാണു മഹാമാരിയെയെന്ന് ഞെളിയുകില്‍
നാക്കു വലിച്ചെടുത്ത് ചുഴറ്റിയെറിയുമിത് കട്ടായം
മസ്തിഷ്‌കം പുഴുതിന്നാത്ത യുവതയൊന്നിനെ കാക്കുക.
----------------------------------
മമ്പാടന്‍ മുജീബ്
0 Comments