അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെപൊടുന്നനെയങ്ങു കാണാതാവും
രാവും പകലും ഒച്ചവച്ച
ഇടങ്ങളിലെല്ലാം മൂകത പരക്കും
പൊടുന്നനെയുണ്ടായ അനക്കമില്ലായ്മ
എല്ലാവരും തിരിച്ചറിയും
ഒരു ഒച്ച പെട്ടെന്നങ്ങു
നിലച്ചു പോകുമ്പോഴാണല്ലോ
നിശബ്ദതയുടെ ആഴമറിയുന്നത്
ഒരു കുട്ടി അച്ഛനിപ്പോളെത്തുമെന്നോര്‍ത്ത്
പടിക്കലേയ്ക്കും നോക്കി
എത്രനേരം ഇരുന്നിട്ടുണ്ടാവും
അച്ഛനില്ലാത്ത പിന്നീടുള്ള
എത്ര രാപകലുകളില്‍
ദുഃസ്വപ്നങ്ങളാല്‍
കരഞ്ഞിട്ടുണ്ടാവും
അത്താഴത്തിനു രണ്ടാമതൊന്നുണ്ടാക്കാന്‍
ഒന്നുമില്ലെന്നറിഞ്ഞ്
ദേഷ്യത്താല്‍ മുരണ്ട്
സഞ്ചിയും തൂക്കി പോയപ്പോള്‍
എപ്പോഴും ഒച്ചയും വഴക്കുമെന്ന്
മനസ്സില്‍ ചീത്ത വിളിച്ച
അകത്തുള്ളവള്‍
നേരമെത്രയായിട്ടും കാണാതാകുമ്പോള്‍
ഉള്ളുപിടഞ്ഞ്
ഉമ്മറതിണ്ണയിലെത്ര നേരം
ഇരുന്നിട്ടുണ്ടാവും
അടക്കിപിടിച്ച ഒരു വിതുമ്പല്‍
എത്ര വേഗം
നിലവിളിയായി മാറുന്നുണ്ടാവും
ഇന്നൊന്നും അങ്ങേവീട്ടില്‍
ഒരു ഒച്ചയുമില്ലല്ലോ
എന്ന് കാതോര്‍ത്ത്
അയല്‍ക്കാര്‍ തമ്മില്‍ അപ്പോഴും
കുശുകുശുക്കുന്നുണ്ടാവും
അത്ര നേരം വരെ വേലിയ്ക്കലും വഴിയിലും നിന്നവരെ
ആ കരച്ചില്‍
വീട്ടിലെത്തിയ്ക്കുന്നുണ്ടാവും
ചിലരുടെ ആര്‍ത്തിപിടിച്ച നോട്ടങ്ങള്‍
അവിടെചുറ്റിത്തിരിയുന്നുണ്ടാവും
ചിലരുടെ രഹസ്യ വര്‍ത്തമാനങ്ങളില്‍
കുറ്റപ്പെടുത്തലുകളുടെ ആണികള്‍ തറച്ചു കേറുന്നുണ്ടാവും
പലപല സന്ദര്‍ഭങ്ങളില്‍
ഓരോയിടങ്ങളിലും
ഉണ്ടാക്കിയെടുത്ത ഒരു ഒച്ച
വേഗം തന്നെ അമര്‍ന്നു പോയത്
നന്നായെന്ന്
പലയാളുകളുടേയും
അസൂയപൂണ്ട അടക്കം പറച്ചിലുകള്‍
അവിടവിടെയൊക്കെ കേള്‍ക്കുന്നുണ്ടാവും
അങ്ങിനെയൊരുനാള്‍
നോക്കി നോക്കിയിരിക്കെ
പെട്ടെന്നങ്ങു കാണാതാവുമ്പോള്‍
വിരലിലെണ്ണാവുന്നവര്‍ മാത്രം പറയുന്നുണ്ടാകും
വല്ലാത്തൊരു മൂകത
ഇത്രനാളും
എന്തൊരു ഒച്ചയും അനക്കവുമുള്ള
വീടായിരുന്നു അത്.
© krishnakumar mapranam
3 Comments
വളരെ നല്ല കവിത ഒരു നോവ് മനസ്സിൽ അവശേഷിപ്പിക്കുന്നു. അഭിനന്ദനങ്ങൾ
ReplyDeleteവായനയ്ക്കും പ്രതികരണത്തിനും സന്തോഷം നന്ദി
Deleteവളരെ നല്ല കവിത... നന്നായി അവതരിപ്പിച്ചു... ഒരു ചെറു നോവ് മനസ്സിൽ നിറച്ചു
ReplyDelete