ഒറ്റവാക്കില്‍ ഗംഭീരം. കഥാപാത്രങ്ങള്‍ ഒന്നിനൊന്നു മെച്ചം. കാസ്റ്റിംഗ് പെര്‍ഫെക്റ്റ്. കഥ അനുയോജ്യം, കാലികം, അര്‍ത്ഥപൂര്‍ണ്ണം.
ഇന്ദ്രന്‍സ് എന്ന നടന്റെ നടന വൈഭവം അറിഞ്ഞു നല്കിയ കഥാപാത്രം, ഒലിവര്‍ ട്വിസ്റ്റ്. കിറുകൃത്യമായി ആദ്യം മുതല്‍ അവസാനം വരെ കഥാപാത്രത്തെ അളന്നു മുറിച്ചു ജീവിച്ചു കാണിച്ചു തന്നു ആ മഹാനടന്.
എല്ലാ വിഭവങ്ങളോടെ സ്വാദിഷ്ഠമായ ഒരു ഓണസദ്യ ഉണ്ട പ്രതീതി. നാമെന്താണോ ആഗ്രഹിക്കുന്നത് അതിനപ്പുറം ആയിരുന്നു ഓരോ ഷോട്ടും. സാഹചര്യത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളുടെ വികാരങ്ങളും വിക്ഷോഭങ്ങളും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര കണിശമായിരുന്നു.
ഏതു കോണില്‍ നിന്നു നോക്കിയാലും കഥയും സംഭാഷണവും സംവിധാനവും കലയും, ഗാനവും രംഗങ്ങളും ക്യാമറയും എന്ന് വേണ്ട എല്ലാം സുന്ദരം സുരഭിലം. ഓരോ ചലനങ്ങളും സംഭാഷണവും ആശയസമ്പുഷ്ടവും കുറിക്കു കൊള്ളുന്നതുമാണെന്ന് പറയാതെ വയ്യ.
കഥാപാത്രങ്ങളുടെ നാമകരണവും കഥയുടെ പേരും, ട്വിസ്റ്റും ഫിലിം തുടങ്ങുമ്പോഴും ഇടവേളയിലും പ്രേക്ഷകനോട് പറഞ്ഞതും നന്നേ ഇഷ്ടപ്പെട്ടു. തിലകന് എന്ന മഹാനടനെ ഓര്‍മ്മിപ്പിച്ച ഒലിവര്‍ ട്വിസ്റ്റിന്റെ അപ്പാപ്പനും കുട്ടിയമ്മയും മക്കളും തുടങ്ങി എല്ലാം ഗംഭീരമാക്കി. മഞ്ജു പിള്ളയുടെ രൂപമാറ്റം എന്തിനായിരുന്നെന്നു മനസ്സിലായില്ല. ഒരുപക്ഷെ ഒരു റിയാലിറ്റി ഫീല്‍ ഉണ്ടാക്കാനായിരുന്നോ.വളരെ മുന്നേ ജഗദീഷിന്റെ കൂടെയും പിന്നീട് 'തട്ടിയും മുട്ടിയും' എന്ന പരമ്പരയിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ മികച്ച നടി, മഞ്ജുവിന്റെ കൈകളില്‍ കുട്ടിയമ്മ ഭദ്രം. കഥയുടെ നട്ടെല്ലായി നിലകൊണ്ട കുട്ടിയമ്മ മികച്ച നിലവാരം പുലര്‍ത്തി.
ഓരോരുത്തരും തങ്ങളുടെ വേഷങ്ങള്‍ ആഴത്തിലും തന്മയത്വത്തോടെയും ചെയ്തതായി അനുഭവപ്പെട്ടു.
മാദക സൗന്ദര്യമില്ലാതെ, വൃത്തികേടില്ലാതെ അസഭ്യങ്ങളില്ലാതെ മദ്യമോ പുകവലിയോ സ്റ്റണ്ടോ ഒന്നുമില്ലാതെ, എന്നാല്‍ അര്‍ത്ഥ പൂര്‍ണമായ നീക്കങ്ങളിലൂടെ, പ്രേക്ഷകനെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിച്ച ഹോം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗൃഹാതുരത്ത്വത്തിന്റെ ഈട്ടില്ലമായി മഴയുടെ പശ്ചാത്തലത്തില്‍ മനോഹരമായി വരച്ചിട്ടു.
ഒട്ടും ശങ്കയില്ലാതെ കുടുംബസമേതം ഇരുന്നു കാണാം, #ഹോം എന്ന ആശയ സമ്പുഷ്ട്ടമായ ഈ അത്യഗ്രന്‍ സിനിമ. ഇങ്ങനെയും സിനിമ ഉണ്ടാക്കാമെന്നു ചിലരെ ഓര്‍മ്മിപ്പിക്കുന്ന പടം.
ചലച്ചിത്രം എന്നതിന്റെ പൂര്‍ണത ഇവിടെ കണ്ടു. ഇതാവണം സംവിധാനം. ഇങ്ങനെ ആവണം കഥപറയല്‍. കുടുംബാന്തരീക്ഷം, മോഹിപ്പിക്കുന്ന വീട്, പൂന്തോട്ടം, കൃഷി, പഴമ പുതുമ എല്ലാം സംയോജിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്. ചിരിക്കാനും ചിന്തിക്കാനും അതിലുപരി തിരിച്ചറിവിന്റെ ഇടങ്ങളും ധാരാളമായി ഉള്‍ക്കൊള്ളിച്ച കാമ്പുള്ള സിനിമ. നമ്മളും നമ്മുടെയിടയിലെ ഓരോരുത്തരും എന്നും നേരിടുന്ന സാഹചര്യങ്ങളും സംഭാഷണവും ചിരിക്കു വക നല്കുന്നു.
ഒരുപാട് അച്ഛന്മാരെ പ്രതിനിധീകരിച്ച് ഒലിവരും എത്രയോ അമ്മമാരുടെ മനസ്സുമായി കുട്ടിയമ്മയും മനസ്സില്‍ മായാതെ കിടക്കുന്നു. പരസ്പരം മനസ്സിലാക്കാനും മക്കളെ വകതിരിവ് പഠിപ്പിക്കാനും നമ്മളായിരങ്ങളുടെ നാവായി കൂടി ഈ സിനിമ മാറിയിരിക്കുന്നു. തിരിച്ചു മാതാപിതാക്കള്‍ക്ക് മക്കളെ മനസ്സിലാക്കിക്കാനും ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം. സിനിമാ മേഖലക്കും സമൂഹത്തിനും മുതല്‍ കൂട്ട് തന്നെയാണിത്.
ചലച്ചിത്ര മേഖലയില്‍ മലയാള സിനിമ വേറെ ലെവല്‍ തന്നെ എന്ന് വീണ്ടും തെളിയിച്ചു. കഥകാരന് എല്ലാ ആശംസകളും നേരുന്നു.
--------------------------------
© suma satheesh
4 Comments
ഹായ് , സുമ സതീഷ് . വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ ഈ റിവ്യൂ .. ഞാനും കണ്ടു ഈ സിനിമ. എനിക്ക് തോന്നുന്നു നിങ്ങൾ പറഞ്ഞത് തന്നെയാണ് എനിക്കും ഈ സിനിമയെ കുറിച്ച്. എന്തായാലും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. വീണ്ടും പ്രതീക്ഷിക്കുന്നു പുതിയ സിനിമയുടെ റിവ്യൂ യും ആയി..
ReplyDeleteThank you Prem
ReplyDeleteസുമ, റിവ്യൂ വായിച്ചു. നന്നായിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ന്തന്നെ കാണണം എന്ന് നിശ്ചയിച്ചു. അഭിനന്ദനങ്ങൾ.
ReplyDelete🥰👍🙏
ReplyDelete