ഓര്‍മ്മത്തുരുത്ത് | കഥ | പ്രസാദ് ശ്രീധര്‍

Story-ormathuruth-prasad-sreedhar-e-delam-online


'ജീവിതമൊത്തിരി പാടാണെന്നു തോന്നുമ്പോള്‍ ആ ഒറ്റത്തുരുത്തിലേക്കൊരു യാത്ര പോകും...നനഞ്ഞും രസിച്ചും കുളിര്‍ത്തും
പിന്നെല്ലാം 'Perfect...ok '
-----------------------------------------------------

പണ്ടുതൊട്ടേ മുതുകാട്ടുകര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തൃപ്പൂണിത്തറ അരവിന്ദാക്ഷമേനോന്റെ ബാലെയായിരുന്നു സ്ഥിരമായി അരങ്ങേറിയിരുന്നത്.
കണ്ട് എണ്ണീയ്ക്കുന്നത് അങ്കത്തിനു തയ്യാറയ അര്‍ജുനനായിട്ടോ, അഭിമന്യു ആയിട്ടോ,  ഭീഷ്മരായിട്ടോ ഒക്കെയാവും.

അന്നുത്സവം കഴിഞ്ഞ് അടുത്ത ദിവസം ഞങ്ങളുടെ തട്ടിലും
അരങ്ങേറിയത്  ബാലെയായിരുന്നു. മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭവബഹുലമായ ഒരേട്.

കുട്ടനും, അനിയനും രാജുവും, വേണുവും, സുരേഷുമൊക്കെ അഭിനേതാക്കള്‍  -  കഥ, തിരക്കഥ, സംഭാഷണം സംവിധാനം  ബാലചന്ദ്രമേനോനല്ല, അരവിന്ദാക്ഷമേനോനുമല്ല, മേനോനല്ലാത്ത ഈ ഞാന്‍.

സ്റ്റേജിനുപുറകില്‍ പൗഡറിട്ട് കരികൊണ്ട് മീശയുമൊക്കെ വരച്ച്, വാളും പരിചയുമായി അര്‍ജ്ജുനനും യുധിഷ്ഠിരനും നിലയുറപ്പിച്ചു.
ഓലമടല് കീറിയ വാളുകള്‍, 
പരിചകളാകട്ടെ കുട്ടന്റെയമ്മയുടെ ചായക്കടയിലെ ഇഡ്ഡലിത്തട്ടുകള്‍.  മുഴുത്ത വെള്ളയ്ക്ക ചീനിക്കമ്പില്‍ കുത്തിയിറക്കിയ ഗഥയും പിടിച്ച് ഭീമനും ഒരങ്കത്തിന് തയ്യാറായിനിന്നു..  മടല്‍പ്പൊളിച്ചുരികയുമായി ദുര്യേധനനും നിലകൊണ്ടു. കൗരവപക്ഷത്ത് ആളുകള്‍ കുറവായിരുന്നു. ദുര്യോധനനെ തന്നെ ഒപ്പിച്ചത് കാലുപിടിച്ചിട്ടാണ്, പിന്നെല്ലെ ദുശ്ശാസനന്‍, 
എന്നാലപ്പോഴും നകുലനും, സഹദേവനും വാളിനും ഗഥക്കുമായി അടുത്തുള്ള തെങ്ങിന്‍ ചുവടുകള്‍ തോറും അലയുകയായിരുന്നു.
     
ചുവന്നപട്ട് കൂട്ടിത്തയ്ച്ച് കര്‍ട്ടനുണ്ടാക്കിയത് സുരേഷ്, സ്റ്റേജിന് മുകളിലിടാന്‍  ഉണക്കോലകള്‍ തന്നത് കൂട്ടന്റെയമ്മ ഓമനയമ്മ,
സൈഡിലേയും ബാക്കിലേയും കര്‍ട്ടന് സാരികള്‍ തന്നു പ്രോത്സാഹിപ്പിച്ചത്
കലാ സ്‌നേഹികളും അഭ്യൂദയകാംഷികളുമായ കുട്ടന്റെ സഹോദരിമാര്‍. 
  
കാഴ്ചക്കാരായി താഴെ പറപ്പട്ടിക്കുളത്തില്‍ കുളിയ്ക്കാന്‍ വന്ന രണ്ട് വല്യമ്മമാരും കുട്ടന്റെ സഹോദരിമാരും രണ്ടുമൂന്ന് ഞൗക്കപിള്ളാരും.
വിശിഷ്ട അതിഥിയായെത്തിയതോ, കുടിയന്‍ സോമന്‍ ചേട്ടന്‍. 'ആരിവിടെ,  വരട്ടെ രണ്ടു നര്‍ത്തകികള്‍ 'എന്ന് ഇടയ്ക്കിടിയ്ക്ക്  പുള്ളി ആജ്ഞാപിക്കും.
അതുകേള്‍ക്കുമ്പോള്‍ അടുക്കളേല്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കുട്ടന്റമ്മയ്ക്ക് ചൊറിഞ്ഞു കേറും.. '
ഒരുവേള' പൊന്നമ്മ അവിടുണ്ടെടാ.. നീ അങ്ങോട്ട് ചെല്ലെടാന്നും ' പറഞ്ഞ് പടിഞ്ഞാറോട്ട്  കൈ ചൂണ്ടിക്കൊണ്ട്  തുടുപ്പുമായവര്‍ ഇറങ്ങിവരുകയും ചെയ്തു.
ഒടുവില്‍ രംഗം ശാന്തമാക്കാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനിടപെടേണ്ടിവന്നു.

രംഗപൂജയ്ക്കും അനൗണ്‍സുമെന്റിനും ശേഷം കര്‍ട്ടനുയര്‍ന്നു. ബാലെ ആരംഭിച്ചു. ദിവ്യ പ്രഭയോട് ശ്രീകൃഷ്ണ ഭഗവാന്‍ പ്രത്യക്ഷപ്പെടേണ്ട സമയം. ഓലപ്പടക്കങ്ങളഴിച്ച് പേപ്പറില്‍ ശേഖരിച്ചിരുന്ന വെടിമരുന്നിന് കൃത്യസമയത്ത് തന്നെ സുരേഷ് തീകൊടുത്തു. വലിയൊരു പ്രകാശഗോളം മുകളിലോട്ടു പോയി.  കണ്ണിലിരുട്ടുമുടി. സാരികളും കത്തി... കര്‍ട്ടനും കത്തി... മുകളിലെ ഉണക്കോലയിലേക്കും തീ പടര്‍ന്നുപിടിച്ചു. കാണികളും അഭിനേതാക്കളും ഓടിയെടത്ത് പുല്ലുംപൂടയുമില്ല.  സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനായ ഈയുള്ളവന്‍ പറപ്പട്ടിക്കുളത്തിന്റെ അഗാധതയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ മുകളിലേക്കുയര്‍ന്നു വന്നു ശ്വാസമെടുത്തു വീണ്ടുംമുങ്ങി ..  അതങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു...

തലയ്ക്ക് പിടിച്ച മദ്യത്തിന്റെ ധൈര്യത്തില്‍ സോമന്‍ ചേട്ടനും
അയല്‍വാസികളായ പെണ്ണുങ്ങളും  ഫയര്‍ഫോഴ്‌സുകാരെപ്പോലെ ഉണര്‍ന്നു പ്രവൃത്തിച്ചതിനാല്‍ അത്യാഹിതങ്ങളൊന്നുമുണ്ടായില്ലെങ്കിലും, പിന്നീട് ആ ഭാഗത്തൊരു കലാപ്രകടനം കാഴ്ച വെക്കാന്‍ ഞങ്ങള്‍ക്കവസരം ലഭിച്ചിട്ടില്ലെന്നുള്ളത് ദുഖ:സത്യം. 

'നര്‍മ്മവും ചിരിയും മാനസിക സംഘര്‍ഷങ്ങളകറ്റുവാനുള്ള ഒറ്റമൂലികളാണ്.. സ്വന്തം വീഴ്ചകളേയും വിഢിത്തങ്ങളേയും നര്‍മ്മഭാവത്തോട് വീക്ഷിക്കുക. വൈകാരിക വിക്ഷോഭങ്ങളില്‍ നിന്നും ആശ്വാസം നേടാന്‍ അത് നമ്മളെ ഒത്തിരി സഹായിക്കും...'
© prasad sreedhar

Post a Comment

1 Comments

  1. വളരെ നന്നായിട്ടുണ്ട്

    ReplyDelete