krishnakumar-mapranam-e-delam-online-malayalam-kavitha-poem


അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും 

രാവും പകലും ഒച്ചവച്ച
ഇടങ്ങളിലെല്ലാം മൂകത പരക്കും

പൊടുന്നനെയുണ്ടായ അനക്കമില്ലായ്മ
എല്ലാവരും തിരിച്ചറിയും 

ഒരു ഒച്ച പെട്ടെന്നങ്ങു 
നിലച്ചു പോകുമ്പോഴാണല്ലോ 
നിശബ്ദതയുടെ ആഴമറിയുന്നത് 

ഒരു കുട്ടി അച്ഛനിപ്പോളെത്തുമെന്നോര്‍ത്ത്
പടിക്കലേയ്ക്കും നോക്കി 
എത്രനേരം ഇരുന്നിട്ടുണ്ടാവും
അച്ഛനില്ലാത്ത പിന്നീടുള്ള
എത്ര രാപകലുകളില്‍
ദുഃസ്വപ്നങ്ങളാല്‍
കരഞ്ഞിട്ടുണ്ടാവും


അത്താഴത്തിനു രണ്ടാമതൊന്നുണ്ടാക്കാന്‍ 
ഒന്നുമില്ലെന്നറിഞ്ഞ്
ദേഷ്യത്താല്‍ മുരണ്ട് 
സഞ്ചിയും തൂക്കി പോയപ്പോള്‍
എപ്പോഴും ഒച്ചയും വഴക്കുമെന്ന്
മനസ്സില്‍ ചീത്ത വിളിച്ച
അകത്തുള്ളവള്‍ 
നേരമെത്രയായിട്ടും കാണാതാകുമ്പോള്‍
ഉള്ളുപിടഞ്ഞ്
ഉമ്മറതിണ്ണയിലെത്ര നേരം 
ഇരുന്നിട്ടുണ്ടാവും

അടക്കിപിടിച്ച ഒരു വിതുമ്പല്‍ 
എത്ര വേഗം
നിലവിളിയായി മാറുന്നുണ്ടാവും

ഇന്നൊന്നും അങ്ങേവീട്ടില്‍ 
ഒരു ഒച്ചയുമില്ലല്ലോ 
എന്ന് കാതോര്‍ത്ത് 
അയല്‍ക്കാര്‍ തമ്മില്‍ അപ്പോഴും
കുശുകുശുക്കുന്നുണ്ടാവും
അത്ര നേരം വരെ വേലിയ്ക്കലും വഴിയിലും നിന്നവരെ
ആ കരച്ചില്‍ 
വീട്ടിലെത്തിയ്ക്കുന്നുണ്ടാവും

ചിലരുടെ ആര്‍ത്തിപിടിച്ച നോട്ടങ്ങള്‍
അവിടെചുറ്റിത്തിരിയുന്നുണ്ടാവും
ചിലരുടെ രഹസ്യ വര്‍ത്തമാനങ്ങളില്‍
കുറ്റപ്പെടുത്തലുകളുടെ ആണികള്‍ തറച്ചു കേറുന്നുണ്ടാവും

പലപല സന്ദര്‍ഭങ്ങളില്‍ 
ഓരോയിടങ്ങളിലും 
ഉണ്ടാക്കിയെടുത്ത ഒരു ഒച്ച 
വേഗം തന്നെ അമര്‍ന്നു പോയത് 
നന്നായെന്ന് 
പലയാളുകളുടേയും 
അസൂയപൂണ്ട അടക്കം പറച്ചിലുകള്‍ 
അവിടവിടെയൊക്കെ കേള്‍ക്കുന്നുണ്ടാവും

അങ്ങിനെയൊരുനാള്‍ 
നോക്കി നോക്കിയിരിക്കെ
പെട്ടെന്നങ്ങു കാണാതാവുമ്പോള്‍
വിരലിലെണ്ണാവുന്നവര്‍ മാത്രം പറയുന്നുണ്ടാകും
വല്ലാത്തൊരു മൂകത
ഇത്രനാളും
എന്തൊരു ഒച്ചയും അനക്കവുമുള്ള 
വീടായിരുന്നു അത്. 
© krishnakumar mapranam