കുഴിമാടം നോക്കി
ഭൂമിയുടെ അവകാശികള്‍
ഉറക്കെ വായിക്കാം.
ഈ ഭൂമിയിലെ
സകലചരാചരങ്ങളും
ഭൂമിയുടെ അവകാശികള്‍
എന്നെഴുതി പച്ചമരത്തില്‍ തൂക്കണം.
അടിക്കാടുവെട്ടി
കുടില്‍ കെട്ടി
അന്തിയുറങ്ങിയവരെ
വെടിവെച്ചിട്ട
ചോരപ്പാടു നോക്കി
ഉച്ചഭാഷിണി നഗരത്തിലേക്ക്
തിരിച്ചു വെച്ച്
കുറത്തി ഉച്ചത്തില്‍ ചൊല്ലണം.
വരണ്ട പാടത്തെ
പൊരിവെയിലു
കുത്തിയൊലിച്ച ദേഹങ്ങള്‍
കയറില്‍ തൂങ്ങിയാടുമ്പോള്‍
ചേറുപറ്റിയ കാലുനോക്കി
ഒരു കര്‍ഷകന്റെ ആത്മഹത്യ കുറിപ്പ്
ഉറക്കയുറക്കെ ചൊല്ലി പറയണം.
കാടിന്റെ നടുവിലൂടെ
ചെറുവഴി വെട്ടി
നടക്കാന്‍ കഴിയാത്തവരെ
നോക്കി
വഴി നടന്നവരുടെ
സ്വാതന്ത്ര്യഗാഥകള്‍
നീട്ടിപറയണം.
വര്‍ത്തമാനത്തില്‍
ഒച്ചകളെല്ലാം അടച്ചു
പൂട്ടുന്ന നേരത്ത്,
നാവെരിയുന്ന കാലത്ത്,
വാക്കും വരികളും
മരിക്കാത്ത ഓര്‍മ്മപ്പെടുത്തലുകളാകുന്നു
ചങ്ങലക്കിടാന്‍ കഴിയാത്ത
സമരങ്ങളാകുന്നു !
.........................................................................
© ajesh p


0 Comments